ലക്ഷദ്വീപ് നിയമസഭ പ്രമേയം: പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി സ്വാഗതം ചെയ്തു
text_fieldsദോഹ: ലക്ഷദ്വീപ് ജനതയുടെ തനതും സ്വൈരവുമായ ജീവിതത്തെ തകിടം മറിക്കാനും കുത്സിത രാഷ്ട്രീയ അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കാനുമുള്ള കുടില നീക്കങ്ങൾക്കെതിരെ കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ പ്രമേയത്തെ ഖത്തറിലെ വിവിധ സംഘടനകളുടെ ഐക്യവേദിയായ പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി സ്വാഗതം ചെയ്തു.
ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നിൽക്കുന്ന മത്സ്യബന്ധനത്തെ തകർക്കുന്ന നടപടി, മറ്റു ജോലികളിൽനിന്ന് പിരിച്ചുവിടൽ, സർക്കാർ കരാറുകളും മറ്റും കുത്തകകൾക്ക് കൈമാറൽ, ജനങ്ങളുടെ ഭക്ഷണരീതി നിയന്ത്രിക്കൽ, ഡയറിഫാമുകൾ പൂട്ടൽ, തെരഞ്ഞെടുപ്പിൽ അയോഗ്യരാക്കൽ, ഒട്ടും കുറ്റകൃത്യങ്ങൾ ഇല്ലാതെ ഇന്ത്യക്ക് മാതൃകയായ ദ്വീപിൽ ഗുണ്ട ആക്ട് നടപ്പാക്കൽ, കള്ളക്കേസിൽ കുടുക്കി അടിച്ചമർത്താനുള്ള നീക്കങ്ങൾ തുടങ്ങി
ജനതയുടെ സ്വൈര ജീവിതത്തെയും അവരുടെ സംസ്കാരത്തെയും ഇല്ലാതാക്കുന്ന നടപടികൾക്കാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നേതൃത്വം നൽകുന്നത്. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ ദ്വീപ് സമൂഹത്തോടൊപ്പം കേരള ജനത ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നിയമസഭാപ്രമേയമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.നാടിെൻറ ജനാധിപത്യത്തിലും നാനാത്വത്തിൽ ഏകത്വത്തിലും വിശ്വസിക്കുന്ന ആളുകളുടെ പിന്തുണ ലക്ഷദ്വീപ് വാസികൾക്ക് ഏറിവരുകയാണ്.
ഈ വിഷയത്തിൽ ദ്വീപ് നിവാസികൾക്ക് ശക്തി പകരാനാവശ്യമായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുകയാണ് പ്രവാസി കോഒാഡിനേഷൻ കമ്മറ്റി. യോഗത്തിൽ അഡ്വക്കറ്റ് നിസാർ കോച്ചേരി, എസ്.എ.എം ബഷീർ, ജോപ്പച്ചൻ തെക്കെക്കുറ്റ്, കെ.സി. അബ്ദുൽ ലത്തീഫ്, എ. സുനിൽകുമാർ, വി.സി. മശ്ഹൂദ്, സമീർ ഏറാമല, ഷാജി ഫ്രാൻസിസ്, അഡ്വ. ജാഫർ ഖാൻ, ഖലീൽ പരീത്, ഡോ. താജ് ആലുവ, ഡോ. ലിയാക്കത്തലി, അഹ്മദ് കടമേരി, ബഷീർ പുത്തൂപാടം, യു. ഹുസൈൻ മുഹമ്മദ് , അബ്ദുല്ലത്തീഫ് നല്ലളം, ഫൈസൽ വാടാനപ്പള്ളി, അശ്ഹദ് ഫൈസി, ആർ.എസ് അബ്ദുൽ ജലീൽ, ഇസ്മയിൽ ഹുദവി, സമീൽ ചാലിയം, പ്രദോഷ് , മുഹമ്മദ് ഫൈസൽ, അബദുറഊഫ് കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.