കടലേ നീല കടലേ...
text_fieldsആഘോഷ സമൃദ്ധമായൊരു പെരുന്നാളിനെ വരേവൽക്കാൻ ഒരുങ്ങുകയാണ് എല്ലാവരും. വേനലവധിയായതിനാൽ സ്കൂളുകൾ അടച്ച്, ഒപ്പം അവധികൂടിയായതോടെ കുടുംബങ്ങൾ ഏറെയും നാട്ടിലേക്ക് മടങ്ങി. എങ്കിലും ഖത്തറിൽ പെരുന്നാൾ കൂടാനൊരുങ്ങുന്ന പ്രവാസികൾ ഏറെയാണ്. സ്കൂൾ അവധിയും, പെരുന്നാൾ അവധിയുമെല്ലാം ചേരുന്നതോടെ അടുത്തയാഴ്ച ഇനി ഉല്ലാസത്തിന്റെ നാളുകളായി. ബുധനാഴ്ച പെരുന്നാൾ ആഘോഷവും, പിന്നീടുള്ള ദിവസങ്ങളിൽ വാരാന്ത്യ അവധികളും കൂടിയാവുന്നതോടെ നിരവധി വിനോദ പരിപാടികൾക്കു കൂടിയാണ് ഖത്തർ സാക്ഷ്യംവഹിക്കുന്നത്.
പെരുന്നാൾ അവധിയെന്നാൽ, പ്രവാസികളായ വലിയൊരു വിഭാഗത്തിനും കടൽത്തീരങ്ങൾ തേടിയുള്ള യാത്രയാണ്. ഇപ്പോൾ, ചൂടുകാലം കൂടിയായതോടെ വൈകുന്നേരങ്ങളിലും രാത്രിയിലും കടലിലെ കാറ്റേറ്റ് ഒഴിവുസമയം ആസ്വദിക്കുന്ന പ്രവാസികൾ വലിയ തോതിലുണ്ട്. അവർക്കായി 80 ശതമാനവും കടലിനാൽ ചുറ്റപ്പെട്ട് കാത്തിരിക്കുകയാണ് ഖത്തർ. സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന അബു സംറ മേഖലയുടെ രണ്ടറ്റത്തുനിന്നും തുടങ്ങുന്ന തീരങ്ങൾ. സൽവ ബീച്ചിന്റെ മനോഹരമായ കാഴ്ചയിൽ തുടങ്ങി ദുഖാനിലെയും സക്രീതിലെയും കടൽത്തീരങ്ങളുടെ വശ്യ സൗന്ദര്യം. അൽ ശമാലും ഫുവൈരിത് ബീച്ചും അൽ ദാഖിറ, സിമൈസിമ, ഫർഖിയയും കടന്ന് ദോഹയുടെ കടൽ സൗന്ദര്യങ്ങൾ. അൽ വക്റയും സീലൈനും ഇൻലാൻഡും ഉൾപ്പെടെ ഖത്തറിന്റെ തീര സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെ മാടിവിളിച്ച് കാത്തിരിക്കുകയാണ് തീരങ്ങൾ.
15 ബീച്ചുകളാണ് എല്ലാ ഭാഗങ്ങളിലുമായി ഒരുക്കിയതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. വെറുമൊരു കടൽ തീരം എന്നതിൽ നിന്നും മാറി അധിക സേവനങ്ങളും വിനോദ പരിപാടികളും ഒരുക്കിയാണ് സന്ദർശകരുടെ കേന്ദ്രങ്ങളാക്കിയത്. ഫുവൈരിത് ബീച്ച്, അൽ മറൂണ, അരിദ, അൽ ഫർഖിയ, സിമൈസിമ, അൽ വക്റ, സീലൈൻ, അൽ അദൈദ്, അൽ മംമ്ലഹ ബീച്ച് (വനിതകൾക്കുമാത്രം), അൽ ഗരിയ, സിക്രിത്, ദുഖാൻ, ഉമ്മു ബാബ് ബീച്ച്, അൽ ഖറൈജ് (ബാച്ചിലേഴ്സ്), സൽവ ബീച്ച് എന്നിവയാണ് പെരുന്നാളിന് മുമ്പായി സന്ദർശകർക്കാർ ഒരുക്കിയത്.
നടപ്പാതകൾ, തണൽ നൽകുന്ന വ്യത്യസ്ത ഡിസൈനുകളിലുള്ള നിർമിതികൾ, ടോയ്ലറ്റ്, കിയോസ്ക്, ബാർബിക്യൂ എരിയ, കുട്ടികൾക്കുള്ള കളിയിടം, വോളിബാൾ, ഫുട്ബാൾ ഗ്രൗണ്ടുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ബീച്ചുകൾ കൂടുതൽ ആകർഷകമായി നവീകരിച്ചത്. ഇതിനു പുറമെ, ഭിന്നശേഷിക്കാരായ സന്ദർശകർക്ക സഞ്ചരിക്കാനുള്ള പ്രത്യേക പാതകളും ചില ബീച്ചുകളിൽ നിർമിച്ചിട്ടുണ്ട്. ഇവർക്ക് സുരക്ഷിതമായി ബീച്ചുകളിൽ എത്തിച്ചേരാനും ഇതുവഴി കഴിയും. സൗരോർജം വഴിയാണ് കൂടുതൽ ബീച്ചുകളിലും വെളിച്ചം നൽകുന്നത്.
