കൊറിയൻ മിഡ്ഫീൽഡ് ജനറൽ ലീ കാങ് ഇൻ
text_fields ഏഷ്യൻ കപ്പ് മത്സരങ്ങൾക്കിടയിലെ ഗാലറി കാഴ്ച
ഏഷ്യൻ കപ്പിൽ ദക്ഷിണ കൊറിയ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബഹ്റൈന് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി തുടക്കം ഗംഭീരമാക്കിയപ്പോൾ അതിൽ രണ്ടു ഗോളും നേടിയത് കൊറിയൻ മധ്യനിരയുടെ നെടുംതൂണായ ലീ കാങ് ഇൻ ആയിരുന്നു. മധ്യനിരയിൽ കളി നിയന്ത്രിച്ച ലീ കാങ് ഇൻ, തുടക്കത്തിൽതന്നെ ബഹ്റൈൻ മുന്നേറ്റത്തിന്റെ മുനയൊടിക്കാനും കൊറിയൻ ആക്രമണങ്ങൾക്ക് തുടക്കമിടാനും നേതൃത്വം നൽകി. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. കിരീടസാധ്യത പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന കൊറിയക്ക് ബഹ്റൈനെതിരായ വിജയം അനിവാര്യമായ സമയത്താണ് രണ്ടാം പകുതിയിൽ 54ാം മിനിറ്റിൽ ലീഡ് നൽകി ലീ കാങ് കൊറിയക്ക് വേണ്ടി വലകുലുക്കിയത്. 12 മിനിറ്റിനുശേഷം വീണ്ടും സ്കോർ ചെയ്ത് പി.എസ്.ജി താരമായ ലീ കാങ് തന്നെ ലീഡ് ഇരട്ടിയാക്കി.
2001 ഫെബ്രുവരിയിൽ കൊറിയയിലെ ജനസംഖ്യാടിസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഇഞ്ചിയോണിലാണ് ലീ കാങ്ങിന്റെ ജനനം. തായ്ക്വൻഡോ പരിശീലകനായ പിതാവിന്റെ വഴിയേ ശാരീരിക വ്യായാമങ്ങളിൽ തൽപരനായ കാങ്, ഫുട്ബാളിലേക്കും തന്റെ ശ്രദ്ധതിരിച്ചു. അഞ്ചാം വയസ്സ് മുതൽ കളിക്കളത്തിൽ സജീവമായ കാങ്, ആറാം വയസ്സിൽ ഷൂട്ട്-ഡോറി എന്ന ടി.വി റിയാലിറ്റി ഫുട്ബാൾ ഷോയിൽ പങ്കെടുത്തതോടെയാണ് കഴിവുകൾ പുറംലോകമറിഞ്ഞത്.
സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ പ്രാദേശിക ക്ലബുകൾക്കുവേണ്ടി പന്തുതട്ടിയ ലീ കാങ്ങിനെ പ്രഫഷനൽ ഫുട്ബാളിലേക്കെത്തിച്ചത് സ്പാനിഷ് ഫുട്ബാൾ ക്ലബായ വലൻസിയയാണ്. 2011ൽ വലൻസിയയിൽ ട്രയൽസിനെത്തിയ കാങ്ങിനെ അവർ സ്ഥിരപ്പെടുത്തുകയും 10ാം വയസ്സിൽതന്നെ താരത്തിന്റെ കുടുംബവുമായി കരാറിലെത്തുകയും ചെയ്തു. ക്ലബിന് കീഴിൽ വിവിധ ടീമുകൾക്കായി പന്തുതട്ടിയ ലീകാങ് 2018ൽ സീനിയർ ടീമിനായി അരങ്ങേറി. കോപ്പ ഡെൽ റേ വിജയത്തിൽ പങ്കാളിയാകുകയും ചെയ്തു. ഇതോടെ യൂറോപ്പിൽ പ്രഫഷനൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കൊറിയൻ ഫുട്ബാൾ താരമാകാനും ലീക്ക് കഴിഞ്ഞു. പിന്നീട് വലൻസിയയുടെ ആദ്യ പതിനൊന്നിലെ സ്ഥിര സാന്നിധ്യമായ ലീ കാങ് ഇൻ, ലാലിഗ, യൂറോപ ലീഗ് ചാമ്പ്യൻഷിപ്പുകളിൽ നിരവധി മത്സരങ്ങളിൽ ബൂട്ടുകെട്ടി.
