പത്താം വാർഷികനിറവിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി
text_fieldsദോഹ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ പത്താം വാർഷികാഘോഷം തുടങ്ങി. പത്തു വർഷം മുമ്പ് ഖത്തറിലായിരുന്നു സംഘടനയുടെ തുടക്കം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക് കൂട്ടായ്മയായാണ് രൂപവത്കരിച്ചത്. ഇപ്പോൾ ഫേസ്ബുക്കിലും, കേരളാ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 11 ചാപ്റ്ററുകളോടെ പ്രവർത്തിക്കുന്നു.
മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്ന ശബ്ദസന്ദേശം കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിച്ചാണ് സംഘടന തുടക്കമിട്ടത്. ലോഗോപ്രകാശനം സിനിമ താരങ്ങളായ ലെന, സോണിയ മൽഹാർ, ജയരാജ് വാര്യർ, വിനോദ് കോവൂർ, നിർമൽ പാലാഴി, ഗായകൻ ജാസി ഗിഫ്റ്റ് എന്നിവർ ചേർന്ന് നിർവഹിച്ചു.
വിവിധ ചാപ്റ്ററുകൾ ചേർന്ന് പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. കൊയിലാണ്ടിയുടെ ചരിത്രവും പ്രശസ്തരായ എഴുത്തുകാരുടെയും അംഗങ്ങളുടെയും രചനകൾ, വിവിധ ചാപ്റ്ററുകളുടെ നാടുകളിലെ വിവരങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് സുവനീർ, കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ ഭക്ഷണ വിതരണം, ഓൺലൈനിലും ഓഫ്ലൈനിലുമായി ഒരുവർഷം നീളുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. വരുംകാലത്തും സജീവമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് സ്ഥാപകനേതാവും ഗ്ലോബൽ ചെയർമാനുമായ ശിഹാബുദ്ദീൻ എസ്.പി.എച്ച്, വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി, വിവിധ ചാപ്റ്റർ ചെയർമാന്മാരായ
ഫൈസൽ മൂസ (ഖത്തർ), കെ.ടി. സലിം (ബഹ്റൈൻ), എ. അസീസ് (കൊയിലാണ്ടി), ജലീൽ മഷ്ഹൂർ (യു.എ.ഇ), റാഫി കൊയിലാണ്ടി (റിയാദ്), ശിഹാബ് കൊയിലാണ്ടി (ദമാം), നിയാസ് അഹ്മദ് (ഒമാൻ), ചന്ദ്രു പൊയിൽക്കാവ് (ബംഗളൂരു), സൈൻ കൊയിലാണ്ടി എന്നിവർ അറിയിച്ചു.
ജനപ്രതിനിധികളും അഭ്യുദയകാംക്ഷികളും ഗ്ലോബൽ കൗൺസിൽ നേതാക്കളും വിവിധ ചാപ്റ്റർ പ്രതിനിധികളും അടങ്ങുന്ന 101 അംഗ സ്വാഗതസംഘത്തിെൻറ വിവരങ്ങൾ, ഒരു വർഷം നീളുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിശദ വിവരങ്ങൾ എന്നിവ ഉടൻ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.