എസ്.സിയുടെ തൊഴിലാളിക്ഷേമ മാനദണ്ഡങ്ങൾ; ഗുണഭോക്താക്കളായത് രണ്ടുലക്ഷത്തിലധികം പേർ
text_fieldsദോഹ: 2022 ലോകകപ്പ് വേളയിൽ ആരാധകർ തങ്ങളുടെ താരങ്ങളെയും പ്രിയ ടീമുകളെയും മൈതാനത്ത് ആഘോഷിക്കുകയും വിജയത്തിൽ ആഹ്ലാദിക്കുകയും ചെയ്യുമ്പോൾ ഗ്രൗണ്ടിന് പുറത്ത് ടൂർണമെന്റിന്റെ അഭൂതപൂർവമായ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ഒരു വിഭാഗത്തെ ആദരിക്കുന്ന തിരക്കിലായിരുന്നു സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. രണ്ടുലക്ഷത്തിലധികം തൊഴിലാളികളാണ് ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് പിൻബലമേകിയത്. ലോകകപ്പ് വിജയത്തിലെ യഥാർഥ ഹീറോകളായ തൊഴിലാളികളെ ആദരിക്കുന്നതോടൊപ്പം അവരുടെ അവകാശ സംരക്ഷണത്തിന് തൊഴിലാളിക്ഷേമ മാനദണ്ഡങ്ങളുൾപ്പെടെ സുപ്രീം കമ്മിറ്റി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനായി എസ്.സി വികസിപ്പിച്ച വെൽഫെയർ സ്റ്റാൻഡേഡ്സ് (ഡബ്ല്യു.ഡബ്ല്യു.എസ്) ആയിരുന്നു ഈ ശ്രമങ്ങളുടെ ആണിക്കല്ല്. രണ്ടുലക്ഷത്തിലധികം തൊഴിലാളികളാണ് സുപ്രീം കമ്മിറ്റിയുടെ ഡബ്ല്യു.ഡബ്ല്യൂ.എസ് വഴി ഗുണഭോക്താക്കളായത്. ഹോസ്പിറ്റാലിറ്റി മേഖലയായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. ഏകദേശം 40,000 തൊഴിലാളികളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. 2019ലാണ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാരംഭിക്കുന്നത്.
2022ഓടെ 156 ഹോട്ടൽ ഓപറേറ്റർമാരെ അവരുടെ പ്രവർത്തനങ്ങളിൽ തൊഴിലാളിക്ഷേമ മാനദണ്ഡങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ശക്തമായ ഓഡിറ്റിങ്ങിനും വിധേയമാക്കി. റിക്രൂട്ട്മെൻറ് ഫീസ് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഈ മേഖലയിലെ സുപ്രധാന ചുവടുവെപ്പുകളിലൊന്നായിരുന്നു. ഇതിലൂടെ 8.7 കോടി റിയാലാണ് തിരികെ നൽകിയത്. കൂടാതെ മൂന്ന് ഹോട്ടൽ ഓപറേറ്റർമാരും സേവനദാതാക്കളും 58 തൊഴിലാളികൾക്ക് 1,63,670 റിയാലും ഈ വിഭാഗത്തിൽ തിരികെ നൽകി.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും 2022ലും പ്രധാന മുൻഗണന വിഷയമായി തുടർന്നിരുന്നു.
തൊഴിലാളികൾക്കിടയിലെ അടിസ്ഥാന മെഡിക്കൽ സാഹചര്യങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും അവശ്യ ചികിത്സ നൽകുന്നതിനുമായി ഇലക്ട്രോണിക് മെഡിക്കൽ രേഖകളുടെ പിന്തുണയോടെ 43,700ലധികം സമഗ്ര മെഡിക്കൽ സ്ക്രീനിങ്ങുകളാണ് നടത്തിയത്. കടുത്ത വേനലിൽ ചൂടിനെ പ്രതിരോധിക്കാൻ തൊഴിലാളികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത കൂളിങ് സ്യൂട്ടുകൾ അവതരിപ്പിച്ചു. 2022ഓടെ 52,000ലധികം സ്യൂട്ടുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇത് പിന്നീട് നിർമാണേതര മേഖലകളിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. തൊഴിലാളികളുടെ സംരക്ഷണത്തിനായി സുപ്രീം കമ്മിറ്റി നടപ്പാക്കിയ സംരംഭങ്ങളെല്ലാം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയും വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണ നേടുകയും ചെയ്തിരുന്നു.
ടൂർണമെൻറിന്റെ വിജയത്തിൽ തൊഴിലാളികളുടെ പ്രധാന പങ്ക് കണക്കിലെടുത്ത് തൊഴിലാളികളെ ആദരിക്കുന്നതിനും ഫുട്ബാളിനോടുള്ള അവരുടെ അഭിനിവേശം ആഘോഷിക്കുന്നതിനുമായി വിവിധ ഔട്ട്റീച്ച് പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളെ നേരിൽ കാണുന്നതിനും അവരുമായി സംവദിക്കുന്നതിനും തൊഴിലാളികൾക്ക് അവസരം നൽകുന്നതിനുള്ള ടീം 360 കമ്യൂണിറ്റി ഇവൻറ് ഇതിലുൾപ്പെടുന്നു. തൊഴിലാളികൾക്കായി പ്രത്യേക ഫിഫ ലെജൻഡ്സ് മത്സരം സംഘടിപ്പിക്കുകയും ഇതിഹാസ താരങ്ങൾക്കൊപ്പം പന്ത് തട്ടാൻ തിരഞ്ഞെടുത്ത തൊഴിലാളികൾക്ക് അവസരം നൽകുകയും ചെയ്തു.
ടൂർണമെൻറ് അവസാനിച്ചെങ്കിലും തൊഴിലാളികളുടെ ക്ഷേമത്തിൽ ശ്രദ്ധ പുലർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് സുപ്രീം കമ്മിറ്റി. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഖത്തറിന്റെ തൊഴിൽ പരിഷ്കാരങ്ങളെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ ദശകത്തിൽ നടപ്പാക്കിയ സുപ്രീം കമ്മിറ്റിയുടെ പയനിയറിങ് പ്രവർത്തനങ്ങൾ തുടർന്നും ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.