പ്രവാസി മലയാളികൾക്ക് ആകർഷക ചിട്ടികളുമായി കെ.എസ്.എഫ്.ഇ
text_fieldsദോഹ: കേരള സംസ്ഥാന സർക്കാറിനു കീഴിലെ കെ.എസ്.എഫ്.സിയുടെ വിവിധ സമ്പാദ്യ പദ്ധതികളിലേക്ക് പ്രവാസികളെ ക്ഷണിച്ച് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലും സംഘവും ദോഹയിൽ.
വിവിധ ഗൾഫ് രാജ്യങ്ങളിലായി കെ.എസ്.എഫ്.ഇ നടത്തുന്ന പ്രവാസി മീറ്റിറ്റിൻെറ ഭാഗമായാണ് ചെയർമാൻ കെ. വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ. സനിൽ എസ്.കെ, ബോർഡ് അംഗങ്ങളായ എം.സി രാഘവൻ, അഡ്വ. യു.പി. ജോസഫ്, ഡിജിറ്റൽ ബിസിനസ് സെൻറർ ഡി.ജി.എം സുജാത എം.ടി എന്നിവർ ഉൾപ്പെടുന്ന സംഘം ദോഹയിലെത്തി പ്രവാസി നിക്ഷേപകരെ കണ്ടത്.
പ്രവാസികൾക്കായി കെ.എസ്.എഫ്.ഇ ആവിഷ്കരിച്ച വിവിധ ചിട്ടി പദ്ധതികൾ മന്ത്രിയും ബോർഡ് പ്രതിനിധികളും വിശദീകരിച്ചു. 121ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടികളിൽ അംഗങ്ങളായിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.
87,000 കോടി രൂപയാണ് കെ.എസ്.എഫ്.ഇയുടെ പ്രതിവർഷ വരുമാനം. വരും വർഷം ഇത് ഒരു ലക്ഷം കോടിയിലേക്ക് ഉയർത്തും. മറ്റു ചിട്ടികളേപോലെ ആശങ്കയില്ലാതെ ചേരാനും നിക്ഷേപത്തിന് സുരക്ഷിതത്വം നൽകാനും കഴിയുന്നതാണ് കെ.എസ്.എഫ്.ഇയെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.എഫ്.ഇ ചിട്ടികളിൽ അംഗങ്ങളായ പ്രവാസികൾക്ക് അവധിക്ക് നാട്ടിലെത്തുേമ്പാൾ ബ്രാഞ്ച് ഓഫിസുകളിൽ നേരിടുന്ന പ്രായസങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. പ്രവാസി ചിട്ടി അംഗങ്ങൾക്ക് അർഹിച്ച പരിഗണന നൽകി അവരുടെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പ്രവാസി മലയാളികൾക്കായി പുതുതായി അവതരിപ്പിച്ച കെ.എസ്.എഫ്.ഇ ഡുവോയെ കുറിച്ചും മറ്റു നിക്ഷേപ പദ്ധതികളെ കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. ഖത്തറിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിന്നുള്ള നൂറുകണക്കിനു പേർ സംഗമത്തിൽ പങ്കെടുത്തു.
സംശയങ്ങൾക്ക് അധികൃതർ മറുപടി നൽകി. സൗദിയിലെ ജിദ്ദ, റിയാദ്, ദമാം എന്നിവടങ്ങളിലെ പര്യടനം കഴിഞ്ഞാണ് സംഘം ദോഹയിലെത്തിയത്. വരും ദിവസങ്ങളിൽ മറ്റു ജി.സി.സി രാജ്യങ്ങളിലും പദ്ധതിയുടെ വിശദീകരണം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.