കേരള ഫെസ്റ്റ് സെപ്റ്റംബർ 29ന്
text_fieldsദോഹ: ഖത്തറിലെ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പൻ ആഘോഷ പരിപാടികളുമായി വേൾഡ് മലയാളി കൗൺസിൽ നേതൃത്വത്തിൽ ‘കേരള ഫെസ്റ്റ് 2023’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29ന് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളോടെയാണ് ഖത്തറിലെ മലയാളികളുടെ മഹാമേളയായി ‘കേരള ഫെസ്റ്റ്’ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 മുതൽ രാത്രി 11 വരെ അൽ അറബ് സ്റ്റേഡിയത്തിൽ നടക്കുന്ന മേളയിൽ പ്രദർശനങ്ങൾ, വിവിധ മത്സരങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറും. ശനിയാഴ്ച കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.
വേൾഡ് മലയാളി കൗൺസിൽ, അത്ലൻ സ്പോർട്സ് ഇവന്റ്സ്, മി വിഷ്വൽ, ബെഞ്ച് മാർക് ഇവന്റ്സ് എന്നിവരുമായി സഹകരിച്ചാണ് ‘കേരള ഫെസ്റ്റ്’ സംഘടിപ്പിക്കുന്നത്. വസ്ത്രങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ വിവിധ സ്റ്റാളുകൾ, വിവിധ ബ്രാൻഡുകളുടെ പങ്കാളിത്തം, കേരളത്തിന്റെ സാംസ്കാരിക തനിമ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ, പ്രോപ്പർട്ടി സ്റ്റാളുകൾ എന്നിവ ഉൾക്കൊള്ളുന്നതാവും ഫെസ്റ്റിലെ പ്രദർശനം.
വൈകീട്ട് നടക്കുന്ന കലാ, സാംസ്കാരിക പരിപാടികളിൽ കേരളത്തിലെ ചലച്ചിത്ര, സാംസ്കാരിക മേഖലകളിൽ നിന്നുള്ള ബഹുമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖത്തറിലെയും വിവിധ രാജ്യങ്ങളിലെയും പ്രവാസികളായ മലയാളികളുടെ കൂട്ടായ്മയാണ് വേൾഡ് മലയാളി കൗൺസിൽ. വാർത്തസമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ വി.എസ്. നാരായണൻ, പ്രസിഡന്റ് സുരേഷ് കരിയാട്, ജനറൽ സെക്രട്ടറി കാജൽ മൂസ, യൂത്ത് വിങ് പ്രസിഡന്റ് ബി.എം. ഫാസിൽ, ബെഞ്ച്മാർക്ക് പ്രതിനിധി ഹബീബ്, ഷെൽസർ എന്നിവർ പങ്കെടുത്തു.
ലോഗോ പ്രകാശന ചടങ്ങിൽ ചലച്ചിത്ര താരം നവാസ് വള്ളികുന്ന്, അബു വളയംകുളം, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്മാൻ, ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, സാം വിളനിലം, ഷീല ഫിലിപ്പോസ്, സഫീർറഹ്മാൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, വർഗീസ് വർഗീസ്, ജെബി കെ ജോൺ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.