ആഗോള സംഘടനയുമായി കെ.എം.സി.സി; ജൂലൈയിൽ പ്രഖ്യാപനം
text_fieldsദോഹ: വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കെ.എം.സി.സി സംസ്ഥാന കമ്മിറ്റികളെ എല്ലാം ഉൾപ്പെടുത്തി ഗ്ലോബൽ കെ.എം.സി.സി എന്ന പേരിൽ ആഗോള കൂട്ടായ്മ രൂപീകരിക്കുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഖത്തർ കെ.എം.സി.സി പുതിയ കമ്മിറ്റി നിലവിൽ വന്നതിനു പിന്നാലെ ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മുഴുവൻ രാജ്യങ്ങളിൽ നിന്നുമുള്ള കെ.എം.സി.സി കമ്മിറ്റികളെ പങ്കെടുപ്പിച്ച് ജൂലായിൽ കോഴിക്കോട് നടത്തുന്ന ശിൽപശാലയിൽ ഗ്ലോബൽ കെ.എം.സി.സി രൂപീകരിക്കും. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, യൂറോപ്പ്, അമേരിക്ക, ആസ്ട്രേലിയ ഉൾപ്പെടെ 70 രാജ്യങ്ങളിലായി കെ.എം.സി.സിക്ക് സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഏകീകൃത ഭരണഘടനയും, ഏകീകൃത സംവിധാനങ്ങളുമെല്ലാം അടിസ്ഥാനമാക്കി പ്രവർത്തനം ഏകോപിപ്പിക്കുമെന്നും വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനവും, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘവുമാണ് കെ.എം.സി.സിയെന്നും, കോവിഡ് കാലത്ത് വിവിധ രാജ്യങ്ങളിൽ നിർവഹിച്ച സേവന പ്രവർത്തനങ്ങൾ ഭരണാധികാരികളുടെ പ്രശംസ പിടിച്ചു പറ്റിയതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് വളണ്ടിയർ സേവനത്തിലും ഏറ്റവും ഒടുവിൽ തുർക്കി ഭൂകമ്പ ദുരിതാശ്വാസത്തിലും കെ.എം.സി.സി സേവനമെത്തിയെന്നും പി.എം.എ സലാം വിശദീകരിച്ചു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയം വെറുമൊരു അധികാരമാറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന രാജ്യത്തിന് നഷ്ടമായ പൈതൃകവും പാരമ്പര്യവും മതേതരത്വവും വീണ്ടെടുക്കുന്നുതാണ് ഈ വിജയം. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിലടിപ്പിച്ച് അധികാരത്തിലേറിയ ഒരു പാർട്ടിക്കേറ്റ തോൽവി ഇന്ത്യയുടെ വീണ്ടെടുപ്പാണ്. ഈ വിജയം മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് സമ്മതിദാനാവകാശം നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് ചോദ്യത്തിന് മറുപടിയായി പി.എം.എ സലാം പറഞ്ഞു. ഈ വിഷയത്തിൽ സുപ്രീം കോടതിയിലെ കേസ് നടപടിക്ക് മുസ്‍ലിം ലീഗ് പിന്തുണ നൽകുന്നതായും, ലീഗ് രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കുക എന്ന കേന്ദ്ര സർക്കാറിന്റെ നയത്തിന്റെ ഫലമാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുകൾ ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരാൻ കാരണമെന്ന് പി.എം.എ സലാം പറഞ്ഞു. പാർലമെന്റിലനകത്തും പുറത്തും ലീഗ് പ്രതിനിധികൾ ഈ വിഷയത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, വിവിധ സമരങ്ങൾക്കും നേതൃത്വം നൽകുന്നു. ലീഗിന് സ്വാധീനമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നാല്‍ വിമാനക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഖത്തർ കെ.എം.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അബ്ദു സമദ്, ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.