ഉയരങ്ങളിലെ കിങ് ബർഷിം
text_fieldsദോഹ: ഒളിമ്പിക്സ് ഹൈജംപ് പിറ്റിൽ ഒരു വ്യാഴവട്ടക്കാലം തന്റേതു മാത്രമാക്കി ഖത്തറിന്റെ സ്വന്തം ഫാൽക്കൺ വിശ്വമേളയോട് ബൈ പറയുകയാണ്. 2012ൽ ലണ്ടനിൽ തുടങ്ങി 2024ൽ പാരിസ് വരെ നീണ്ട ഒളിമ്പിക് കരിയറിന് അന്ത്യം കുറിക്കുമ്പോൾ ഇതുവരെയായി മാറിലണിഞ്ഞത് നാല് മെഡലുകൾ.
രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും. മൂന്നു വർഷം മുമ്പ് ടോക്യോയിൽ നേടിയ സ്വർണ നേട്ടം ഇക്കുറി പാരിസിൽ ആവർത്തിച്ച് ഒളിമ്പിക് പിറ്റിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ചിറങ്ങിയ മുഅതസ് ആ പ്രതീക്ഷകൾ ആരാധകർക്കു സമ്മാനിച്ചായിരുന്നു ഓരോ ചാട്ടവും പൂർത്തിയാക്കിയത്.
ഒപ്പം മത്സരിച്ചവർക്കും മുന്നിലായി ഓരോ ഉയരവും മറികടന്ന താരത്തിന്, പക്ഷേ, സ്വർണം നിശ്ചയിക്കപ്പെട്ട 2.36 മീറ്റർ എന്ന ഉയരത്തിൽ കാലിടറി. അതുവരെ തപ്പിയും തടഞ്ഞും ഉയരം താണ്ടിയ ന്യൂസിലൻഡിന്റെയും അമേരിക്കയുടെയും ജംപർമാർ ആദ്യശ്രമങ്ങളിൽ കടന്നപ്പോൾ, ബർഷിമിന് മൂന്നു തവണയും എത്തിപ്പിടിക്കാനായില്ല. ഇതോടെയാണ് പാരിസിലെ മെഡൽ വെങ്കലത്തിലൊതുങ്ങിയത്.
ഖത്തർ സമയം ശനിയാഴ്ച രാത്രി എട്ടിന് തുടങ്ങിയ മത്സരത്തിലേക്കായിരുന്നു ആരാധകരുടെ കണ്ണുകളത്രയും. പാരിസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയിൽ ഖത്തറിന്റെ പതാകകൾ ഏറ്റവും ഉയരെ പറന്നതും ആർപ്പു വിളിച്ചതും ആ പോരാട്ടത്തിനായിരുന്നു.
ടോക്യോയിൽ ബർഷിമിനൊപ്പം സ്വർണം പങ്കുവെച്ച ഇറ്റലിയുടെ മാർകോ ടാംബെരി തീർത്തും നിരാശപ്പെടുത്തി ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. 2.22 മീറ്റർ മാത്രം ചാടാനേ ടാംബേരിക്ക് കഴിഞ്ഞുള്ളൂ.
‘ഈ മെഡൽ നിങ്ങൾക്കുള്ളതാണ്’
തന്റെ 33ാം വയസ്സിൽ അത്ലറ്റിക്സിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ എന്ന മേൽവിലാസവുമായാണ് ബർഷിം വിശ്വപോരാട്ട മണ്ണിനോട് വിടവാങ്ങുന്നത്. ഹൈജംപ് മത്സര വേദികളിൽ ഇനിയും കാണാമെങ്കിലും, പാരിസ് തന്റെ അവസാന ഒളിമ്പിക്സായിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചായിരുന്നു ബർഷിം വിമാനം കയറിയത്.
യോഗ്യത റൗണ്ടിൽ ഒന്നാമനായി തന്നെ ഫൈനലിലേക്ക് പ്രവേശിച്ച താരം, പരിക്ക് എന്ന വെല്ലുവിളിയെ തോൽപിച്ചായിരുന്നു ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവെച്ചത്.
തുടർച്ചയായി നാല് ഒളിമ്പിക്സിലും മെഡൽ നേട്ടവുമായി പടിയിറങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷം ബർഷിം പങ്കുവെച്ചു. ‘കഴിഞ്ഞ 12 വർഷവും മെഡൽ പോഡിയത്തെ കുറിച്ചാണ് സംസാരിച്ചത്. ഇത് എളുപ്പമുള്ള കാര്യമല്ല. ദൈവത്തിന് സ്തുതി. ഒരു ഒളിമ്പ്യനാകുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഏറ്റവും കൂടുതൽ ഒളിമ്പിക് ഹൈജംപ് മെഡലുകൾ നേടിയ അത്ലറ്റാണ് ഞാൻ. നിങ്ങൾ എനിക്ക് നൽകിയ പിന്തുണയിൽ ഒരിക്കലും നിരാശപ്പെടേണ്ടിവന്നില്ല എന്നത് സന്തോഷം നൽകുന്ന കാര്യമാണ്.
