കച്ചമുറുക്കി കളത്തിലേക്ക്; ഖത്തറിന്‍റെ ലോകകപ്പ് സന്നാഹത്തിന് ഇന്ന് കിക്കോഫ്
text_fieldsദോഹ: ലോകഫുട്ബാളിലെ സൂപ്പർതാരങ്ങളായ ലൂകാ മോഡ്രിച്ചും ഇവാൻ പെരിസിച്ചും കൊവസിച്ചുമെല്ലാം നയിക്കുന്ന ആക്രമണനിരയുമായി ക്രൊയേഷ്യൻ പടയാളികൾ ഇന്ന് ഖത്തറിന്‍റെ മണ്ണിൽ ബൂട്ടുകെട്ടുന്നു. ലോകകപ്പിന് യോഗ്യത നേടി, ആതിഥേയ മണ്ണിനെ പരിചയപ്പെടാനെത്തുന്ന ക്രൊയേഷ്യ ആദ്യമത്സരത്തിൽ ശനിയാഴ്ച സ്ലൊവീനിയയെയാണ് നേരിടുന്നത്. ലോകകപ്പിന്‍റെ പ്രധാന വേദികളിൽ ഒന്നായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിനാണ് മത്സരം.
ലോകകപ്പിന്‍റെ യൂറോപ്യൻ യോഗ്യത റൗണ്ടിൽ ഒരേ ഗ്രൂപ്പിലായിരുന്നു െസ്ലാവീനിയയും ക്രൊയേഷ്യയും മത്സരിച്ചത്. ആദ്യ മത്സരതിൽ െസ്ലാവീനിയയും രണ്ടാം അങ്കത്തിൽ ക്രൊയേഷ്യക്കുമായിരുന്നു ജയം. ഗ്രൂപ് ചാമ്പ്യന്മാരായ നിലവിലെ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഖത്തറിലേക്ക് നേരിട്ട് ടിക്കറ്റെടുത്തു. എന്നാൽ, നാലാം സ്ഥാനക്കാരായ െസ്ലാവീനിയ പിന്തള്ളപ്പെട്ടു.
സീനിയർ താരങ്ങളുമായാണ് ക്രൊയേഷ്യ കളത്തിലിറങ്ങുന്നത്. ക്യാപ്റ്റൻ മോഡ്രിച്, വൈസ് ക്യാപ്റ്റൻ ഡൊമാഗോ വിദ, സീനിയർതാരം ഇവാൻ പെരിസിച്, ആന്ദ്രെ ക്രമാരിച്, മറ്റ്യോ കൊവാസിച് തുടങ്ങിയ മുൻനിരക്കാരുടെ സേവനം കോച്ച് സ്ലാറ്റ്കോ ഡാലിച്ച് ഖത്തറിലേക്ക് ഉറപ്പാക്കിയിട്ടുണ്ട്. ബൊയാൻ ജോകിച്, അറ്റ്ലാന്‍റയുടെ ജോസിപ് ഇലിസിച്, അത്ലറ്റികോ മഡ്രിഡ് ഗോളി ജാൻ ഒബ്ലാക് എന്നിവരുമായി ഇറങ്ങുന്ന െസ്ലാവീനിയയും മികച്ച ടീമാണ്.
ഖത്തർ x ബൾഗേറിയ
ആതിഥേയരായ ഖത്തറിന്‍റെ ലോകകപ്പ് സന്നാഹങ്ങളിലേക്കുള്ള തുടക്കമാണ് ഇന്ന്. ലീഗ് സീസണിന് സമാപനം കുറിച്ചതിനു പിന്നാലെയാണ് കോച്ച് ഫെലിക്സ് സാഞ്ചസിന്‍റെ ടീം കളത്തിലിറങ്ങുന്നത്. അറബ് കപ്പിന്‍റെ ആവേശപ്പോരാട്ടത്തിനു ശേഷമാണ് ദേശീയ ടീമിന്‍റെ അങ്കം. രാത്രി 8.30ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ ബൾഗേറിയയാണ് എതിരാളികൾ.
പ്രധാന താരങ്ങളായ അക്രം അഫിഫി, ഹസൻ ഹൈദോസ്, അൽമുഇസ് അലി, കരിം ബൗദിയാഫ്, സാദ് അൽ ഷീബ് തുടങ്ങിയ താരങ്ങളുമായി സ്വന്തം മണ്ണിലെ വിശ്വമേളക്ക് തേച്ച് മിനുക്കിയെടുക്കാനുള്ള കിക്കോഫാണിത്.
ലോകകപ്പിനുള്ള ടീമിന്‍റെ പ്രധാന തയാറെടുപ്പാണിതെന്ന് കോച്ച് ഫെലിക്സ് സാഞ്ചസ് പറഞ്ഞു. കൂടുതൽ താരങ്ങൾക്ക് അവസരം നൽകിയാവും കളിക്കുക. സമ്മർദങ്ങളൊന്നുമില്ല. വരാനിരിക്കുന്ന നാളുകളിൽ പരമാവധി മത്സരങ്ങളിലൂടെ ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം -സാഞ്ചസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.