2019ൽ നടന്ന ഫിഫ അണ്ടർ 20 ലോകകപ്പിൽ ദക്ഷിണ കൊറിയയെ ഫൈനലിൽ വരെ എത്തിക്കുന്നതിൽ കാങ് വലിയ പങ്കുവഹിച്ചു. റണ്ണറപ്പായെങ്കിലും ടൂർണമെന്റിന്റെ ഗോൾഡൻ ബോൾ അവാർഡ് ലീ കാങ്ങിനെ തേടിയെത്തി. ഇതേത്തുടർന്ന് ആ വർഷത്തെ മികച്ച ഏഷ്യൻ യുവതാരമാകാനും ലീക്ക് കഴിഞ്ഞു. 2019 മുതൽ സീനിയർ ടീമിലെ സ്ഥിര സാന്നിധ്യമാണ് ലീ കാങ്.
2021 മുതൽ 2023 വരെ എഫ്.സി മയോർക്കക്ക് വേണ്ടി മധ്യനിര വാണ ലീ കാങ്ങിന്റെ പ്രകടനം ശ്രദ്ധിച്ച പി.എസ്.ജി കഴിഞ്ഞ സീസണിൽ താരത്തെ പാർക്ക് ഡി പ്രിൻസിലെത്തിച്ചു. ഇതുവരെ 10 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ലീ, പി.എസ്.ജിക്ക് വേണ്ടി ഒരു ഗോളും കണ്ടെത്തി. അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും തിളങ്ങാൻ സാധിക്കുന്ന ലീ കാങ്, ദക്ഷിണ കൊറിയക്കായി 20 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നായി ആറു ഗോളുകളും നേടി.
ദക്ഷിണ കൊറിയയിലെ പുരുഷന്മാർ കുറഞ്ഞത് 21 മാസമെങ്കിലും നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കണമെന്നാണ് നിയമം. എന്നാൽ രാജ്യത്തിനുവേണ്ടി വിവിധ ചാമ്പ്യൻഷിപ്പുകളിൽ കിരീടം നേടിക്കൊടുത്താൽ ചില സമയങ്ങളിൽ ഇളവൊക്കെ ലഭിക്കും. രാജ്യത്തിനുവേണ്ടി ഒരു കിരീടവും നേടാൻ കഴിയാത്ത ലീക്ക് ഇതിൽനിന്നും ഒഴിവാകാൻ കഴിഞ്ഞില്ല. അണ്ടർ 20 ലോകകപ്പിൽ റണ്ണറപ്പായത് നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഒഴിവാകാൻ പര്യാപ്തവുമായില്ല. 28 വയസ്സ് തികയുന്നതിനുമുമ്പ് സൈനികസേവനം നടത്തിയില്ലെങ്കിൽ ജയിൽവാസമോ ബഹിഷ്കരണമോ നേരിടേണ്ടി വരും.
2018ലെ ഏഷ്യൻ ഗെയിംസാണ് ലീ കാങ്ങിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ കൊറിയക്ക് സ്വർണമെഡൽ നേടിക്കൊടുത്തതോടെ താരങ്ങളെല്ലാം നിർബന്ധിത സൈനിക സേവനത്തിൽ നിന്നൊഴിവായി. ടോട്ടനത്തിന്റെ സൂപ്പർതാരമയ സൺ ഹ്യൂങ് മിൻ, കിം മിൻ ജെ തുടങ്ങിയവരെല്ലാം ഇക്കാരണത്താൽ മാത്രം സൈനിക സേവനത്തിൽനിന്ന് ഇളവ് ലഭിച്ചവരും ഫുട്ബാൾ കരിയർ തുടരാൻ ഭാഗ്യം ലഭിച്ചവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.