ഖറൈതിയ്യാത്, ഇസ്ഗവ നിർമാണം പുരോഗമിക്കുന്നു
text_fieldsദോഹ: ഖറൈതിയ്യാത്, ഇസ്ഗവ മേഖലയിൽ പാക്കേജ് ഒന്ന് പ്രകാരമുള്ള റോഡ്, അടിസ്ഥാന സൗകര്യവികസന പദ്ധതി ഈ വർഷം ആദ്യ പാദാവസാനത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. കഴിഞ്ഞവർഷം ആദ്യത്തിൽ ആരംഭിച്ച പദ്ധതി സമയബന്ധിതമായി പൂർത്തിയാകുമെന്നും സോൺ ഒന്നിലെ എല്ലാ അടിസ്ഥാന സൗകര്യ നിർമാണങ്ങളും പൂർത്തിയായതായും സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രോജക്ട് മാനേജർ എൻജിനീയർ അബ്ദുല്ല അൽ നഈമി പറഞ്ഞു.
എല്ലാ സോണുകളിലെയും നിർമാണപ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ 34 കിലോമീറ്റർ നീളത്തിൽ റോഡ് ശൃംഖല, 34 കിലോമീറ്റർ ദൈർഘ്യത്തിൽ കാൽനട, സൈക്കിൾപാത, 32 കിലോമീറ്റർ നീളമുള്ള മഴവെള്ള, ഭൂഗർഭജലച്ചാൽ തുടങ്ങിയവയുടെ നിർമാണം പൂർത്തിയാകും. 638 പ്ലോട്ടുകളിലേക്കുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതിയാണ് പാക്കേജ് ഒന്നിൽ ഉൾപ്പെടുന്നതെന്നും എൻജിൻ അൽനഈമി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ ഖറൈതിയ്യാത്, ഇസ്ഗവ മേഖലയിലെ പാക്കേജ് രണ്ട് നിർമാണപ്രവർത്തനങ്ങൾക്ക് അശ്ഗാൽ തുടക്കം കുറിച്ചിരുന്നു. നാല് പാക്കേജുകളിലുമായി 5197 പ്ലോട്ടുകളാണുൾപ്പെടുന്നത്. പാക്കേജ് രണ്ടിൽ 45.4 കിലോമീറ്റർ നീളമുള്ള, സൗകര്യങ്ങളോടുകൂടിയ റോഡ് നിർമിക്കുന്നുണ്ട്. 6900 കാർ പാർക്കിങ് ബേകൾ, 35 കി.മീറ്റർ ഭൂഗർഭ ജലച്ചാൽ നിർമാണം എന്നിവയും ഇതിലുൾപ്പെടും.
പദ്ധതി പ്രവർത്തനങ്ങൾക്കായി 85 ശതമാനവും പ്രാദേശിക ഉൽപന്നങ്ങൾ ഉപയോഗിക്കാനാണ് അശ്ഗാൽ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.