കിളിമഞ്ചാരോ കീഴടക്കി ഖത്തർ വിദ്യാർഥി സംഘം
text_fieldsദോഹ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി 13 അംഗ ഖത്തരി വിദ്യാർഥിസംഘം. 15കാരനായ അലി മുബാറക് ഉൾപ്പെടെയുള്ള സംഘമാണ് സാഹസിക നേട്ടവുമായി മടങ്ങുന്നത്. പർവതത്തിന്റെ ഉച്ചിയിലെത്തിയതോടെ കിളിമഞ്ചാരോ കീഴടക്കുന്ന പ്രായം കുറഞ്ഞ ഖത്തരിയെന്ന ഖ്യാതി ഇനി അലി മുബാറകിന് സ്വന്തമായി.
ഖത്തർ യൂനിവേഴ്സിറ്റി പ്രീ യൂനിവേഴ്സിറ്റി എജുക്കേഷന് കീഴിലുള്ള ഖത്തർ അക്കാദമി അൽ വക്റ, ഖത്തർ അക്കാദമി ദോഹ എന്നീ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് കൊടുമുടി കീഴടക്കിയിരിക്കുന്നത്. ക്ലാസ് റൂമിന് പുറത്തുനിന്നും ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളാണ് കിളിമഞ്ചാരോയിലേക്കുള്ള യാത്രയിലൂടെ വിദ്യാർഥികൾക്ക് ലഭിച്ചിരിക്കുന്നതെന്ന് സംഘാംഗങ്ങൾ പ്രതികരിച്ചു. താൻസനിയയിൽ സ്ഥിതിചെയ്യുന്ന കിളിമഞ്ചാരോ നിർജീവമായ അഗ്നിപർവതം കൂടിയാണ്.
വിദ്യാർഥികളിൽ കൂടുതൽ ആത്മവിശ്വാസം നൽകാൻ ഇത്തരത്തിലുള്ള ട്രക്കിങ്ങിലൂടെ സാധിക്കുമെന്ന് ഖത്തർ അക്കാദമി അൽ വക്റയിലെ അധ്യാപകനും ട്രിപ്പിന് നേതൃത്വം നൽകുകയും ചെയ്യുന്ന അബ്ദുറഹ്മാൻ ഹൻദൂൽ പറഞ്ഞു. കുട്ടികളെ കൂടുതൽ സ്വതന്ത്രമാക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനുള്ള ആർജവം നൽകുന്നതിനും അവരെ തങ്ങളുടെ സുരക്ഷിത ഇടങ്ങളിൽ നിന്ന് പുറത്തെത്തിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ട്രിപ് സംഘടിപ്പിക്കുന്നതെന്നും ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയതോടെ ഖത്തറിൽ നിന്നുള്ള യുവ പർവതാരോഹക സംഘം ചരിത്രത്തിലിടം പിടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കിളിമഞ്ചാരോ പർവതാരോഹണത്തിനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽ മാനസികവും ശാരീരികവുമായ തയാറെടുപ്പുകൾക്കായി ഈ വർഷം ആദ്യത്തിൽ പരിശീലനം നൽകിയിരുന്നു.
ശാരീരികശേഷി നിലനിർത്തുന്നതിനായി ഹൈ ഇൻറൻസിറ്റി ഇൻറർവെൽ ട്രെയിനിങ് സെഷനുകളുൾപ്പെടെയുള്ള പരിശീലനവും വിദ്യാർഥികൾക്ക് നൽകിയിരുന്നു.
പുലർച്ച നാലിന് വക്റ ബീച്ചിലൂടെയുള്ള നടത്തവും വിദ്യാർഥികൾക്ക് ആവേശം പകർന്നു. 15 മുതൽ 18 വരെ പ്രായമുള്ള വിദ്യാർഥികളാണ് സംഘത്തിലുള്ളത്. തുടക്കം മുതൽ ഓരോരുത്തരും പരസ്പരം സഹകരിച്ചാണ് മുന്നോട്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.