കടലോളം കാരുണ്യമായി കൊയിലാണ്ടിക്കൂട്ടം
text_fieldsകാരുണ്യത്തിെൻറ പ്രവാഹമാണ് 'കൊയിലാണ്ടിക്കൂട്ടം'. ജി.സി.സി രാജ്യങ്ങളിൽ മുഴുവൻ പടർന്നുപന്തലിച്ച കൊയിലാണ്ടിപ്പെരുമ ദശാബ്ദി ആഘോഷത്തിെൻറ നിറവിലാണ്. 2011 ജൂൺ ഏഴിന് ഖത്തറിലെ സാമൂഹിക പ്രവർത്തകനായ കൊയിലാണ്ടി കാവുംവട്ടം സ്വദേശി ശിഹാബുദ്ദീൻ എസ്.പി.എച്ച് ഫേസ്‍ബുക്കിൽ തുടങ്ങിവെച്ച ഗ്രൂപ്പാണ് ഇന്ന് 11 രാജ്യങ്ങളിലായി പടർന്നുപന്തലിച്ചത്. കേരളാ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടന കൂടിയാണിന്ന് ഈ പ്രവാസി കൂട്ടം. 'നന്മയിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം' എന്ന ആപ്തവാക്യവുമായി ഫന്തരീനയുടെ പൈതൃകത്തിൻെറ കാവൽക്കാരാവുകയാണ് കൊയിലാണ്ടിക്കൂട്ടം. കൊയിലാണ്ടിയുടെ പഴയകാല നാമമാണ് ഫന്തരീന.
11 ചാപ്റ്ററുകൾ; ഒന്നേകാൽ ലക്ഷം അംഗങ്ങൾ
പത്ത് വർഷംകൊണ്ട് കൊയിലാണ്ടിയുടെ ഹൃദയമിടിപ്പായി കൂട്ടായ്മ മാറി. കൊയിലാണ്ടി താലൂക്കിലെ ഒരു വീട്ടിൽ മൂന്ന് കുട്ടികൾക്ക് വൃക്കരോഗം പിടിപെട്ട അവസരത്തിൽ 16 ലക്ഷം രൂപ വിവിധ ചാപ്റ്റർ വഴി സ്വരൂപിച്ചു നൽകിയത് സംഘടനയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.
നാട്ടിൽ അവധിക്കെത്തിയ പ്രവാസി തെങ്ങിൽനിന്ന് വീണ് നട്ടെല്ലൊടിഞ്ഞപ്പോൾ ചികിത്സ ഏറ്റെടുത്ത് തുടർജീവിതമൊരുക്കി. 4500ലധികം വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രളയസമയത്ത് കൊയിലാണ്ടി താലൂക്കിലും വയനാട് ജില്ലയിലും ചെയ്ത സഹായങ്ങൾക്കു പുറമെ പൊഴുതന പഞ്ചായത്തിലെ കുറിച്യർ മലയിൽ അഞ്ച് ഷെൽട്ടറുകൾ നിർമിച്ചുനൽകി.
രണ്ടാം പ്രളയത്തിൽ വയനാടിനു പുറമെ നിലമ്പൂരിലും സഹായങ്ങൾ എത്തിച്ചു. കൊയിലാണ്ടി -പയ്യോളി മുനിസിപ്പാലിറ്റികളിലും തൊട്ടടുത്ത പഞ്ചായത്തുകളിലും ഓക്സിമീറ്ററുകൾ കൈമാറി. ചേമഞ്ചേരിയിലെ ഭിന്നശേഷിയുള്ള കുട്ടിക്കായി ഇൻസിനറേറ്ററും വീൽചെയറും ഒരുക്കി. ഇത്തരം ജീവകാരുണ്യ സംരംഭങ്ങൾ നിരവധിയാണ് സംഘടനയുടെ നേതൃത്വത്തിൽ നടന്നതും നടക്കുന്നതും.
എ. അസീസ്, പവിത്രൻ കൊയിലാണ്ടി, ജലീൽ മശ്ഹൂർ, ഫൈസൽ മൂസ, റാഫി കൊയിലാണ്ടി, ശിഹാബ് കൊയിലാണ്ടി, സെയിൻ കൊയിലാണ്ടി, നിയാസ് അഹമ്മദ്, ചന്ദ്രുപൊയിൽക്കാവ് എന്നിവരാണ് വിവിധ ചാപ്റ്ററുകൾക്ക് നേതൃത്വം നൽകുന്നത്.
ഖത്തറിൽ ശക്തമായ ചാപ്റ്ററും നേതൃത്വവുമുണ്ട്. ഫൈസൽ മൂസ (ചെയ), ഷാജി പീവീസ് (പ്രസി), റാഷിദ് സമസ്യ (ജന. സെക്ര), ജാസിർ അമീൻ (ട്രഷ), മൻസൂർ അലി, അനിൽകുമാർ പൂക്കാട്, എം.വി. മുസ്തഫ, അഹമ്മദ് മൂടാടി, കെ.കെ.വി. മുഹമ്മദലി, രാമൻ നായർ എന്നിവരടങ്ങിയ കമ്മിറ്റിയിൽ 28 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമുണ്ട്.
ഗ്ലോബൽ കമ്മിറ്റിയുടെ പ്രവർത്തങ്ങൾ ഏറ്റെടുത്തും അംഗങ്ങളുടെ ഒത്തുചേരൽ, ജീവകാരുണ്യ സഹായങ്ങൾ, രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ തനതായ ചാപ്റ്റർ പരിപാടികൾ ആവിഷ്കരിച്ചും പൊതുസമൂഹത്തിൽ മികച്ച പ്രവർത്തനങ്ങളാണ് കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ നടത്തുന്നത്. ഗ്ലോബൽ കമ്യൂണിറ്റി ഫേസ്ബുക്ക് പേജ് വഴിയുള്ള ഓൺലൈൻ കലാസാഹിത്യ വിജ്ഞാന പ്രവർത്തനങ്ങളിലും അംഗങ്ങളും ഭാരവാഹികളും മികച്ച പങ്കാളിത്തം വഹിക്കുന്നു.
കേളപ്പജിയും ബാഫഖി തങ്ങളും ജനിച്ച് ജീവിച്ച മണ്ണില്‍ സി.എച്ചും വി.ആര്‍. കൃഷ്ണയ്യരും പഠിച്ച് കളിച്ചുവളർന്ന മണ്ണില്‍ പിഷാരികാവ് ക്ഷേത്രവും പാറപ്പള്ളിയും തല ഉയർത്തിനിൽക്കുന്ന നാട്ടില്‍ ജാതിമത വേർതിരിവുകളില്ലാതെ പ്രവാസിസമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഈ സൗഹൃദക്കൂട്ടായ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.