മൂന്നു പേർക്ക് ജീവനായി അനൂപ് മടങ്ങുന്നു
text_fieldsദോഹ: ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത മൂന്ന് പേരിലേക്ക് തന്‍റെ ജീവൻ പകർന്ന്, തൃശൂർ കൊരട്ടി ചെറ്റാരിക്കൽ മുല്ലപ്പള്ളി വീട്ടിൽ അനൂപ് ഉണ്ണി നായർ (45) ജീവിതത്തിൽ നിന്നും യാത്രയായി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഖത്തറിൽ മരിച്ച അനൂപ് ഉണ്ണി നായരാണ് പ്രവാസ മണ്ണിൽ മരണാനന്തരവും അപൂർവമായൊരു മാതൃക തീർത്ത് ജീവനറ്റ ശരീരമായി പ്രിയപ്പെട്ടവരിലെത്തുന്നത്.
ഈ മാസം 16നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അനൂപ് താമസ സ്ഥലത്ത് കുഴഞ്ഞു വീണത്. ആദ്യം ക്യൂബൻ ആശുപത്രിയിലും പിന്നീട് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ ശേഷം, മൂന്നു ദിവസം കഴിഞ്ഞ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് അനൂപിന്‍റെ വൃക്കയും കരളും ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം നൽകിയത്. തുടർന്ന്, രണ്ടു വൃക്കകൾ രണ്ടു പേർക്കും, കരൾ മറ്റൊരാളിലേക്കുമായി കൈമാറി. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ബുധനാഴ്ചയോടെയാണ് അവയവ ദാനം പൂർത്തിയാക്കിയത്.
നാട്ടിലുള്ള ഭാര്യ ദീപ അനൂപ്, പ്ലസ് ടു വിദ്യാർഥിനിയായ മകൾ ഐശ്വര്യ അനൂപ്, മതാപിതാക്കളായ ഉണ്ണി നായർ, സീതാ ഉണ്ണി എന്നിവർ പ്രിയപ്പെട്ടവന്‍റെ വേർപാടിനിടയിലും ധീരമായ തീരുമാനത്തിലൂടെ മനുഷ്യസ്നേഹത്തിന്‍റെ വലിയ മാതൃകയായി മാറുകയായിരുന്നു. കടലിനക്കരെ നിന്നും അവരുടെ കൈയൊപ്പ് പതിഞ്ഞ സമ്മതപത്രമെത്തിയപ്പോൾ അത് പലനാട്ടുകാരായ മൂന്ന് പേർക്കും അവരുടെ കുടുംബങ്ങൾക്കും പുതുജീവിതമായി മാറി.
സ്വകാര്യ പരസ്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു അനൂപ്. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ മറ്റു നടപടികൾ പൂർത്തിയാക്കിയശേഷം വെള്ളിയാഴ്ച പുലർച്ചെയോടെ ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. വെള്ളിയാഴ്ച ഉച്ച രണ്ട് മണിക്ക് കുന്നത്ത് മങ്ങാട്ടുകര വീട്ടുവളപ്പിലാണ് സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.