വിശ്വമേളയുടെ കിരീടവേദിയിൽ കളിയുത്സവത്തിന് കിക്കോഫ്
text_fieldsദോഹ: ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നടന്നടുക്കുന്ന ഖത്തറിലെ ഫുട്ബാൾ ആരാധകർക്ക് വ്യാഴാഴ്ച ആവേശദിനം. വിശ്വമേളക്കായി ഒരുങ്ങിയ ഏഴ് സ്റ്റേഡിയങ്ങളുടെ മനോഹാരിതയും നുകർന്നവർ ഇന്ന് കലാശപ്പോരാട്ട വേദിയായ ലുസൈൽ സ്റ്റേഡിയത്തിലേക്ക്. ഡിസംബർ 18ന് കിരീടവിജയികൾ ആരെന്ന് നിശ്ചയിക്കുന്ന പോരാട്ടവേദി ആദ്യമായി കളിയാരാധകർക്ക് മുമ്പാകെ തുറന്നുനൽകുകയാണ്. ഖത്തർ സ്റ്റാർസ് ലീഗിൽ ദോഹ ഡെർബിയായ അൽ അറബി-അൽ റയ്യാൻ മത്സരത്തോടെയാണ് ലുസൈലിലെ സുന്ദര കളിമുറ്റത്ത് പന്തുരുണ്ടുതുടങ്ങുന്നത്.
സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പിന്നീടാണ് നിശ്ചയിച്ചതെങ്കിലും ട്രയൽ റണ്ണായാണ് സ്റ്റാർസ് ലീഗ് മത്സരത്തിന് വേദിയാവുന്നത്. മറ്റു മത്സരങ്ങൾക്കൊന്നും വലിയ ആൾത്തിരക്കുണ്ടായില്ലെങ്കിലും ലുസൈലിലേക്ക് കാണികളുടെ ഒഴുക്ക് ഉറപ്പായി. രണ്ടു ദിവസം മുമ്പേതന്നെ ഓൺലൈൻ വഴിയുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞു. മലയാളികൾ ഉൾപ്പെടെ ആരാധകരും ലുസൈലിലെ ആദ്യ അങ്കത്തിന് സാക്ഷിയാവാനുള്ള തയാറെടുപ്പിലാണ്.
ലീഗിലെ രണ്ടാം റൗണ്ട് മത്സരമാണ് വ്യാഴാഴ്ച. ഒരാഴ്ച മുമ്പ് നടന്ന ആദ്യ റൗണ്ടിൽ അൽ അറബി ഖത്തർ എസ്.സിയെ തോൽപിച്ചപ്പോൾ, റയ്യാൻ അൽ ഷമാലിനോട് തോറ്റിരുന്നു.
ലോകകപ്പ് ഫൈനൽ വേദിയെന്നനിലയിൽ ശ്രദ്ധാകേന്ദ്രമായിമാറുന്ന വേദിയിൽ ആദ്യമായി പന്തുതട്ടുന്നവർ എന്ന ഭാഗ്യത്തിന്റെ ആവേശത്തിലാണ് കളിക്കാരും. സ്റ്റാർസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടത്തിനുമാവും ഇന്ന് വേദിയാവുന്നത്.
'വൻ ജനക്കൂട്ടമെത്തുന്ന പോരാട്ടത്തിന് തിരഞ്ഞെടുത്തതിന് നന്ദി. സുപ്രധാന മത്സരമെന്ന നിലയിൽ ടീം അംഗങ്ങളും ആവേശത്തിലാണ്' -അൽ അറബി കോച്ച് യൂനുസ് അലി പറഞ്ഞു. സിറിയൻ സ്ട്രൈക്കർ ഉമർ അൽ സോമയാണ് അറബിയുടെ പ്രധാന താരം. ആദ്യകളിയിൽ തോറ്റ റയ്യാൻ നിരയിൽ കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസിന് ഇതുവരെ ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരങ്ങളെല്ലാം സമനിലയായി. അൽ സദ്ദിനെ ഉംസലാലും (1-1), ഖത്തർ എസ്.സിയെ മർഖിയയും (1-1), അൽ ഗറാഫയെ അൽ വക്റയും (1-1) സമനിലയിൽ തളച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.