കെ.എം.സി.സി: ആദ്യം പറന്നത് മണ്ഡലം കമ്മിറ്റികളുടെ ചാർട്ടേഡ് വിമാനം
text_fieldsദോഹ: ഖത്തറിൽ നിന്ന് കെ.എം.സി.സി കൂത്തുപറമ്പ്, കുറ്റ്യാടി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ഒരുക്കിയ ചാർട്ടേഡ് വിമാനം പറന്നു. ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ ഐ.സി.ബി.എഫുമായി സഹകരിച്ചാണിത്. ദോഹ ഹമദ് വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാവിലെ 11.20ഓടെയാണ് കണ്ണൂരിലേക്ക് ഗോ എയർ വിമാനം പോയത്. പത്ത് കുഞ്ഞുങ്ങളടക്കം ആകെ 184 യാത്രക്കാരാണുളളത്. കോഴിക്കോട്, കണ്ണൂർ, കൊച്ചി, തൃശൂർ ജില്ലക്കാരാണിവർ. കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി.കെ. അബ്ദുൽ റഹീമിൻെറ നേതൃത്വത്തിലാണ് വിമാനം ഒരുക്കിയത്. ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ.ബാബുരാജൻ, ഡോ.മോഹൻ തോമസ് എന്നിവരാണ് വിമാനവുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ പൂർത്തീകരിച്ചുകൊടുത്തത്. 43 ഗർഭിണികൾ, ഗുരുതരാവസ്ഥയിലുള്ള രണ്ട് അർബുദ രോഗികൾ എന്നിവരും യാത്രക്കാരായുണ്ട്. പത്ത് ശതമാനം ആളുകൾക്ക് പൂർണമായും സൗജന്യമായാണ് ടിക്കറ്റ് നൽകിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 50 ശതമാനം ആളുകൾക്ക് 900 റിയാലിനാണ് ടിക്കറ്റ് നൽകിയത്. സാമ്പത്തികശേഷിയുള്ള മറ്റുള്ളവർക്ക് 1250 റിയാലിനുമാണ് ടിക്കറ്റുകൾ. യാത്രക്കാരിൽ 15 പേർ ഐ.സി.ബി.എഫ് മുഖേന 900 റിയാൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവരാണ്.
വെള്ളിയാഴ്ച രണ്ട് വിമാനം കൂടി പറക്കുമെന്ന് അബ്ദുൽ റഹീം പറഞ്ഞു. രാവിലെ 10.30ന് കണ്ണൂരിലേക്കാണ് ഒന്ന്. അടുത്തതിൻെറ സമയം തീരുമാനമായിട്ടില്ല. ശനിയാഴ്ചയും വിമാനം ഉണ്ടാകും. എന്നാൽ അന്തിമതീരുമാനമായിട്ടില്ല. അതേസമയം, കെ.എം.സി.സി സംസ്ഥാനകമ്മിറ്റിയുടെ വിമാനം ആദ്യം പോകണമെന്ന തീരുമാനം ഏറെ വൈകുകയും മണ്ഡലം കമ്മിറ്റി ഏർപ്പാടാക്കിയ വിമാനം പറക്കുകയും ചെയ്ത കാര്യം അണികൾക്കിടയിൽ ഏറെ ചർച്ചകൾക്ക് ഇടവച്ചിട്ടുണ്ട്. പല കമ്മിറ്റികളും വിമാനം ഏർപ്പാടാക്കുന്നത് സംസ്ഥാനകമ്മിറ്റിക്കായി വൈകിപ്പിക്കുകയായിരുന്നു. അതിനിടയിൽ കൂത്തുപറമ്പ് കുറ്റ്യാടി മണ്ഡലം കമ്മിറ്റികളുടെ വിമാനം പോവുകയും ചെയ്തു. ഇതുസംബന്ധിച്ചും അഭിപ്രായവ്യത്യാസം ഉയർന്നിട്ടുണ്ട്.
മുസ്ലിംലീഗ് സംസ്ഥാനകമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ല കമ്മിറ്റിക്കോ മണ്ഡലം കമ്മിറ്റിക്കോ ചാർട്ടേഡ് വിമാനം ഒരുക്കാൻ അനുവാദമുണ്ടെന്നും ഇതിനാലാണ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി വിമാനം ഏർപ്പെടുത്തിയതെന്നും അബ്ദുൽറഹീം പറഞ്ഞു.
അതേസമയം, ഖത്തറിൽ കെ.എം.സി.സി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചാർട്ടേഡ് വിമാനം ആദ്യം ഒരുക്കാനാണ് നിർദേശം നൽകിയിരുന്നതെന്നും അതിനായാണ് ഊർജിതശ്രമം നടത്തിയതെന്നും പ്രസിഡൻറ് എസ്.എ.എം ബഷീർ പറഞ്ഞു. പ്രതിസന്ധിയിൽ ഉഴലുന്നവർ നാട്ടിലെത്തുക എന്നതിനാണ് പ്രാധാന്യം. വിവിധ മണ്ഡലം കമ്മിറ്റികളുടെ വിമാനങ്ങളും അടുത്ത ദിവസങ്ങളിൽ ഖത്തറിൽ നിന്ന് പറക്കുമെന്നും അദ്ദേഹം പറഞ്ഞു.
റൊട്ടാന ഗ്രൂപ്പ് ചാര്‍ട്ടേഡ് വിമാനവും നാട്ടിലെത്തി
ദോഹ: ഖത്തര്‍ റൊട്ടാന ഗ്രൂപ്പ് ടീ ടൈമുമായി ചേര്‍ന്ന് അവരുടെ സ്റ്റാഫുകള്‍ക്കും കുടുംബത്തിനും ഏര്‍പ്പാട് ചെയ്ത ചാര്‍ട്ടേര്‍ഡ് വിമാനം വ്യാഴാഴ്ച രാവിലെ 9.30ന് ഹമദ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാജ്യാന്തരവ്യോമ ഗതാഗത നിയന്ത്രണത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്കു കൂടി സഹായമാകുന്ന രീതിയിലായിരുന്നു ഇതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.റൊട്ടാന ഗ്രൂപ്പിൻെറ സ്റ്റാഫുകള്‍ ഉള്‍പ്പടെ ഖത്തറില്‍ പ്രയാസമനുഭവിക്കുന്ന 181 യാത്രക്കാരുമായാണ് വിമാനം കോഴിക്കോട്ടേക്ക് പോയത്. സ്വകാര്യ വിമാനം ചാര്‍ട്ടര്‍ ചെയ്യുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും വിജയിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും റൊട്ടാന അജ്മല്‍ അറിയിച്ചു. ഇന്ത്യയിലും ഖത്തറിലുമായി വിവിധ കേന്ദ്രങ്ങളില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയത് കൊണ്ടാണ് ദൗത്യം യാഥാര്‍ഥ്യമായത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറും എംബസിയിലെ ഉദ്യോഗസ്ഥരും ഏറെ സഹായം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.