ജൈവവൈവിധ്യ ജനിതക പഠനകേന്ദ്രം ആരംഭിച്ച് കതാറ
text_fieldsദോഹ: ബയോഡൈവേഴ്സിറ്റി ജീനോംസ് പ്രോഗ്രാമിന്റെ രൂപവത്കരണം പ്രഖ്യാപിച്ച് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനായ കതാറ. പ്രാദേശികാടിസ്ഥാനത്തിലും മേഖല-അന്തർദേശീയതലത്തിലും ഫാൽക്കൺ പൈതൃകത്തിന്റെ പ്രയോജനത്തിനായി അൽ ഖന്നാസ് സൊസൈറ്റിക്ക് കീഴിൽ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ബയോഡൈവേഴ്സിറ്റി ജീനോംസ് പ്രോഗ്രാം.
കതാറക്ക് കീഴിലെ ജൈവവൈവിധ്യ ജനിതക പഠനകേന്ദ്രം ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണെന്നും ഖത്തർ ഫാൽക്കൺ ജീനോം പ്രോജക്ട് സംവിധാനങ്ങളും അതിന്റെ ഫലങ്ങളും അടിസ്ഥാനമാക്കി പ്രത്യേക ജൈവവൈവിധ്യ ജനിതക പഠനകേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും കതാറ ജനറൽ മാനേജറും ബയോഡൈവേഴ്സിറ്റി പ്രോഗ്രാം മേധാവിയുമായ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ശൃംഖല സൃഷ്ടിക്കുന്നതോടൊപ്പം പ്രാദേശികാടിസ്ഥാനത്തിലും ആഗോളതലത്തിലും ഗവേഷകർ തമ്മിലെ വിടവ് നികത്തും. ഖത്തറിലെ ജീവജാലങ്ങളെ പ്രത്യേകിച്ച് ഫാൽക്കൺ പോലെ സാംസ്കാരികപ്രാധാന്യമുള്ള ജീവജാലങ്ങളെ സംരക്ഷിക്കാൻ ജീനോമിക് സയൻസ് ഉപയോഗപ്പെടുത്തും.
ലോക സംസ്കാരങ്ങളുടെ സംഗമസ്ഥാനം എന്ന നിലയിലും ശാസ്ത്ര-വിജ്ഞാന മേഖലകളിലെ സാംസ്കാരിക വിനിമയകേന്ദ്രമെന്ന നിലയിലും ഇതിൽ കതാറയുടെ പങ്ക് പ്രധാനമാണ്. ഗവേഷകരും ശാസ്ത്രജ്ഞരും തമ്മിലെ സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ-പഠനങ്ങൾ പ്രചരിപ്പിക്കുന്നതിനും ഗൗരവസ്വഭാവത്തിൽ ശാസ്ത്രഗവേഷണങ്ങൾക്ക് പുതിയ വഴികൾ തുറക്കാനും കതാറയെ ഈ പ്രോഗ്രാം പ്രാപ്തമാക്കും.
ഫാൽക്കണുകൾക്കും ഖത്തറിലെ മറ്റ് സാംസ്കാരിക-പൈതൃക പ്രാധാന്യമുള്ള ജീവജാലങ്ങൾക്കുമായി ജനിതക പരിശോധന കേന്ദ്രം വികസിപ്പിക്കുമെന്നും ഇത്തരം സേവനങ്ങൾ നൽകുന്ന മേഖലയിലെ ആദ്യത്തേതും മുൻനിരയിലുള്ളതുമായ പ്രോഗ്രാമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം, ശാസ്ത്ര-പൈതൃക സമന്വയം, ഫാൽക്കണറി മേഖലയിൽ ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുക, യുവശാസ്ത്ര പ്രതിഭകളെ പരിപാടിയിലേക്ക് ആകർഷിക്കുക എന്നിവയാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തരമൊരു പദ്ധതി രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനും ഉം ഹൈഷ് റിസർവ് ഉടമ ശൈഖ് അലി ബിൻ അബ്ദുല്ല ബിൻ ഥാനി ആൽഥാനി, ഫാൽക്കണർമാർ, സിദ്റ മെഡിസിൻ ഗവേഷണ വിഭാഗം, സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രി എന്നിവർക്ക് ഡോ. അൽ സുലൈതി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.