ഗസ്സക്കുവേണ്ടി സാധ്യമാവുന്നിടത്തെല്ലാം സംസാരം തുടരുക -ശൈഖ മൗസ
text_fieldsദോഹ: ടർക്കിഷ് പ്രഥമ വനിത അമിനെ ഉർദുഗാൻ ആതിഥ്യം വഹിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമാധാന ഉച്ചകോടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രഥമ വനിതകളും സർക്കാർ പ്രതിനിധികളും പങ്കെടുത്തു. ഗസ്സക്കും ഫലസ്തീനികൾക്കുമെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ശൈഖ മൗസ തുറന്നടിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഭീഷണിയുടെ സ്വരങ്ങൾക്കിടയിൽ ലോകം നിശ്ശബ്ദത പാലിക്കുകയും ചെയ്യുമ്പോൾ ഫലസ്തീനികൾക്കുവേണ്ടി ശബ്ദിക്കുകയും അവർക്കായി സംസാരിക്കുകയും ചെയ്യുന്നവരെ ശൈഖ മൗസ അഭിനന്ദിച്ചു.
ഫലസ്തീനുവേണ്ടി ആഗോളപിന്തുണക്കായി ആഹ്വാനംചെയ്ത അവർ, തെറ്റായ പ്രചാരണങ്ങളെ സത്യംകൊണ്ട് തിരുത്തണമെന്നും വ്യക്തമാക്കി.
‘കഴിയുന്നിടങ്ങളിലെല്ലാം നമ്മൾ സത്യം പറഞ്ഞുകൊണ്ടിരിക്കുക. മാധ്യമങ്ങളിലൂടെയും ബൗദ്ധിക, സാംസ്കാരികവേദികളിലൂടെയും ഔദ്യോഗിക ചാനലുകളിലൂടെയുമെല്ലാം ഫലസ്തീനുവേണ്ടി സംസാരിക്കൂ. തെറ്റായ ആശയപ്രചാരണങ്ങളെ ശക്തമായി ചെറുക്കുക’ -ശൈഖ മൗസ വ്യക്തമാക്കി. ഗസ്സക്കുള്ള ഖത്തറിന്റെ പിന്തുണ തുടരുമെന്നും എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.