ലഹരിക്കെതിരെ സാമൂഹിക പ്രതിരോധവുമായി കെ.എം.സി.സി ടേബിൾ ടോക്ക്
text_fieldsലഹരിക്കെതിരെ സാമൂഹിക പ്രതിരോധം എന്ന വിഷയത്തിൽ ഖത്തർ കെ.എം.സി.സി സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
ദോഹ: ‘ലഹരി മഹാവിപത്ത്; ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം’ എന്ന ശീർഷകത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
ആധുനിക ജീവിതക്രമം, ആർഭാടം, സിനിമ പോലുള്ള മീഡിയകളിലെ നെഗറ്റിവ് ഹീറോയിസം, ധാർമിക മൂല്യങ്ങളിൽനിന്നുമുള്ള പിന്മാറ്റം, അമിതമായ സ്ട്രെസും, തുടങ്ങി നിരവധി കാരണങ്ങൾ ലഹരിയുടെ അതിവ്യാപനത്തിനു കാരണമാവുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ നിയമനിർമാണം, മത- രാഷ്ട്രീയ- സാംസ്കാരിക സംഘടനകളുടെ പ്രവർത്തന അജണ്ടകളിൽ ലഹരി നിർമാർജന ബോധവത്കരണം, ഡീ അഡിക്ഷൻ സെന്റർ തുടങ്ങി ലഹരി വിപണനത്തെ തടയാനുള്ള ഫലപ്രദവും നിർദേശങ്ങളാലും ടേബിൾ ടോക്ക് ശ്രദ്ധേയമായി. ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന നിർദേശങ്ങൾ കേരളത്തിലെ മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് ഉൾപ്പെടെ അധികാരികൾക്കു അയച്ചുകൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷതവഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആശംസ നേർന്നു. എസ്.എ.എം ബഷീർ മോഡറേറ്ററായിരുന്നു. താജുദ്ദീൻ ചിറകുഴി (ഇൻകാസ് ഖത്തർ), ശംസീർ അരികുളം (സംസ്കൃതി ഖത്തർ), ഖലീൽ പരീദ് (യൂനിറ്റി ഖത്തർ), മുഹമ്മദലി ഖാസിമി (കേരള ഇസ് ലാമിക് സെന്റർ), ശ്രീകല ജിനൻ (ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം), ആർ. ചന്ദ്രമോഹൻ (പ്രവാസി വെൽഫെയർ), മുനീർ സലഫി (ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ), ജോൺ ഗിൽബർട്ട് (ഒ.ഐ.സി.സി ഗ്ലോബൽ), മുജീബ് മദനി (ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ), കെ.ടി ഫൈസൽ സലഫി (ഖത്തർ കേരള ഇസ് ലാഹി സെന്റർ), കഫീൽ പുത്തൻപള്ളി (രിസാല സ്റ്റഡി സർക്കിൾ), കെ. ഹുബൈബ് (ഇന്ത്യൻ മിഡിയഫോറം), ഫസലുറഹ്മാൻ (റേഡിയോ മലയാളം), ആർ.ജെ. അച്ചു (റേഡിയോ സുനോ) തുടങ്ങിയവർ സംസാരിച്ചു. സലിം നാലകത്ത് വിഷയാവതരണം നടത്തി. കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ എം.പി. ശാഫി ഹാജി, വൈസ് ചെയർമാൻമാരായ അബ്ദുനാസർ നാച്ചി, സി.വി. ഖാലിദ്, സംസ്ഥാന ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ, പ്രവർത്തകർ സംബന്ധിച്ചു. സംസ്ഥാന ട്രഷറർ പി.എസ്.എം ഹുസൈൻ സ്വാഗതവും സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.