ഖഫ്ജിയിലും കടുത്ത നിയന്ത്രണങ്ങൾ
text_fieldsഖഫ്ജി: സൗദി അറേബ്യയിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖഫ്ജി ഗവർണറേറ്റിെൻറ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഗവൺമെൻറ് തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി വ്യാപകമായ ചെക്കിങ് ആരംഭിച്ചു. റസ്റ്റാറൻറ്, ബൂഫിയ, കോഫീ ഷോപ് എന്നിവിടങ്ങളിൽ ഇരുന്ന് കഴിക്കാൻ പാടില്ലെന്നും പാർസൽ ആയി ഭക്ഷണം നൽകണമെന്നും ആണ് നിലവിലെ നിയമം. അതോടൊപ്പം ഭക്ഷണശാലകളിലെ വൃത്തി, പഴകിയ ഭക്ഷണം, അടുക്കളയിലെ ക്രമീകരണങ്ങൾ എന്നിവ പരിശോധിക്കുന്നതിന് പ്രത്യേക സ്ക്വഡ് രൂപവത്കരിച്ചതായി ഖഫ്ജി ബലദിയ ചീഫ് എൻജിനീയർ മുഹമ്മദ് അൽഹമിദാനി പറഞ്ഞു.
കച്ചവടകേന്ദ്രങ്ങളിൽ ജനക്കൂട്ടം ഉണ്ടാകാതിരിക്കാൻ സൂപ്പർമാർക്കറ്റ്, ഗ്രോസറി ഒഴികെയുള്ള കടകൾ അടപ്പിക്കും. പുരുഷന്മാരുടെ ബാർബർഷോപ്, വനിതകളുടെ ബ്യൂട്ടി പാർലർ എന്നിവയും താൽക്കാലികമായി അടക്കും. ഖഫ്ജി മാൾ, ലോല മാൾ എന്നിവിടങ്ങളിലെ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും അടക്കും. ബലദിയ പെസ്റ്റ് കൺട്രോൾ വിഭാഗം വെജിറ്റബ്ൾ മാർക്കറ്റ്, ഗോൾഡ് സൂഖ്, ബലദിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ സാനിറ്റൈസർ സ്പ്രേ ചെയ്തു.
അൽഖഫ്ജി ജോയിൻറ് ഓപറേഷൻ കമ്യൂണിറ്റി- സാനിറ്റേഷൻ വിഭാഗം എല്ലാ ഓഫിസുകളിലും എല്ലാ ദിവസവും സാനിറ്റൈസർ സ്പ്രേ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് അറിയിച്ചു. പൊതുജങ്ങൾ കൂടാതിരിക്കാൻ ഖഫ്ജി കോർണിഷിൽ ബാരിക്കേഡുകൾെവച്ച് അടച്ചു. സായാഹ്ന നടത്തത്തിന് എത്തിയവരെപോലും പൊലീസ് തിരികെ അയച്ചു. കുടുംബങ്ങളും കുട്ടികളും നിറഞ്ഞിരുന്ന എല്ലാ പാർക്കുകളും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. എത്രയും വേഗം കോവിഡ് -19 ഭീതിയകന്നു സാധാരണ ജീവിതത്തിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.