ലഹരി വ്യാപനം: ഇനിയും നാം കണ്ണടക്കരുത്
text_fieldsകൂടപ്പിറപ്പുകളെ കൊലക്കത്തിക്കിരയാക്കുന്നു, കാമഭ്രാന്തിന് മുന്നില്‍ സ്വന്തം സഹോദരിയെ പോലും തിരിച്ചറിയാന്‍ സാധിക്കാതാവുന്നു, സഹപാഠിയെ തലക്കടിച്ച് കൊല്ലുന്നു.. മനുഷ്യനെ പിശാചാക്കി മാറ്റുന്ന ലഹരിയുടെ വാർത്തകളാണ് നാട്ടിൽ നിന്നും ഉയർന്നുകേൾക്കുന്നത്. വിവരണാതീതമായ ലഹരി വിതക്കുന്ന വിപത്തുകളെ കണ്ടില്ലെന്ന് നടിക്കാന്‍ ഇനിയും നമുക്കാവുമോ... നമ്മുടെ ചുറ്റുപാടുകളിലേക്ക്, കാമ്പസുകളിലേക്ക്, സ്വന്തം വീട്ടകങ്ങളിലേക്ക് നാം കണ്ണുതുറക്കേണ്ടിയിരിക്കുന്നു.
ലഹരി ഉപയോഗത്തിന്റെ അപകടത്തെ കുറിച്ചുള്ള ബോധവത്കരണവും പ്രതിരോധവും സ്വന്തം കുടുംബത്തില്‍നിന്ന് ആരംഭിക്കണം. പത്ര -മാധ്യമ വാര്‍ത്തകള്‍ കാണുമ്പോള്‍ ഇതൊന്നും എന്നെ ബാധിക്കുന്നില്ലയെന്ന നിസ്സംഗതയാണ് ഏറ്റവും വലിയ ദുരന്തമായി മാറുന്നത്. നമ്മുടെ മക്കളുടെ പഠനാന്തരീക്ഷം, സുഹൃദ് വലയം, കാമ്പസ് ചുറ്റുപാടുകള്‍ എന്നിവയില്‍ രക്ഷിതാവിന് കൃത്യമായ നിരീക്ഷണമുണ്ടാവണം. അസ്വാഭാവികതകള്‍ തിരിച്ചറിയാനും തിരുത്താനും നമുക്ക് സാധിക്കണം.
സ്കൂള്‍-കോളജ് കാമ്പസുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുരോഗമനത്തിന്റെയും വ്യക്തി സ്വാതന്ത്രത്തിന്റെയും പേരില്‍ അരാജകത്വം വളര്‍ന്നുവരുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. അധ്യാപകരും വിദ്യാർഥി സംഘടനകളും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. വിദ്യാർഥി സംഘടനകള്‍ സങ്കുചിത താൽപര്യത്തിനപ്പുറം ഈ വിഷയത്തെ സമീപിക്കാന്‍ തയാറാവണം.
സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തിരിച്ചറിയാന്‍ വിദ്യാർഥികള്‍ സ്വയം പ്രാപ്തരാകേണ്ടതുണ്ട്. മാറിയ കാലഘട്ടത്തിനനുസരിച്ച് അവയെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ രീതിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ തന്നെ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
നിയമപാലകരിലെ ചിലരെങ്കിലും തങ്ങളുടെ സ്വാർഥ താൽപര്യത്തിനുവേണ്ടി ഇത്തരം മാഫിയാ സംഘങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നത് ഏറ്റവും അപകടകരവും അധാർമികവുമാണ്. ലഹരി വിപണനത്തിനെതിരെ കര്‍ശന നിയമ സംവിധാനവും അവ നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണം.
നിയമപാലകരില്‍ ആരെങ്കിലും ഇതിന് കൂട്ടുനില്‍ക്കുന്നുവെങ്കില്‍ അവര്‍ക്കെതിരെ അതിശക്തമായ നടപടിയെടുക്കുന്ന നിയമം നിലവില്‍വരേണ്ടതുണ്ട്.
ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ പ്രാദേശിക കൂട്ടായ്മകള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും വലിയ രീതിയില്‍ സാധിക്കും. റെസിഡൻഷ്യല്‍ അസോസിയേഷനുകളും ക്ലബുകളും അവരുള്‍പ്പെടുന്ന പ്രദേശത്തെ കാമ്പസും ചുറ്റുപാടുകളും നിരീക്ഷിക്കാനും വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറാനും സാധിക്കണം.സമൂഹം ഒരു മാരകവിപത്തിലേക്ക് നീങ്ങുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ അനധികൃതമായി സഹായിക്കുന്ന സമീപനം പാര്‍ട്ടികളുടെയോ നേതാക്കളുടെയോ ഭാഗത്ത് നിന്നുണ്ടാവരുത്.
മാത്രവുമല്ല, ഈ സാമൂഹിക വിപത്തിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വർഗ ബഹുജന സംഘടനകളും ബോധവത്കരണവും പ്രതിരോധവും തീര്‍ക്കണം.
സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കണം
സാങ്കേതിക കാരണങ്ങള്‍ നിരത്തി മാറിനില്‍ക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ഉത്തരവാദിത്ത പൂർണമായ സമീപനം ഉണ്ടാകണം. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ ഇവ തുടച്ചുനീക്കാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല. ഒപ്പം ശിക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ആവശ്യമെങ്കില്‍ നിയമഭേദഗതിയടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണം. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ആവശ്യമായ പിന്തുണയും സഹകരണവും ഉറപ്പുവരുത്തണം. നമ്മുടെ തലമുറയെ, കുടുംബത്തെ സമൂഹത്തിനും രാജ്യത്തിനും തന്നെ ഭീഷണിയായി മാറിയ ലഹരിക്കെതിരെ നാം ഇനിയും കണ്ണടച്ചിരുട്ടാക്കരുത്. മഹാവിപത്തിനെതിരെ നമുക്കൊരുമിച്ച് പോരാടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.