പെരുന്നാൾ കളറാവും
text_fieldsദോഹ: റമദാൻ അവസാന നാളുകളിലെത്തിയതിനു പിന്നാലെ ചെറിയ പെരുന്നാൾ ആഘോഷത്തെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ. സംഗീത പരിപാടികൾ മുതൽ വെടിക്കെട്ടും കുട്ടികളുടെ കലാ പരിപാടികളും ഉൾപ്പെടെ വൈവിധ്യമാർന്ന പെരുന്നാൾ ആഘോഷങ്ങൾക്കാണ് ഇത്തവണ ഖത്തർ ഒരുങ്ങുന്നത്. ‘ഫീൽ ഈദ് ഇൻ ഖത്തർ’ എന്ന പേരിൽ ഖത്തർ ടൂറിസവും ഖത്തർ എയർവേസും ഏപ്രിൽ 21-23 ദിവസങ്ങളിലായി രാജ്യത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകും. മേഖലയിലെ തന്നെ പ്രശസ്തരായ കാലകാരന്മാരെയും സംഗീത പ്രതിഭകളെയും അണിനിരത്തിയാണ് ഖത്തർ ടൂറിസത്തിന്റെ ഈദ് ആഘോഷം പ്രഖ്യാപിച്ചത്. സ്വദേശികൾക്കും പ്രവാസികൾക്കും കണ്ണഞ്ചിപ്പിക്കുന്ന പെരുന്നാൾ ആഘോഷ രാവുകളായിരിക്കും മൂന്നു ദിവസത്തിലുമായി അരങ്ങേറുന്നത്.
വിജയകരമായി പര്യവസാനിച്ച ‘ഫീൽ വിന്റർ ഇൻ ഖത്തർ’ വഴി കഴിഞ്ഞ ഏതാനും മാസങ്ങളിലായി മേഖലയുടെ തന്നെ വിനോദ സഞ്ചാര കേന്ദ്രമായി മാറിയ പരിപാടികളുടെ തുടർച്ചയാവും പെരുന്നാൾ ആഘോഷമെന്ന് ഖത്തർ ടൂറിസം മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മേധാവി ശൈഖ ഹെസ്സ ആൽഥാനി പറഞ്ഞു. ഖത്തറിലെ താമസക്കാരെയും അയൽരാജ്യക്കാരെയും സന്ദർശകരെയുമെല്ലാം മൂന്ന് ദിവസത്തെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാവാൻ ക്ഷണിക്കുന്നതായി അവർ പറഞ്ഞു.
കുട്ടികൾക്കുള്ള ‘ഷൗൻ ദി ഷീപ്’ കിഡ്സ് ഷോയാണ് ഇത്തവണത്തെ ശ്രദ്ധേയമായ പരിപാടികളിൽ ഒന്ന്. ലുസൈൽ മൾട്ടിപർപ്പസ് ഹാൾ വേദിയാവും. ഏഷ്യൻ ടൗണിൽ ലോകപ്രശസ്ത കലാകാരന്മാരുടെ വിവിധ പരിപാടികളും ഈദിന്റെ ഭാഗമായി അരങ്ങേറും. ദോഹയുടെ വിവിധ ഭാഗങ്ങളിലും പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളായ ഖത്തർ ടൂറിസം നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നത്.
ക്യൂ.എൻ.സി.സിയിൽ ഖത്തർ ലൈവ്
ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററാണ് മറ്റൊരു വേദി. ഏപ്രിൽ 21-23 ദിനങ്ങളിൽ ദിവസവും രാത്രി ഒമ്പത് മുതൽ ക്യൂ.എൻ.സി.സിയിലെ അൽ മയാസ തിയറ്ററിൽ ഖത്തർ ലൈവ് അരങ്ങേറും. 21 വെള്ളിയാഴ്ച രാത്രി അറബ് ലോകത്ത് ഏറെ ആരാധകരുള്ള ഈജിപ്ഷ്യൻ ഗായകൻ തമിർ ഹുസ്നിയെത്തും. ടിക്കറ്റ് വഴി പ്രവേശനം നിയന്ത്രിച്ചായിരിക്കും പരിപാടി. ലോകകപ്പ് വേളയിൽ ഖത്തറിൽ കൈയടി നേടിയ ഗായകനായ തമിർ ഹുസ്നി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെയാണ് വീണ്ടുമെത്തുന്നത്. ആഫ്രിക്ക, മിഡിലീസ്റ്റ് മേഖലയിൽ ഏറ്റവും മികച്ച ഗായകനുള്ള അവാർഡുകളും നേടിയിട്ടുണ്ട്.
22 ശനിയാഴ്ച മർവാൻ ഖൗരി, നജ്വ കറാം എന്നിവർ വേദിയിലെത്തും. ഏപ്രിൽ 23ന് അറേബ്യൻ സംഗീത വിരുന്നായ ഖലിജി മ്യൂസിക്കും അരങ്ങേറും. ഇമാറാത്തി ഗായിക ബൽഖീസ്, സൗദിയിൽനിന്നുള്ള ഹംസ് ഫെക്റി, ഖത്തരി ഗായകൻ ഫഹദ് അൽ കുബൈസി എന്നിവരാണ് ഹിറ്റ് ട്രാക്കുകളുമായി എത്തുന്നത്. മൂന്നു ദിവസങ്ങളിലും ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം.
ദോഹ കോർണിഷിൽ വെടിക്കെട്ട്
ഈദുൽ ഫിത്ർ ആഘോഷത്തിന്റെ ഭാഗമായി ദോഹ കോർണിഷ് കാത്തിരിക്കുന്നത് വർണാഭമായ വെടിക്കെട്ട് കാഴ്ചകൾക്ക്. ഖത്തർ ടൂറിസം ഈദ് പരിപാടികളുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലും രാത്രിയിൽ ദോഹയുടെ ആകാശത്ത് വർണക്കാഴ്ചകൾ ഒരുങ്ങും. രാത്രി ഒമ്പത് മണിക്കായിരിക്കും വെടിക്കെട്ട് അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.