സ്മാർട്ട് കൃഷിയുമായി കൊറിയൻ പവലിയൻ
text_fieldsദോഹ: ഒരു തോട്ടത്തിലെന്നപോലെ പച്ചപ്പുകൾക്കും ചെടികൾക്കുമിടയിലായാണ് ദോഹ എക്സ്പോ വേദിയിലെ ദക്ഷിണ കൊറിയൻ പവലിയൻ സന്ദർശകരെ വരവേൽക്കുന്നത്. സാങ്കേതികവിദ്യകളും കഠിനാധ്വാനികളായ കർഷകരുമായി കൊറിയൻ കൃഷിനിലങ്ങളിൽ കൈവരിച്ച നൂറുമേനിയുടെ രഹസ്യം ഇവിടെ സന്ദർശിച്ചാൽ അറിയാം. ആധുനിക കാർഷിക സാങ്കേതികവിദ്യകളിലും അനുബന്ധ സാങ്കേതിക ഉപകരണങ്ങളിലും കൈവരിച്ച പുരോഗതി പ്രദർശിപ്പിച്ചും പരിചയപ്പെടുത്തിയുമുള്ള ദോഹ എക്സ്പോ വേദിയിലെ ദക്ഷിണ കൊറിയൻ പവലിയൻ സന്ദർശക ശ്രദ്ധ പിടിച്ചുപറ്റുന്നു.
കൊറിയൻ പ്രമേയത്തിൽ 1290 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഒരു ഔട്ട്ഡോർ പൂന്തോട്ടം, വെർട്ടിക്കിൾ ഫാമുകൾ, കാർഷിക വിളകളും മറ്റും നിരീക്ഷിക്കുന്നതിന് റോബോട്ടുകളെ അവതരിപ്പിക്കുന്ന സ്മാർട്ട് അഗ്രികൾച്ചറൽ എക്സിബിഷൻ എന്നിവയാണ് പവലിയന്റെ പ്രധാന സവിശേഷതകൾ.
പവലിയനിലെ പ്രദർശനം
കൂടാതെ രാജ്യത്തിന്റെ സംസ്കാരം, ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ, സുസ്ഥിരമായ ഭാവിയെക്കുറിച്ച കാഴ്ചപ്പാട് തുടങ്ങിയവ അതിന്റെ അതുല്യമായ രൂപകൽപനയിലൂടെ പവലിയൻ സന്ദർശകർക്ക് മുന്നിൽ എടുത്തുകാണിക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണ കൊറിയയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി, സഹകരണ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നവയും പവലിയനിൽ സജ്ജമാക്കിയിട്ടുണ്ട്.
ഖത്തറുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും മിഡിലീസ്റ്റിൽ പുതിയ വിപണികളിൽ പ്രവേശിക്കാനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും കൊറിയൻ പവലിയനിലുണ്ട്.
എക്സ്പോ വേദിയിലെ ടീ സ്റ്റാൾ
വിഭവ പരിമിതി, കാലാവസ്ഥാ വ്യതിയാനം എന്നിവ പരിഹരിക്കുന്നതിനും പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതുമായ ഒരുപിടി കാർഷിക, പാരിസ്ഥിതി രീതികൾ പരിചയപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുള്ള ഗ്രാമീണ ഉപജീവന മാർഗങ്ങൾ നിലനിർത്തുന്നതിനും അനുയോജ്യമായ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള പ്രധാന മാർഗമായി സ്മാർട്ട് കൃഷിയെ സ്വീകരിച്ച രാജ്യമാണ് കൊറിയ.
രാജ്യത്തിന്റെ ആകെ വിസ്തൃതിയിൽ 22 ശതമാനം മാത്രമാണ് കൃഷിയോഗ്യമായിട്ടുള്ളത്. ആകെ വിസ്തൃതിയുടെ 78 ശതമാനവും പർവതപ്രദേശങ്ങളും നഗരപ്രദേശങ്ങളുമുള്ള ഒരു രാജ്യത്ത് സ്മാർട്ട് കൃഷി ഒരു നിർണായക തന്ത്രമായാണ് കൊറിയ അവതരിപ്പിച്ചിരിക്കുന്നത്.
ദോഹ എക്സ്പോയിൽ ആരംഭിച്ച കോഫി, ടീ, ചോക്ലേറ്റ് ഫെസ്റ്റ് സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൗറി ഉദ്ഘാടനം ചെയ്യുന്നു
കടുപ്പത്തിലൊരു വെറൈറ്റി ചായ: ദോഹ എക്സ്പോയിൽ കോഫി, ടീ, ചോക്ലേറ്റ് ഫെസ്റ്റിന് തുടക്കം
ദോഹ: ചൂടു ചായയും കോഫിയും മുതൽ മധുരമൂറും ചോക്ലേറ്റുകൾവരെ ഉൾപ്പെടുത്തി ദോഹ എക്സ്പോയിൽ വേറിട്ടൊരു മേളക്ക് തുടക്കമായി. വൈകുന്നേരങ്ങളിൽ ചായകുടി പതിവാക്കിയവർക്ക് കടുപ്പത്തിലോ അതോ വൈവിധ്യമാർന്നതോ ആയ ചായകൾ രുചിക്കാൻ ദോഹ എക്സ്പോ വേദിയിൽ ‘കോഫി, ടീ ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിന്’ തുടക്കമായി.
ഫെബ്രുവരി 12 വരെ നീളുന്ന ചായ-കാപ്പി മേള ഫാമിലി സോണിലാണ് തയാറാക്കിയത്. ദിവസവും ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെ മേള തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന കോഫികളാണ് ഇവിടത്തെ പ്രത്യേകത. ബബ്ൾ മിൽക് ടീ, ക്ലാസിക് മിൽക് ടീ, കറക്, തായ് ടീ, ബ്രൗൺ ഷുഗർ ബോബ മിൽക് ടീ, ടോറോ മിൽക് ടീ, മാച്ച ടീ തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ഒരുപിടി ചായകൾ സന്ദർശകരെ കാത്തിരിക്കുന്നു. ഇവക്കൊപ്പം ലഘുകടികൾ ആഗ്രഹിക്കുന്നവർക്കുമുണ്ട് ഇഷ്ടമുള്ള ചോയ്സുകൾ. ബർഗർ, കബാബ്, ഷവർമ, സാൻഡ്വിച്, ഡോണട്ട് എന്നിവ വിവിധ സ്റ്റാളുകളിൽ സജ്ജമാണ്. സ്പാനിഷ്, തായ്, ഫിലിപിനോ, ഇന്ത്യൻ സ്റ്റാളുകളാണ് രുചിപ്രേമികളെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.