കോസ്മിക് സ്പേസ് ആർട്ട് പ്രദർശനവുമായി കതാറ
text_fieldsദോഹ: ബഹിരാകാശ രഹസ്യങ്ങളുടെ ഉള്ളറകളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി കോസ്മിക് സ്പേസ് ആർട്ട് പ്രദർശനവുമായി കതാറ. മാപ്സ് ഇന്റർനാഷനലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കതാറ സ്പേസ് സയൻസ് പ്രോഗ്രാമിന്റെ നാലാം പതിപ്പിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ നീണ്ടുനിൽക്കുന്നതാണ് കോസ്മിക് സ്പേസ് ആർട്ട് പ്രദർശനം.
ബഹിരാകാശ ശാസ്ത്രം പഠിപ്പിക്കുന്നതിനും ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മുൻനിര സംരംഭമാണ് കതാറയുടെ ബഹിരാകാശ ശാസ്ത്ര പരിപാടി. വിദ്യാർഥികൾ, ഗവേഷകർ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടിയാണ് കതാറ സ്പേസ് സയൻസ് പ്രോഗ്രാം (കെ.എസ്.എസ്.പി).
സന്ദർശകർക്ക് ബഹിരാകാശ മേഖലയിലെ പ്രമുഖരായ ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും ഏജൻസികളുമായും സംവദിക്കാനുള്ള അവസരമൊരുക്കും. ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളോടുകൂടി സ്ഥാപിച്ച കതാറയിലെ തുറായ പ്ലാനറ്റേറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ദിവസവും രാവിലെ പത്തുമുതൽ രാത്രി പത്തുവരെ പ്രദർശനം തുടരും. സിദ്ധാന്തങ്ങൾക്കപ്പുറം, സന്ദർശകർക്ക് പ്രായോഗിക അനുഭവം കൂടി പകർന്നു നൽകുന്നതാണ് കതാറ ബഹിരാകാശ ശാസ്ത്ര പരിപാടി. ദൂരദർശിനി ഉപയോഗിച്ച് നക്ഷത്രങ്ങളെ നിരീക്ഷിക്കാനുമുള്ള അവസരവും പങ്കെടുക്കുന്നവർക്ക് സംഘാടകർ വാഗ്ദാനം നൽകുന്നു.
നാസ ശാസ്ത്രജ്ഞൻ ഇസാം ഹെഗി, ഐ.എസ്.ആർ.ഒയിൽനിന്നുള്ള കെ. രാമചന്ദ്രൻ, ലളിത രാമചന്ദ്രൻ എന്നിവർ 24,25,26 ദിവസങ്ങളിലെ സയൻസ് പ്രോഗ്രാമിൽ സംസാരിക്കും. കെ.എസ്.എസ്.പിയുടെ മൂന്നാം പതിപ്പിൽ ശാസ്ത്ര കുതുകികളും ബിരുദ വിദ്യാർഥികളും പൊതുജനങ്ങളുമായി നൂറുകണക്കിനാളുകളാണ് എത്തിയത്. നിരവധി സ്കൂളുകളും പരിപാടിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.