സംരംഭകമേഖലയിൽ മികവിന് കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ്
text_fieldsദോഹ: ഖത്തറിലെ വിവിധ സംരംഭക മേഖലയിൽ കഴിവ് തെളിയിച്ച മലയാളികളായ മികച്ച സംരംഭകരെ കണ്ടെത്തി അവരുടെ പ്രവർത്തനമേഖലയെ ആദരിക്കുന്ന ബിസിനസ് എക്സലന്‍സ് അവാര്‍ഡിന്റെ ബ്രോഷര്‍ പ്രകാശനം ടി.എൻ. പ്രതാപൻ എം.പി. നിർവഹിച്ചു.
കേരളത്തിൽ നിെന്നത്തി വിവിധ ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ച സംരംഭകരെ ആദരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഖത്തറിലെ സംരംഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രണേഴ്‌സ് ക്ലബ് നോമിനേഷനിലൂടെയാണ് അവാർഡിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. റേഡിയോ മലയാളം 98.6 എഫ്.എം, സൈറ്റ് മാപ്പ് കമ്പ്യൂട്ടേര്‍സ്, കണക്റ്റിങ് ഡോട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സംഘടിപ്പിക്കുന്നത്.
മൈക്രോ, സ്മാൾ, മീഡിയം എന്നീ കാറ്റഗറിയിലാണ് അവാർഡുകൾ പരിഗണിക്കുന്നത്. ഗ്രോസറി, കഫറ്റീരിയ, റസ്റ്റാറന്റ് , സലൂൺ, സർവിസ് തുടങ്ങിയ വിവിധ മേഖലയിലെ ചെറുകിട സംരംഭകരെയും നിർമാണ മേഖലയില്‍ തുടങ്ങി, വൻകിട മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സംരംഭകരെയും അവാർഡിനായി പരിഗണിക്കും. കൂടാതെ, മികച്ച വനിത സംരംഭകയെയും പ്രത്യേകം ഉൾപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചു. ഈ മേഖലയിലെ ഏറ്റവും മികച്ച ജൂറി പാനൽ ആയിരിക്കും അവാർഡുകൾ നിർണയിക്കുക. സംരംഭക രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് മാതൃകകള്‍ സൃഷ്ടിച്ചവരെയും പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും.
സംരംഭകർക്കാവശ്യമായ വിവിധ പരിശീലന പരിപാടികൾ, വർക്ക് ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കാറുള്ള കേരള എന്റർപ്രെണേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഖത്തറിൽ ആദ്യമായാണ് ചെറുകിട സംരംഭകരെ വരെ ഉൾപ്പെടുത്തി പുരസ്‌കാരങ്ങൾ സംഘടിപ്പിക്കുന്നത്. ബിസിനസിലെ നൂതനാശയങ്ങൾ, ആരോഗ്യകരമായ വളർച്ച, ആസൂത്രണത്തിലെ മികവ്, തൊഴിൽ ലഭ്യത, സാമ്പത്തിക വളർച്ച തുടങ്ങിയ കാര്യങ്ങളിൽ മികവ് പുലർത്തുന്ന സംരംഭകരെയാണ് അവാർഡിന് പരിഗണിക്കുക. ജൂൺ 20 മുതൽ ജൂലൈ 31 വരെയാണ് അവാർഡിനുള്ള നോമിനേഷൻ സമർപ്പിക്കുന്ന സമയപരിധി. www.kecqa.com മുഖേന അപേക്ഷ സമർപ്പിക്കണം. നോമിനേഷനുവേണ്ടിയുള്ള അപേക്ഷ മാതൃകയും വിവരങ്ങളും ലഭിക്കാൻ +974 77431473 എന്ന നമ്പറിൽ ബന്ധപ്പെടണം.
പ്രശസ്തരായ ജൂറി ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന വിധി നിർണയത്തിനുശേഷം കേരളത്തിലെ ഭരണ, വ്യവസായ മേഖലയിലെ പ്രമുഖർ പ്രധാന മീഡിയകൾ വഴി അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും. ബ്രോഷര്‍ പ്രകാശനത്തിൽ കെ.ഇ.സി പ്രസിഡന്റ് ശരീഫ് ചിറക്കൽ, ട്രഷറർ അസ്ഹർ അലി പി, കൺവീനർമാരായ ഹാനി മങ്ങാട്ട്, അബ്ദുൽ റസാക്ക്, കമ്മിറ്റി അംഗങ്ങളായ നിംഷിദ് കാക്കുപറമ്പത്ത്, നാസി ചമ്മനൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.