ജനക്ഷേമ മേഖലയിൽ ഊന്നൽ നൽകി കെ.എം.സി.സി
text_fieldsദോഹ: ജീവകാരുണ്യ, ജനക്ഷേമ മേഖലയിൽ പുതു പദ്ധതികളും ആശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന നയങ്ങളുമായി ഖത്തർ കെ.എം.സി.സിയുടെ പുതു നേതൃത്വം.
സാങ്കേതിക വിദ്യകൾ ഏറെ വികസിച്ച്, നിർമിതബുദ്ധിയെ കുറിച്ച് ചർച്ചചെയ്യുന്ന കാലത്ത് പുതിയ തലമുറയിലെ അംഗങ്ങളെ അഭിമുഖീകരിക്കും വിധമാവും കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്ന് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച നടന്ന സംസ്ഥാന കൗൺസിലിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതിനു പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ പി.എം.എ. സലാമിനൊപ്പം നടന്ന വാർത്തസമ്മേളനത്തിലായിരുന്നു ഭാരവാഹികൾ ഇക്കാര്യം വിശദീകരിച്ചത്.
വരുന്ന കാലയളവിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന ഒരുകൂട്ടം പദ്ധതികൾ പ്രകടനപത്രികയായി മുന്നോട്ടുവെച്ചാണ് അംഗങ്ങളെ സമീപിച്ചത്.
യുവതലമുറക്ക് പങ്കാളിത്തം, പ്രവാസി വനിതകളുടെ ശാക്തീകരണം, കുടുംബങ്ങളെ സംഘടനയുമായി അടുപ്പിക്കുക, മറ്റു സാമൂഹിക സംഘടനകളുമായി കൂടിയാലോചിച്ച് ഇന്റർനാഷനൽ സ്കൂൾ ആരംഭിക്കുക, കെ.എം.സി.സിക്ക് പുതിയ ആസ്ഥാനം നിർമിക്കുക, സ്വന്തം പ്രവർത്തകർക്കുകൂടി കരുതൽ നൽകുന്ന സാമ്പത്തിക പദ്ധതികൾ തുടങ്ങി വൈവിധ്യമാർന്ന ജനക്ഷേമ പ്രവർത്തനങ്ങൾ ഭാവിയിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വരാനിരിക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലെ അംഗീകാരത്തോടെ ഓരോ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും വ്യക്തമാക്കി.
കെ.എം.സി.സിയുടെ 18,000 അംഗങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ‘സ്നേഹസുരക്ഷ പദ്ധതി’തുക വർധിപ്പിച്ച് കൂടുതൽ നവീകരണങ്ങളോടെ പ്രാബല്യത്തിൽ വരും. ഇതിനു പുറമെ വൈറ്റ് ഗാർഡ് മാതൃകയിൽ സേവന സന്നദ്ധരായ വളന്റിയർ സംഘത്തിന് രൂപം നൽകുമെന്നും അറിയിച്ചു.
സംഘടനയുടെ സഹഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുമെന്ന് പി.എം.എ. സലാം പറഞ്ഞു. കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളുമായും നേതാക്കളുമായും കൂടിയാലോചിച്ചും പ്രവർത്തനമികവും വിവിധ മേഖലകളിലെ കഴിവ് വിലയിരുത്തിയും തെരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.