കെ.ബി.എഫിന് ഐ.ടി പിന്തുണയുമായി ‘സോഹോ’
text_fieldsദോഹ: കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) ഗ്ലോബൽ ടെക്നോളജി കമ്പനിയായ സോഹോയുമായി സഹകരിച്ച് അംഗങ്ങളുടെ ബിസിനസ് സംരംഭങ്ങളിൽ ഐ.ടി സംബന്ധമായി പ്രത്യേക ഓഫറുകൾ ലഭ്യമാക്കുന്നതിനുള്ള പങ്കാളിത്തത്തിൽ ഒപ്പുവെച്ചു.
കെ.ബി.എഫിലെ ഓരോ അംഗത്തിനും ഇതു വഴി സോഹോയുടെ 3600 റിയാൽ മൂല്യമുള്ള ഡിജിറ്റൽ വാലറ്റ് ക്രെഡിറ്റുകൾ ലഭ്യമാക്കുന്നതോടൊപ്പം സോഹോയുടെ ക്ലൗഡ് അധിഷ്ഠിത ബിസിനസ് അപ്ലിക്കേഷനുകൾക്ക് സൗജന്യ പ്രവേശനവും ലഭിക്കുന്നതാണ്. ബിസിനസ് ഓട്ടോമേഷൻ പ്രോസസിൽ ലോകത്തെ തന്നെ അതികായരായ സോഹോക്ക് എച്ച്.ആർ.എം, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്, അക്കൗണ്ടിങ് എന്ന് തുടങ്ങി വിവിധ സേവനങ്ങളാണുള്ളത്.
സജീവ സംരംഭക കൂട്ടായ്മ എന്ന നിലയിൽ കെ.ബി.എഫിലെ അംഗങ്ങൾക്ക് ബിസിനസ് ലോകത്തെ പുത്തൻ ആശയങ്ങളിൽ അറിവും പരിശീലനവും നൽകുന്നതോടൊപ്പം സോഹോ പോലുള്ള സ്ഥാപനങ്ങളുടെ സാങ്കേതിക ഉൽപന്നങ്ങൾ സൗജന്യമായി നൽകാൻ ശ്രമിക്കുമെന്നും കേരള ബിസിനസ് ഫോറം പ്രസിഡന്റ് അജി കുര്യാക്കോസ് പറഞ്ഞു.
ഖത്തറിലെ വളരുന്ന ബിസിനസ് സമൂഹത്തെ പിന്തുണക്കുന്നതിനുള്ള ഈ പങ്കാളിത്തത്തിൽ സന്തോഷമുണ്ടെന്ന് സോഹോ കോർപറേഷന്റെ സ്ട്രാറ്റജിക് ഗ്രോത്ത് മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക (എം.ഇ.എ) പ്രേം ആനന്ദ് വെലുമണി പറഞ്ഞു. സോഹോയുടെ ക്ലൗഡ് സൊല്യൂഷൻസ് കെ.ബി.എഫ് അംഗങ്ങൾക്ക് അവരുടെ ബിസിനസുകൾ മെച്ചപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെ.ബി.എഫ് ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് അജി കുര്യാക്കോസ്, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് കെ.പി. അഷ്റഫ്, കെ.ബി.എഫ് ഉപദേശക സമിതി അംഗം വി.എസ്. നാരായണൻ, കെ.ബി.എഫ് മാനേജ്മന്റ് കമ്മിറ്റി അംഗങ്ങൾ, സോഹോ മിഡിലീസ്റ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.