ഹെൽപ് ഡെസ്കും ലീഗൽ സെല്ലും പ്രവർത്തനങ്ങൾ സജീവമാക്കാൻ കെ.ബി.എഫ്
text_fieldsദോഹ: ഖത്തറിലെ മലയാളി ബിസിനസ് സംരംഭകരുടെ മികവിനായി നൂതന പദ്ധതികൾ ആവിഷ്കരിച്ച് കേരള ബിസിനസ് ഫോറം പ്രവർത്തനം ശക്തമാക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2023-25 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റതിനു പിന്നാലെ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ കമ്മിറ്റിയുടെ പുതിയ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. മലയാളി സംരംഭകര്‍ക്കായി ബിസിനസ് ഹെല്പ് ഡെസ്ക് രൂപവത്കരിക്കും.
അതോടൊപ്പം തന്നെ വ്യാപാരികൾക്ക് ഉപദേശങ്ങളും സഹായങ്ങളും നൽകുന്ന ലീഗൽ സെല്ലിനും തുടക്കംകുറിക്കും. അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് പദ്ധതിയിൽ കൂടുതൽപേരെ ചേർക്കുന്നതിനൊപ്പം ബിസിനസ് ഫോറത്തിന്റെ മെംബർഷിപ് ഡ്രൈവും സജീവമാക്കും -പ്രസിഡന്റ് അജി കുര്യാക്കോസ് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ഏഴു വർഷം പിന്നിട്ട കേരള ബിസിനസ് ഫോറത്തിന്റെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ ഭരണസമിതിയാണ് ഇത്തവണത്തേത്. അടുത്ത രണ്ടുവർഷത്തേക്കുള്ള കർമപരിപാടികൾക്ക് രൂപം നൽകിയതായും കെ.ബി.എഫ് വിഷൻ 2030 എന്ന ലക്ഷ്യവും പരിഗണനയിലുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് പദ്ധതിയിലേക്ക് മൂന്ന് ദിവസത്തിനുള്ളിൽ 116 പേരെ ചേർക്കാനായത് സന്തോഷം നൽകുന്നുവെന്ന് ജനറൽ സെക്രട്ടറി മൻസൂർ മൊയ്തീൻ അറിയിച്ചു. സോണി അബ്രഹാം, മുഹമ്മദ് അസ് ലം, ഹംസ സഫര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിന് നടന്നത്. നിലവിൽ 236 അംഗങ്ങളുള്ള കെ.ബി.എഫിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്ന മെംബർഷിപ് ഡ്രൈവ് ഉടൻ ആരംഭിക്കും.
അംഗങ്ങൾക്കായി പരിശീലന പരിപാടികൾ, നാട്ടിലും ഗൾഫിലുമായി വിജയം കൈവരിച്ച വ്യവസായ പ്രമുഖരുമായി സംവദിക്കാനുള്ള ‘മീറ്റ് ദി ലെജൻഡ്സ്’ പരിപാടികളും സജീവമാക്കും. അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്ന പ്രിവിലേജ് കാർഡും അവതരിപ്പിക്കും.വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീന്, ട്രഷറര്‍ നൂറുല്‍ ഹഖ്, വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടര്‍, ജോയന്റ് സെക്രട്ടറിമായാരായ ഫര്‍സാദ് അക്കര, സോണി എബ്രഹാം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.