കൊച്ചു വളപട്ടണത്തിൻെറ വലിയ കൂട്ടായ്മ
text_fieldsവിസ്തീർണത്തിലും ജനസംഖ്യ അടിസ്ഥാനത്തിലും കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്താണ് കണ്ണൂർ ജില്ലയിലെ വളപട്ടണം. എന്നാൽ, മനസ്സിൻെറ വലുപ്പംകൊണ്ട് വിശാലമാണ് ഇവിടത്തുകാർ. അതിൻെറ നേർസാക്ഷ്യമാണ് ഖത്തറിൽ വളപട്ടണത്തിൻെറ പേരിൽ തന്നെയുള്ള കൂട്ടായ്മ. ഖത്തറിലെ പ്രവാസികളായ നാട്ടുകാരെ ചേർത്തുപിടിച്ചുകൊണ്ടാണ് 2018 ഫെബ്രുവരിയിൽ രൂപവത്കരിച്ച സൗഹൃദക്കൂട്ടായ്മയാണ് ഖത്തർ വളപട്ടണം കൂട്ടായ്മ എന്ന പ്രവാസിസംഘടന. ഇതിന് മുമ്പ് വർഷങ്ങളായി വളപട്ടണം മഹല്ല് ജമാഅത്ത് കമ്മിറ്റി എന്ന പേരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സംഘടനയാണ് 2018ൽ ഖത്തർ വളപട്ടണം കൂട്ടായ്മ എന്ന നാമകരണം നടത്തി പുനഃസംഘടിപ്പിച്ചത്.
രൂപവത്കരിച്ച ആദ്യ വർഷംതന്നെ വിവിധങ്ങളായ സാമൂഹിക ഇടപെടലുകളും റിലീഫ് പ്രവർത്തനങ്ങളും നടത്തി ഖത്തറിലും നാട്ടിലും ജനശ്രദ്ധ ആകർഷിക്കാൻ സാധിച്ചിരുന്നു. കടലുകൾ താണ്ടി, കാതങ്ങൾ അകലെയായിരുന്നെങ്കിലും അവർ നാടിനായി ഇവിടെനിന്ന് ഒന്നായി. കാടുപിടിച്ചുകിടന്ന വളപട്ടണം മന്ന ഖബർസ്ഥാൻ വൃത്തിയാക്കുകയും നടപ്പാത നിർമിച്ച് സഞ്ചാരം സുഗമമാക്കുകയും ചെയ്‌ത ജി.സി.സി കൾചറൽ ഫോറം നടത്തിയ വലിയ നവീകരണപ്രവൃത്തിയിൽ ഖത്തർ കൂട്ടായ്മയും മുഖ്യ പങ്കുവഹിക്കുകയുണ്ടായി. വളപട്ടണം സർക്കാർ ആശുപത്രിയിൽ ഒരുലക്ഷത്തോളം രൂപ മുടക്കി മൈനർ ഒ.പി റൂം സ്ഥാപിച്ചുനൽകി. ആശുപത്രിക്ക് മുൻ വശം ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് തണലേകാൻ ബസ് ഷെൽട്ടർ നിർമിച്ചുനൽകി.
