ഇന്ന് കിക്കോഫ്: ഇനി ഖിഫ് ഫുട്ബാൾ ആരവം
text_fieldsദോഹ: പ്രവാസി മലയാളി ഫുട്ബാൾ ആരാധകർക്ക് വീണ്ടുമൊരു ഉത്സവകാലം സമ്മാനിച്ച് ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം (ഖിഫ്) 14ാമത് അന്തർജില്ല ഫുട്ബാൾ ടൂർണമെന്റിന് വ്യാഴാഴ്ച കിക്കോഫ്. വൈകീട്ട് 7.30ന് ദോഹ സ്റ്റേഡിയത്തിലാണ് പോരാട്ടങ്ങൾക്ക് തുടക്കം. എട്ടു ജില്ല ടീമുകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ കെ.എം.സി.സി മലപ്പുറം, കെ.എം.സി.സി കണ്ണൂർ ടീമിനെ നേരിടും. രണ്ടാമത്തെ അങ്കത്തിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് ടീമായ ടി.ജെ.എസ്.വി തൃശൂർ, ഫോക് കോഴിക്കോടിനെ നേരിടും.
യുനൈറ്റഡ് എറണാകുളം, ദിവ കാസർകോട്, കെ.എം.സി.സി പാലക്കാട്, വയനാട് കൂട്ടം എന്നിവയാണ് ടൂർണമെന്റിൽ മാറ്റുരക്കുന്ന മറ്റു ജില്ല ടീമുകൾ. മുൻ ഖിഫ് ടൂർണമെന്റുകളിൽനിന്ന് വ്യത്യസ്തമായി ഓരോ ജില്ലയിൽനിന്നും ഓരോ ടീമുകൾ മാത്രമാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ശക്തരായ ജില്ല ടീമുകൾ മാറ്റുരക്കുമ്പോൾ വീറും വാശിയും നിറഞ്ഞ അന്തർജില്ല ഫുട്ബാൾ ടൂർണമെന്റിനായിരിക്കും ഇത്തവണ സാക്ഷിയാകുന്നതെന്ന് ഖിഫ് ഭാരവാഹികൾ പറഞ്ഞു.
നാട്ടിൽനിന്നെത്തിയ കളിക്കാരും വിവിധ ടീമുകളിലായി ബൂട്ടുകെട്ടും. കൊറോണയുടെ സാഹചര്യത്തിൽ മൂന്നു വർഷത്തെ ഇടവേളക്കുശേഷമാണ് മലയാളികളുടെ ഫുട്ബാൾ ആവേശമായ ഖിഫ് അന്തർജില്ല ഫുട്ബാൾ ടൂർണമെന്റ് തിരിച്ചെത്തുന്നത്. ഒന്നര മാസക്കാലം നീണ്ടുനിൽക്കുന്ന ഈ ഫുട്ബാൾ മേള ഡിസംബർ 15നാണ് അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.