കെ.എം.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ
text_fieldsദോഹ: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അന്ത്യകൂദാശ ആകാതിരിക്കാനുള്ള ജാഗ്രതയാണ് മതേതര സമൂഹം കാണിക്കേണ്ടതെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അൻവർ സാദത്ത് മുന്നറിയിപ്പ് നൽകി. നൂറ്റാണ്ടുകൾ കൊണ്ട് നമ്മുടെ പൂർവികർ ത്യാഗം ചെയ്ത് നിർമിച്ച രാജ്യമാണ് ഇന്ത്യ. അത് തകർക്കാനുള്ള ഏത് ശ്രമത്തെയും നമുക്ക് പരാജയപ്പെടുത്തണം.
ഭരണഘടന നിലനിൽക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് ‘ഇൻഡ്യ’ മുന്നണി നടത്തുന്നതെന്നും മതേതര സമൂഹം അത് തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ ആശംസ നേർന്നു. ആക്ടിങ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. എസ്.എം.എ ബാധിതയായ ബാലികയുടെ ചികിത്സാ ധന സമാഹരണത്തിലേക്ക് ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് കെ.എം.സി.സിയുടെ മുഴുവൻ സംഘടന സംവിധാനങ്ങളും പ്രവർത്തന സജ്ജമാക്കുമെന്ന് കമ്മിറ്റി പ്രഖ്യാപിച്ചു. ഫണ്ട് സമാഹരണ സമിതിയെ യോഗത്തിൽ പ്രഖ്യാപിച്ചു.
ഉപദേശക സമിതി നേതാക്കളായ പി.വി. മുഹമ്മദ് മൗലവി, സി.വി. ഖാലിദ്, ഇസ്മായിൽ ഹാജി വേങ്ങശ്ശേരി, കെ.വി. മുഹമ്മദ്, മുസ്തഫ എലത്തൂർ, മുൻ ജനറൽ സെക്രട്ടറി എ.പി. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ടി.ടി.കെ. ബഷീർ, പുതുക്കുടി അബൂബക്കർ, ആദം കുഞ്ഞി തളങ്കര, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, വി.ടി.എം. സാദിഖ്, ഫൈസൽ കേളോത്ത് ശംസുദ്ദീൻ എം.പി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.