ആശ്വാസത്തിന്‍റെ കോവിഡ് കണക്കുകൾ
text_fieldsദോഹ: കോവിഡിന്‍റെ പുതു വകഭേദമായ ഒമിക്രോൺ വ്യാപനത്തിൽനിന്നും രാജ്യം പതിയെ മുക്തി നേടുന്നു. ഓരോ ദിനവും കുറഞ്ഞുവരുന്ന പ്രതിദിന കോവിഡ് കേസുകൾ അതിന്‍റെ സൂചനയാണ് നൽകുന്നത്. ചൊവ്വാഴ്ച ഖത്തറിൽ റിപ്പോർട്ട് ചെയ്തത് 547 കോവിഡ് കേസുകൾ. ഇവരിൽ 487 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 60 പേരാണ് വിദേശങ്ങളിൽ നിന്നെത്തിയത്. ഈ വിഭാഗങ്ങളിലെ രോഗബാധിതരുടെ എണ്ണം കുറയുന്നതും ഏറെ ആശ്വാസകരമാണ്. ഒപ്പം ആശുപത്രികളിലും ഐ.സി.യുകളിലുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഒമിക്രോൺ വ്യാപനം കുറയുകയും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിത്തുടങ്ങുകയും ചെയ്ത് രാജ്യം സാധാരണ ഗതിയിലെത്തുകയാണ്. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പൊതുയിടങ്ങളിൽ മാസ്ക് അണിയുന്നതിൽ ഇളവ് നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ജനുവരി പകുതിയോടെ 4000ന് മുകളിലെത്തിയ കോവിഡാണ് ഒരുമാസം കൊണ്ട് 500ലെത്തിയത്. 10 ദിവസം മുമ്പായിരുന്നു പ്രതിദിന കേസ് 1000ന് താഴെയായി കുറഞ്ഞത്. പുതുവർഷത്തിൽ ജനുവരി ഒന്നിന് 833 പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുകയറിയത്. അടുത്ത ദിവസം 998ഉം മൂന്നിന് 1177 ആയും ഉയർന്നു. കുതിച്ചുകയറിയ പ്രതിദിന കോവിഡ് 4206 എന്ന സർവകാല റെക്കോഡിലുമെത്തിയ ശേഷമാണ് തിരിച്ചിറക്കം തുടങ്ങിയത്. ജനുവരി 12നായിരുന്നു ഏറ്റവും ഉയർന്ന കേസ്. പതുക്കെ കുറഞ്ഞു തുടങ്ങിയശേഷം ഇപ്പോൾ ഒരു മാസംകൊണ്ട് ആയിരത്തിലും താഴെയായി.
ചൊവ്വാഴ്ച സ്ഥിരീകരിച്ചവരിൽ 487 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 7755 പേർ രോഗ ബാധിതരായുണ്ട്. 982 പേരാണ് രോഗമുക്തി നേടിയത്. 22,381 പേർക്കാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആശുപത്രിയിൽ 55 പേർ ചികിത്സയിലുണ്ട്. ഇതിൽ അഞ്ചു പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 36 പേരാണ് ചികിത്സയിലുള്ളത്. ഒരാൾ കഴിഞ്ഞ ദിവസം പ്രവേശിപ്പിക്കപ്പെട്ടതാണ്. 24 മണിക്കൂറിനിടെ 18,478 ഡോസ് വാക്സിൻ നൽകി. ഇതുവരെ ആകെ 61.23 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രി നിയന്ത്രണങ്ങളിൽ ഇളവ്; സന്ദർശകർക്ക് പ്രവേശനം
ദോഹ: കോവിഡ് വ്യാപനം കുറഞ്ഞ് രാജ്യം പതിവുനിലയിലേക്ക് തിരിച്ചെത്തുന്നതിനു പിന്നാലെ, ആശുപത്രികളിലെ നിയന്ത്രണങ്ങളിൽ ഇളവുനൽകി ഹമദ് മെഡിക്കൽ കോർപറേഷൻ. ഒമിക്രോൺ പടർന്ന സാഹചര്യത്തിൽ ഹമദിനു കീഴിലെ കോവിഡ് ഇതര ആശുപത്രികളിൽ ഏർപ്പെടുത്തിയ സന്ദർശക നിയന്ത്രണത്തിൽ ചൊവ്വാഴ്ച മുതൽ ഇളവ് നൽകിയതായി എച്ച്.എം.സി അറിയിച്ചു. രാവിലെ 11 മുതൽ രാത്രി എട്ടുവരെയായി പുതിയ സന്ദർശന സമയം നിശ്ചയിച്ചു.
അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. പ്രവേശനകവാടത്തിൽ ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം.
ആശുപത്രിയിലും പരിസരങ്ങളിലും മുഴുവൻ സമയവും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ഏത് സമയത്തും പരമാവധി രണ്ടു പേർക്കായിരിക്കും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.