ജനസഹസ്രമായി 'കേരളോത്സവം'
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് ഖത്തറിലെ മലയാളിസമൂഹത്തിന്റെ ഐക്യദാർഢ്യമായി സംഘടിപ്പിച്ച മലയാളിസമാജം 'കേരളോത്സവം' പ്രവാസികളുടെ ഉത്സവമേളയായി മാറി. ഐഡിയൽ ഇന്ത്യൻ സ്കൂൾ മൈതാനത്ത് അരങ്ങേറിയ പരിപാടിയിൽ മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയനും എ.എം. ആരിഫ് എം.പിയും മുഖ്യാതിഥികളായി.
1001 കലാകാരന്മാരെ അണിനിരത്തി സംഘടിപ്പിച്ച കലാവിരുന്നും ആകർഷകമായി. ഐ.എം. വിജയൻ പന്ത് തട്ടിക്കൊണ്ടായിരുന്നു മലയാളികൾക്കുവേണ്ടി ലോകകപ്പിനെ സ്വാഗതം ചെയ്തത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ എന്നിവർ മുഖ്യാതിഥികൾക്കൊപ്പം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. റിയാസ് അഹമ്മദ്, രാജേശ്വർ ഗോവിന്ദ്, പ്രേംജിത്, ലത ആനന്ദ് നായർ എന്നിവർ സംബന്ധിച്ചു. പ്രസിഡൻറ് ആനന്ദ് നായർ സ്വാഗതം പറഞ്ഞു.
മലയാളി സമാജത്തിന്റെ പ്രതിഭപുരസ്കാരങ്ങൾ എ.എം. ആരിഫ് എം.പിയും ഐ.എം. വിജയനും വിതരണം ചെയ്തു. ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡിന് അൽ മുഫ്ത റെൻറ് എ കാർ ഉടമ എ.കെ. ഉസ്മാൻ അർഹനായി. സഫീറുറഹ്മാൻ, സുപ്രിയ ജഗദീപ്, കെ.വി. അബ്ദുസ്സലാം, നബീസക്കുട്ടി, മല്ലിക ബാബു, ലിൻഷാ ആനി ജോർജ് എന്നിവർ മറ്റു വിഭാഗങ്ങളിൽ അർഹരായി.
ചെണ്ടമേളത്തോടെ ആരംഭിച്ച പരിപാടികൾ, വിമൽ വാസുദേവ് എഴുതി കനൽ നാടൻപാട്ടുസംഘം ഖത്തർ പാടിയ പാട്ടും അഞ്ഞൂറിൽപരം കലാകാരന്മാരുടെ നൃത്തച്ചുവടുമായാണ് സമാപിച്ചത്.
കുട്ടികളുടെ നാടോടിനൃത്തം, ഒപ്പന, കേരളനടനം, തിരുവാതിര എന്നിവക്കൊപ്പം ഖത്തറിലെ അസോസിയേഷനുകളും സ്കൂളുകളും നൃത്തവിദ്യാലയങ്ങളും ഒരുക്കിയ മോഹിനിയാട്ടം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. കഥകളി കലാകാരൻ കൃഷ്ണനുണ്ണി ഷോ ഡയറക്ടറായ പരിപാടിയിൽ അരുൺ പിള്ള പ്രവീൺ, മഞ്ജു മനോജ്, പ്രേമ ശരത് ചന്ദ്രൻ, ജയശ്രീ സുരേഷ്, അക്കു അക്ബർ, രാജീവ് ആനന്ദ് എന്നിവർ പങ്കാളികളായി.
നഴ്സസ് അസോസിയേഷൻ 'യുണീക്' വളന്റിയർമാർ മെഡിക്കൽ സേവനങ്ങൾ നൽകി. മിനി ബെന്നി ലേഡി കോഓഡിനേറ്ററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.