കെ.എം.സി.സി ഏറനാടൻ പ്രതിഭ പുരസ്കാരം പ്രഖ്യാപിച്ചു
text_fieldsദോഹ: ഖത്തർ കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി പി. സീതി ഹാജിയുടെ നാമധേയത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ഏറനാടൻ പ്രതിഭ പുരസ്കാരത്തിന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ കുത്തുപറമ്പ് സ്വദേശി പി. ചേക്കു മുസ്ലിയാരും കാവനൂർ പഞ്ചായത്തിലെ ഇരുവേറ്റി തോട്ടിലങ്ങാടി വി. ഹംസയും അർഹരായി.
ചേക്കു മുസ്ലിയാർ 1970ൽ വില്ലേജ് കമ്മിറ്റി ഭാരവാഹിയായി സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി 1975ൽ ഊർങ്ങാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി. 1977 മുതൽ 2010 വരെ മഞ്ചേരിയിലും ശേഷം ഏറനാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് സഹ ഭാരവാഹിയായും സേവനമനുഷ്ഠിച്ചു. ജില്ല പഞ്ചായത്ത് സൂപ്രണ്ടായി സർവിസിൽനിന്ന് വിരമിച്ച വി. ഹംസ ദീർഘകാലം കാവനൂർ പഞ്ചായത്ത് മുസ്ലിം ലീഗിലെ വിവിധ പദവികൾ വഹിച്ചു.
നിലവിൽ സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലറാണ്. ഖത്തറിൽ നടന്ന ചടങ്ങിൽ പി.കെ. ബഷീർ എം.എൽ.എയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. പി.കെ. ബഷീർ, സി.പി. സൈതലവി, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട് എന്നിവരടങ്ങുന്ന നാലംഗ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി മാസത്തിൽ പുരസ്കാര ജേതാക്കളുടെ ജന്മനാടുകളിൽ നടക്കുന്ന ചടങ്ങുകളിൽ മുസ്ലിം ലീഗ് സംസ്ഥാന ദേശീയ നേതാക്കൾ, എം.പിമാർ, എം.എൽ.എ, ജില്ല നേതാക്കൾ ഉൾപ്പടെയുള്ള ചടങ്ങിൽ സമ്മാനിക്കും. പി.വി. മുഹമ്മദ് അരീക്കോട്, എം.ഐ. തങ്ങൾ, എം.സി. മുഹമ്മദ് ഹാജി എന്നിവരായിരുന്നു കഴിഞ്ഞ മൂന്ന് ഏറനാടൻ പ്രതിഭ പുരസ്കാര ജേതാക്കൾ.
ഖത്തർ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ, ഏറനാട് മണ്ഡലം പ്രസിഡന്റ് അജ്മൽ അരീക്കോട്, ജനറൽ സെക്രട്ടറി അഹ്മദ് നിയാസ് മൂർക്കനാട്, വൈസ് പ്രസിഡന്റ് സഫീറുസ്സലാം എടവണ്ണ, ട്രഷറർ പി.കെ. അബ്ദുൽ മനാഫ് എന്നിവർ സംസാരിച്ചു. സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.