കളി മുറ്റത്ത് പെരുന്നാൾ നമസ്കാരം
ലോകകപ്പ് ഫുട്ബാളിൽ വീറുറ്റ പോരാട്ടങ്ങൾക്ക് വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇത്തവണയും പെരുന്നാൾ നമസ്കാരങ്ങൾക്കായി മുസല്ല വിരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും നെയ്മറും ലൂകാ മോഡ്രിച്ചും ഉൾപ്പെടെ വമ്പൻ താരങ്ങൾ കളിച്ച് അടയാളപ്പെടുത്തപ്പെട്ട സ്റ്റേഡിയത്തിലെ പുൽമൈതാനിയിൽ ബലിപെരുന്നാൾ ദിനമായ ബുധനാഴ്ച രാവിലെ ഈദ് നമസ്കാരം നടക്കും. കഴിഞ്ഞ ചെറിയ പെരുന്നാളിന് നമസ്കാരവേദിയായി ചരിത്രം കുറിച്ച ഈ കളിമുറ്റം ലോക ശ്രദ്ധ നേടിയിരുന്നു. 15,000ത്തിൽ പരം വിശ്വാസികളാണ് അന്ന് ഇവിടെ നമസ്കരിച്ചത്. ലോകകപ്പ് ഫുട്ബാൾ വേദികളുടെ ചരിത്രത്തിൽ അതൊരു അപൂർവമായൊരു മുഹൂർത്തമായിരുന്നു.
ജൂൺ 28ന് രാവിലെ അഞ്ചിനാണ് ഇവിടെ നമസ്കാരം ആരംഭിക്കുന്നത്. തുടർന്ന് രാവിലെ ഒമ്പതു വരെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കായി വിവിധ വിനോദ പരിപാടികളും അരങ്ങേറും.
അൽ ദഖീറയിലെ കണ്ടൽ സമൃദ്ധി
കണ്ടൽ സമൃദ്ധമായ അൽ ദഖീറ ബീച്ച് ഖത്തറിന്റെ അപൂർവമായൊരു തീര സൗന്ദര്യമാണ്. അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും കൂട്ടമായി വളരുന്ന കുറ്റിച്ചെടികളായ കണ്ടലുകളുടെ വലിയൊരു ശേഖരം മരുഭൂ മണ്ണിലെ വിസ്മയമാണ്. ദോഹയിൽ നിന്നും 75ലേറെ കിലോമീറ്റർ അകലെയാണ് കടലും, കണ്ടലും നിറഞ്ഞ അൽ ദഖീറ. വിദേശികളും സ്വദേശികളും ഒരുപോലെ ആസ്വദിക്കാനെത്തുന്ന പ്രകൃതിയുടെ അത്ഭുത കാഴ്ചകൂടിയാണ് അൽ ദഖീറയിലെ കണ്ടലുകൾ. ദേശാടന പക്ഷികളും, മത്സ്യസമ്പത്തും എല്ലാം ചേർന്ന് മനോഹരമായൊരു പ്രകൃതി ഭംഗി. ഇതിനൊപ്പം സഞ്ചാരികൾക്ക് കയാക്കിങ്ങിലൂടെയും പെഡ്ൽ ബോട്ടുകൾ ഉപയോഗിച്ചും കണ്ടൽ സൗന്ദര്യം ആസ്വദിക്കാൻ മാർഗങ്ങളുണ്ട്.
1.അവധിക്കാലത്ത് ബീച്ചുകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സ്വന്തം സുരക്ഷയും, ഒപ്പം പരിസ്ഥിതി സംരക്ഷണവും മറക്കേണ്ട.
2.മണലിൽ തീ കൂട്ടുക, പാചകം എന്നിവ ഒഴിവാക്കണം.
3.ബാർബിക്യൂ ഉൾപ്പെടെ പാചകത്തിനുപയോഗിക്കുന്ന കരി കടൽ തീരത്ത് ഉപേക്ഷിക്കരുത്.
4.കരി, ഭക്ഷ്യവശിഷ്ടങ്ങൾ എന്നിവ തീരങ്ങളിലേക്ക് വലിച്ചെറിയാതെ നിർദിഷ്ട സ്ഥലത്ത് മാത്രം നിക്ഷേപിക്കുക.
5.കടലിലിറങ്ങി നീന്തുന്ന സന്ദർശകർ സുരക്ഷക്കായി ലൈഫ് ജാക്കറ്റ് ധരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.