എൽ.എൻ.ജി നീക്കത്തിന് കൊറിയൻ കപ്പലുകളെത്തുന്നു
text_fieldsദോഹ: ഖത്തർ എനർജിയുടെ പ്രകൃതിവാതക കയറ്റുമതിക്കായി ദക്ഷിണ കൊറിയയിൽനിന്നും അത്യാധുനിക കപ്പലുകൾ നീറ്റിലിറങ്ങിത്തുടങ്ങി. ദക്ഷിണ കൊറിയയിലെ രണ്ടിടങ്ങളിലായി നടന്ന ചടങ്ങുകളിൽ ഖത്തർ എനർജിയുടെ കപ്പൽ നിരയിലേക്കുള്ള നാല് പുതിയ അംഗങ്ങളെ സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബി ഏറ്റുവാങ്ങി.
ദക്ഷിണ കൊറിയൻ നിർമാണ കമ്പനികളായ സാംസങ് ഹെവി ഇൻഡസ്ട്രീസ്, ഹൻവ ഓഷ്യൻ എന്നിവരാണ് നാലു കപ്പലുകൾ നിർമിച്ച് കൈമാറിയത്. ഖത്തറിലെ വിവിധ പ്രദേശങ്ങളായ നുഐജ, ഇദ്അസാഹ്, ഉം സുവയ്യ, ലിബ്രസാഹ് എന്നിവയുടെ പേരുകളാണ് കപ്പലുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഖത്തർ എനർജിയുടെ വളർച്ചയിൽ നിർണായക നിമിഷമാണിതെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സഅദ് ഷെരിദ അൽ കഅബി പറഞ്ഞു.
നോര്‍ത്ത് ഫീല്‍ഡ് പദ്ധതി വികസനത്തിന്റെ ഭാഗമായി പ്രകൃതി വാതക ഉൽപാദനത്തിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഖത്തർ എനർജി. രണ്ട് വര്‍ഷത്തിനകം ഖത്തറിന്റെ എൽ.എൻ.ജി ഉൽപാദനം 2030ഓടെ വർഷത്തിൽ 142 ദശലക്ഷം ടണ്ണായി ഉയരും. 2026ഓടെ 110 ദശലക്ഷം ടണ്ണായി വർധിക്കുമെന്നും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് ഇന്ധന നീക്കത്തിനു വേണ്ടി ചൈനയില്‍നിന്നും കൊറിയയില്നിന്നുമായി 128 ഭീമന് കപ്പലുകളാണ് ഖത്തര്‍ എനര്‍ജി വാങ്ങുന്നത്.
ഇതില്‍ ചൈനയില്‍നിന്നുള്ള രണ്ട് കപ്പലുകള്‍ നേരത്തേ ലഭിച്ചിരുന്നു. ഇതിന് പുറമെ ക്യുമാക്സ് കപ്പലുകളും ഖത്തര്‍ എനര്‍ജി കൊറിയയില്‍നിന്നും ചൈനയില്‍നിന്നും വാങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.