സലാം ചീക്കോന്നിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsദോഹ: മൂന്നരപ്പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി കൺവീനർ കൂടിയായ സലാം ചീക്കോന്നിന് സംസ്ഥാന കെ.എം.സി.സി അൽ ഇഹ്സാൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദോഹയിലെ മത സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
1988ൽ ദോഹയിലെത്തി ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിൽ 13 വർഷം സേവനം നിർവഹിച്ച സലാം 22 വർഷമായി ഖത്തർ സ്റ്റാൻഡേഡിൽ പബ്ലിക് റിലേഷൻ ഡിപ്പാർഡ്മെന്റിലെ ജീവനക്കാരനാണ്. ഖത്തർ ഇസ്ലാഹി സെന്റർ ഭാരവാഹിയായും ചീക്കോന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റായും ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു. ഖത്തറിൽ മരണപ്പെടുന്ന വ്യക്തികളുടെ മയ്യിത്ത് പരിപാലന സേവന രംഗത്ത് കർമനിരതനായ അദ്ദേഹം നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്ക് മികച്ച സേവനം നിർവഹിച്ചു പോരുന്നു. നാദാപുരം നരിപ്പറ്റ സ്വദേശിയാണ്. സുദീർഘമായ പ്രവാസം കർമനിരതമാക്കിയ മാതൃക പൊതുപ്രവർത്തകനാണ് സലാം ചീക്കോന്ന് എന്ന് യാത്രയയപ്പ് യോഗത്തിൽ സംസ്ഥാന നേതാക്കൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം നേതാക്കൾ കൈമാറി. ഭാരവാഹികളായ അൻവർ ബാബു, ടി.ടി.കെ. ബഷീർ, ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അഷ്റഫ് ആറളം, താഹിർ താഹകുട്ടി, വി.ടി.എം. സാദിഖ്, ഫൈസൽ മാസ്റ്റർ. സമീർ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.