നിക്ഷേപാവസരങ്ങളുമായി കെ.ബി.എഫ് ബിസിനസ് കണക്ട്
text_fieldsദോഹ: ഖത്തറിലെയും ഇന്ത്യയിലെയും നിക്ഷേപ അവസരങ്ങളിലേക്ക് വാതിലുകൾ തുറന്ന് കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) ബിസിനസ് കണക്ട് വരുന്നു. ഏപ്രിൽ 30നും മേയ് ഒന്നിനുമായി നടക്കുന്ന പാൻ ഇന്ത്യ ബിസിനസ് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിച്ചു. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഇന്ത്യൻ എംബസി അപെക്സ് ബോഡി പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കൂടാതെ അസോസിയേറ്റഡ് സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികളും പങ്കെടുത്തു. വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടർ സമ്മേളനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. ജനറൽ സെക്രട്ടറി മൻസൂർ മൊയ്ദീൻ സ്വാഗതവും ഷഹീൻ എം.പി നന്ദിയും പറഞ്ഞു.
ഗ്രാൻഡ് ഹയാത്ത് ദോഹ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥി ആകും. നിക്ഷേപകരും സംരംഭകരും വ്യവസായികളും മറ്റു പ്രഫഷണലുകളും അടക്കം 500ൽപരം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻവെസ്റ്റ് ഖത്തർ, ഇൻവെസ്റ്റ് ഇന്ത്യ എന്നിവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു. വരും വർഷങ്ങളിലും നടത്താൻ ആസൂത്രണം ചെയ്യുന്ന സമ്മേളനത്തിലെ പ്രഥമ സീസണിൽ ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിലെ നിക്ഷേപ അവസരങ്ങളെ പറ്റിയായിരിക്കും പരിചയപ്പെടുത്തുന്നതെന്ന് കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അറിയിച്ചു.
നിർമാണ മേഖല, കാർഷികം, ലോജിസ്റ്റിക്, കോൾഡ് സ്റ്റോറേജ്, സ്പേസ് ടെക്നോളജി, സ്കിൽസ് ഡെവലപ്മെന്റ്, അസിസ്റ്റീവ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്സ്ടൈൽസ്, വിനോദസഞ്ചാരം, ജെറിയാട്രിക്സ് എന്നീ മേഖലകളിലുള്ള അവസരങ്ങളെ കുറിച്ചായിരിക്കും പ്രധാനമായും പരാമർശിക്കുക. ഓരോ സംസ്ഥാനത്തെയും നിയമങ്ങളും ഇളവുകളും വിവിധ സബ്സിഡികളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാകുന്നതാണെന്ന് കെ.ബി.എഫ് വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടർ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് 5589 1424, 5561 7583 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.