കേരള ബജറ്റ് പ്രവാസികളോട് പറയുന്നത്
text_fieldsകഴിഞ്ഞ ഫെബ്രുവരിയിൽ ഒന്നാം പിണറായി സർക്കാറിനുവേണ്ടി ബജറ്റ് അവതരിപ്പിച്ചതിെൻറ തുടർച്ചയായാണ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്. കോവിഡ് രണ്ടാം വരവിെൻറ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ ഏറെ മാറിയിട്ടുണ്ട്. രണ്ടാം വരവ് ഏറ്റവും രൂക്ഷമായി ബാധിച്ച വിഭാഗമാണ് പ്രവാസികൾ. കേരളത്തിെൻറ സമ്പദ്ഘടനയെ അതിഗുരുതരമായി ബാധിക്കുന്നു എന്നത് തന്നെയാണ് ഇതിെൻറ സാരം.
പ്രവാസികളുടെ തിരിച്ചുവരവ്, അവരുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഈ ബജറ്റിൽ പ്രത്യേക ഊന്നൽ. കോവിഡ് മഹാമാരി മൂലം 14,32,376 പേർ തിരിച്ചെത്തിയെന്നും അവരിൽ മിക്കവരും തൊഴിൽ നഷ്ടപ്പെട്ടവരുമാണെന്നാണ് ബജറ്റിൽ പറയുന്നത്. അവർക്ക് സ്വയം തൊഴിൽ ലഭ്യമാക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി, തൊഴിലിന് പ്രാപ്തരാക്കുന്നതിനുമായി നോർക്ക സെൽഫ് എംപ്ലോയ്മെൻറ് സ്കീം എന്ന പേരിൽ പ്രത്യേക പദ്ധതി തുടങ്ങുന്നതും ഏറെ ഗുണകരമാകും. സാമ്പത്തിക സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് ആയിരം കോടി വായ്പ ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ഇതിെൻറ പലിശ ഇളവിനായി 25 കോടി മാറ്റിവെക്കുന്നുവെന്നുമാണ് ബജറ്റിൽ പറഞ്ഞത്.
ഈ പദ്ധതി ഊർജിതമായി നടപ്പാക്കേണ്ടതുണ്ട്. ആയിരം കോടിയിൽ ഈ സാമ്പത്തിക വർഷം എത്ര വായ്പയായി അനുവദിക്കാൻ പറ്റുമെന്ന് കണക്കാക്കിയായിരിക്കണം പലിശ ഇളവിനുള്ള 25 കോടി അനുവദിച്ചത്. എന്നാൽ, കൂടുതൽ പേർക്ക് തനത് വർഷം തന്നെ വായ്പ അനുവദിക്കുകയാണെങ്കിൽ ഈ തുക അപര്യാപ്തമായിരിക്കും. ഇനി ആയിരം കോടി വായ്പക്ക് മൊത്തമാണോ 25 കോടി എന്നതും അതോ 2021––22 സാമ്പത്തിക വർഷത്തേക്കാണോ എന്നത് വ്യക്തത വരുത്തുന്നത് നന്നാവും.
2022 ഫെബ്രുവരിയിലെ ബജറ്റിൽ, അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന പ്രദാന സംഘങ്ങൾ, വിപണന ശൃംഖല എന്നീ നാലു സ്കീമുകളിൽ മടങ്ങിവരുന്ന പ്രവാസികൾക്ക് മുൻഗണന നൽകുമെന്നും മടങ്ങിവരുന്നവർക്ക് നൈപുണി പരിശീലനം നൽകി വീണ്ടും വിദേശത്ത് പോവാനുള്ള സഹായം ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഈ ഏകോപിത തൊഴിൽ പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ 100 കോടി വകയിരുത്തിയിട്ടുണ്ട്. വായ്പക്ക് പലിശ ഇളവിനായി നേരത്തെ പ്രഖ്യാപിച്ച നൂറ് കോടിയിൽ നിന്നും ആവശ്യമായ തുക മാറ്റിവെക്കാൻ സാധിക്കുകയാണെങ്കിൽ ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതി പ്രായോഗികമാക്കുന്നതിൽ സഹായിക്കും.
നിലവിലെ പുനരധിവാസ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എം വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തേണ്ടതുമുണ്ട് ഈ സാഹചര്യത്തിൽ. എൻ.ഡി.പി.ആർ.ഇ.എം വഴി ലഭിക്കുന്ന ലോണിന് 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം പലിശ ഇളവും ലഭിക്കുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതിയിലും ഈ നിലയിലുള്ള സബ്സിഡികൾ ലഭ്യമാവുമെന്ന് കരുതുന്നു. പുതിയ പ്രഖ്യാപനത്തോടെ, രണ്ട് പദ്ധതികളാണ് പുനരധിവാസത്തിനായി ഉണ്ടാവുക. ഇവ രണ്ടും സമന്വയിപ്പിക്കേണ്ട ഇടങ്ങളിൽ അങ്ങനെ ചെയ്യുന്നതും അഭികാമ്യമാണ്.
തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ ലക്ഷക്കണക്കിനായ പ്രവാസികളിൽ വലിയൊരു വിഭാഗത്തിന് വീണ്ടും വിദേശങ്ങളിൽ ജോലി ലഭിക്കാനുള്ള സാഹചര്യം ഏറെയാണ്. ഇത്തരം ആളുകൾക്കും മുന്തിയ പരിഗണന നൽകണം. ഏറെ സഹായമാണ് ഇവരുടെ കാര്യത്തിൽ ആവശ്യമായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ കഴിവും പ്രാപ്തിയും സ്വാധീനവും ഉപയോഗിച്ച് തൊഴിൽ വിസകൾ സൗജന്യമായി ലഭിച്ചാൽ പോലും ടിക്കറ്റ്, ക്വാറൻറീൻ, മറ്റു നടപടിക്രമങ്ങൾ എന്നിവക്കായി വൻ തുക മുടക്കേണ്ടി വരും. നിലവിൽ വിസ ഉണ്ടാവുകയും നാട്ടിൽ അവധിക്ക് വന്നതിന് ശേഷം കോവിഡ് സാഹചര്യത്തിൽ തിരിച്ചുവരാൻ സാധിക്കാത്തവരുടെ കാര്യത്തിലും മേൽ പറഞ്ഞ കാര്യങ്ങൾ ബാധകം തന്നെയാണ്. ഇത്തരം ആളുകൾക്ക് പലിശരഹിതമോ ചുരുങ്ങിയ നിരക്കിലോ വായ്പ ലഭ്യമാക്കലും അനിവാര്യമാണ്. വീണ്ടും വിദേശത്തേക്ക് പോവുന്നവരുടെ കാര്യത്തിൽ, നാട്ടിലേക്ക് കൂടുതൽ പണം എത്താനുള്ള മാർഗമെന്നതിനാലും ഇത് ഏറെ പ്രധാനപ്പെട്ടതാണ്.
അതുപോലെ, നോർക്ക വഴി വീണ്ടും വിദേശത്തേക്ക് പോവാൻ കഴിവുള്ളവർക്കായി കൂടുതൽ റിക്രൂട്ട്മെൻറ് നടത്തുകയാണെങ്കിൽ റിക്രൂട്ട്മെൻറ് ഫീസ് ഇനത്തിൽ വലിയൊരു ആശ്വാസവും പ്രവാസികൾക്ക് ലഭിക്കും.
വിദേശത്ത് വെച്ച് മരണപ്പെടുന്ന താഴ്ന്ന വരുമാനക്കാരുടെ കുടുംബാംഗങ്ങൾക്ക് ഒരു സാമ്പത്തിക സഹായവും ലഭ്യമാക്കാനുള്ള പദ്ധതികൾ നിലവിലില്ല. സാന്ത്വന പദ്ധതി മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള പ്രത്യേക പദ്ധതിയായതിനാൽ ഈ പദ്ധതി ആനുകൂല്യവും വിദേശത്തുവെച്ച് മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് ലഭ്യമല്ല. കോവിഡ് ബാധിച്ച് മാത്രം ആയിരത്തിലധികം കേരളക്കാർ വിദേശങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, വിദേശത്തുവെച്ച് മരണമടയുന്ന താഴ്ന്ന വരുമാനക്കാരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസധനമായി മതിയായ തുക മാറ്റിവെക്കേണ്ടതായിരുന്നു.വിദേശ രാജ്യങ്ങളിൽ വെച്ച് മസ്തിഷ്കാഘാതം, ഹൃദയാഘാതം, തളർവാതം, കാൻസർ പോലുള്ള മാരകരോഗങ്ങൾക്കടിമപ്പെട്ട് കിടപ്പിലായ രോഗികളിൽ പലരും സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരാണ്. ഇത്തരം രോഗികൾ മറ്റുള്ളവരുടെ സഹായത്തോടെ നാട്ടിലേക്ക് എത്തിക്കഴിഞ്ഞാലും തുടർ ചികിത്സക്ക് നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണ്. അസുഖ ബാധിതരായ പലരും ഇത്തരം സാഹചര്യങ്ങളിൽ നാട്ടിലെ കുടുംബങ്ങളെ കാണാൻ പോലും സാധിക്കാതെ ശിഷ്ടകാലവും വിദേശങ്ങളിൽതന്നെ കഴിയാൻ നിർബന്ധിതരാവുകയാണ്.
ഈ സാഹചര്യത്തിൽ, സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്ന കിടപ്പുരോഗികൾ നാട്ടിലെത്തിയാൽ അവർക്ക് സൗജന്യ തുടർ ചികിത്സ സംവിധാനങ്ങൾ സർക്കാർ ആശുപത്രി, സഹകരണ–സ്വകാര്യ ആശുപത്രികൾ മുഖേന നടത്താവുന്നതാണ്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സാന്ത്വന പദ്ധതിയിൽ മേൽ വിവരിച്ച രണ്ട് കാര്യങ്ങളിലും ധനസഹായം ലഭ്യമാവുന്നുണ്ട്.
ഈ ആനുകൂല്യങ്ങൾ നിലവിൽ പ്രവാസികൾ ആയവർക്കും ലഭ്യമാക്കാവുന്നതാണ്. ബജറ്റ് പ്രഖ്യാപനം നടന്നെങ്കിലും ഈ കാര്യങ്ങൾ നിയമസഭ ചർച്ചകളിൽ കൊണ്ടുവന്ന് ബജറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.