റോഡിലെ വിവിധ വളവുകളിൽ അപകടം ഒഴിവാക്കാൻ കോൺവെക്സ് മിറർ സ്ഥാപിച്ചു. പ്രളയസമയത്ത് വയനാട്ടിലും ശ്രീകണ്ഠപുരത്തും കീരിയാടും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഭക്ഷണക്കിറ്റും കിടക്കകളും പ്ലൈവുഡ്സും കൂട്ടായ്മയിലെ അംഗങ്ങൾ നേരിട്ടുതന്നെ എത്തിച്ചു. കീരിയാടും മൂന്നുനിരത്തും നിർധനരായ രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ ഖത്തർ കൂട്ടായ്മ മുഖ്യ പങ്കുവഹിക്കുകയുണ്ടായി. ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന മങ്കടവിലെ ഒരു വീടിന് പൂർണമായെല്ലെങ്കിലും നല്ലൊരു ധനസഹായം നൽകി. നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണാവശ്യത്തിനും ഡയാലിസിസിനും മറ്റു ചികിത്സക്കുമായി മാസത്തിൽ ഒരു നിശ്ചിത തുക കൂട്ടായ്മ നൽകിവരുന്നു. റമദാനിൽ നിർധനകുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യക്കിറ്റും പെരുന്നാളിന് ഈദ് പുടവ എന്ന പേരിൽ പുതുവസ്ത്രങ്ങളും നൽകിവരുന്നു. നാട്ടിൽനിന്ന് വരുന്ന അടിയന്തര ചികിത്സക്കും അല്ലാത്തതുമായ അപേക്ഷ ലഭിച്ചാൽ അന്വേഷണം നടത്തി അർഹതപ്പെട്ട നിരവധി പേർക്ക് ചികിത്സാസഹായം നൽകുകയുണ്ടായി.
കൂടാതെ വീട് റിപ്പയർ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കും കൂട്ടായ്മ അകമഴിഞ്ഞ സഹായം നൽകുകയുണ്ടായി. റോഡ് സുരക്ഷ മുൻ നിർത്തി പൊലീസിൻെറ ആവശ്യപ്രകാരം വളപട്ടണം ദേശീയപാതയിൽ കൂട്ടായ്മ വക സി.സി.ടി.വി കാമറ സ്ഥാപിക്കാനും മുന്നിൽനിന്നു. ഏറ്റവും ഒടുവിൽ നാടിൻെറ ആതുരശുശ്രൂഷാരംഗത്തിന് ഏറ്റവും ആവശ്യമായ ഒരു ആംബുലൻസ് കൂടി നൽകി ഖത്തർ വളപട്ടണം കൂട്ടായ്മയുടെ സേവനങ്ങൾ അതിരില്ലാതെ തുടരുകയാണ്. കോവിഡ് കാലത്ത് വിസ അടിക്കാൻ ബുദ്ധിമുട്ടിയവർക്കും താമസമുറിക്ക് വാടക നൽകാൻ കഴിയാത്തവർക്കും ഭക്ഷണക്കിറ്റും സാമ്പത്തികസഹായം നൽകിയും പ്രവാസികളെ സംരക്ഷിക്കാനും കൂട്ടായ്മ മുൻകൈ എടുക്കുകയുണ്ടായി.
250 ഓളം അംഗങ്ങൾ അടങ്ങുന്ന കൂട്ടായ്മയെ ഇപ്പോൾ നയിക്കുന്നത് വി.എൻ. നൗഷാദ് പ്രസിഡൻറും ടി.പി. ഹാരിസ് ജനറൽ സെക്രട്ടറിയും ടി.പി. നൗഷാദ് ട്രഷററുമായുള്ള കമ്മിറ്റിയാണ്. എം.പി. ഹാഷിർ, കെ.പി.ബി. നൗഷാദ് (വൈസ് പ്രസി), കെ.പി.ബി. റിഷാൽ (ഓർഗ. സെക്രട്ടറി), എ.എൻ. സനിൽ (സെക്ര) എന്നിവരടങ്ങിയ ഭാരവാഹികളും കെ. അബ്ദുൽ റഷീദ്, വി.കെ. സിദ്ദീഖ്, ഇ.പി. ഹംസ, ടി.ബി. അബ്ദുൽ ഗഫൂർ, പി.വി. തൻസീർ, പി. ഹാരിസ്, കെ.കെ. അബ്ദുൽ ജബ്ബാർ, പി. താഹ, ടി. ജാഫർ, കെ.എസ്. സിറോഷ്, എ.പി. ഷമീർ, വി.കെ. ഷഹബാസ് തങ്ങൾ, വി.കെ. സാദിഖ്, യു.എം.പി. അബ്ദുൽ നാസർ, കെ.വി. ജാഫർ, സലീം സലാം, പി. നിസാർ, ജറീഷ് എളയടത്ത്, പി. ഫൈസൽ എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.