ഈ മെഡൽ നിങ്ങൾക്കുള്ളതാണ്, എനിക്കല്ല. ഈ മെഡൽ എന്നെ പിന്തുണച്ച എല്ലാവർക്കും വേണ്ടിയാണ്’ -മുഅതസ് ബർഷിം പറഞ്ഞു.
എന്റെ യാത്ര അവസാനിപ്പിക്കാനുള്ള സമയമാണിത്. വരും തലമുറക്കായി വഴിമാറുകയാണ്. പുതു ചാമ്പ്യന്മാർ വരട്ടെ. ഇതെന്റെ അവസാന ഒളിമ്പിക്സാണ്. എന്നാൽ, അവസാന ചാമ്പ്യൻഷിപ്പല്ല. അടുത്ത വർഷം ചാമ്പ്യൻഷിപ്പുകൾ ഉണ്ട്. ചൈനയിൽ നടക്കുന്ന ലോക ഇൻഡോർ ചാമ്പ്യൻഷിപ്പും ഏഷ്യൻ ഗെയിംസും ഉൾപ്പെടെ മേളകളിൽ കാണാം’ -പാരിസിലെ മിന്നും പ്രകടനത്തിനു പിന്നാലെ ബർഷിം പറഞ്ഞു.
പരിശീലകനായോ, ഉപദേശകനായോ തന്റെ മത്സര പരിചയങ്ങൾ വരും തലമുറകളിലേക്ക് പകരാൻ തയാറാണെന്നും ബർഷിം വ്യക്തമാക്കി.
ബർഷിം അവസാനിപ്പിക്കുന്ന ഒളിമ്പിക് പോഡിയം
ലോകചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നു തവണ സ്വർണവും ഒരു വെള്ളിയും വെങ്കലവും നേടിയ ചരിത്രം കുറിച്ച അതേ മാതൃകയിലാണ് മുഅതസ് ബർഷിം ഒളിമ്പിക്സിലും താരമായി മടങ്ങുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ 21കാരനായെത്തി ഖത്തറിനായി ആദ്യ വെള്ളി നേടിക്കൊണ്ടായിരുന്നു തുടക്കം. 2016 റിയോയിലും ആ വെള്ളി നിലനിർത്തിയ താരം, അടുത്ത ഒളിമ്പിക്സിൽ സ്വർണമാക്കിമാറ്റി. 2017, 2019, 2022 ലോകചാമ്പ്യൻഷിപ്പുകളിൽ സ്വർണം, 2013ൽ വെള്ളിയും 2023ൽ വെങ്കലവും നേടി.
ഏഷ്യൻ ഗെയിംസ്, വേൾഡ് ഇൻഡോർ, ഏഷ്യൻ ഇൻഡോർ, പാൻ അറബ് തുടങ്ങി കൊയ്തെടുത്ത സ്വർണങ്ങളുടെ എണ്ണം നിരവധിയാണ്.
ദോഹയിൽ 1991 ജൂൺ 24നായിരുന്നു ബർഷിമിന്റെ ജനനം. അഞ്ചുആൺകുട്ടികളും ഒരു പെൺകുട്ടിയുമടങ്ങുന്ന കുടുംബത്തിൽ നിന്നും നല്ലൊരു അത്ലറ്റായ പിതാവിന്റെ കൈപിടിച്ച് ട്രാക്കിലിറങ്ങിയ ബർഷിം പിന്നെ ഉയരങ്ങളുമായി കൂട്ടായി. ഓട്ടവും ലോങ്ജംപുമായിരുന്നു ആദ്യ ഇനങ്ങളെങ്കിൽ 15ാം വയസ്സിൽ ഹൈജംപ് സീരിയസായി. ആസ്പെയർ സ്പോർട്സ് അക്കാദമിയിൽ ചേർന്നതോടെയാണ് വിജയകഥ തുടങ്ങുന്നത്.
2009ൽ ആസ്പെയറിലെ പരിശീലനം പൂർത്തിയാക്കി, അപ്പോൾ മികച്ച ഉയരം 2.14 മീറ്റർ ആയിരുന്നു. ഇതിനിടെയാണ് നിലവിലെ കോച്ച് സ്റ്റാനിസ്ലാവിനെ കണ്ടുമുട്ടുന്നത്. പതിറ്റാണ്ടിലേറെ കാലമായി പിതാവിനെയും മകനെയും പോലെയാണ് പോളണ്ടുകാരനായ സ്റ്റാനിയും 33കാരനായ ബർഷിമും. 2009ൽ തുടങ്ങിയ കൂട്ട് ഇന്നും തുടരുന്നു.
സഹോദരൻ മിഷാൽ ബർഷിം ഖത്തർ ദേശീയ ഫുട്ബാൾ ടീമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായും സ്പോർട്സിലെ കുടുംബ പാരമ്പര്യം നിലനിർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.