കഴിഞ്ഞ വർഷം പി.എച്ച്.സി.സിയിൽ രജിസ്റ്റർ ചെയ്തത് 11.70 ലക്ഷം രോഗികൾ
text_fieldsദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (പി.എച്ച്.സി.സി) കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 1,170,112 രോഗികൾ. പി.എച്ച്.സി.സി ആരോഗ്യ കേന്ദ്രങ്ങളിൽ ഉടനീളം രജിസ്റ്റർ ചെയ്ത രോഗികളുടെ എണ്ണം 2022 അവസാനത്തോടെ 11 ലക്ഷം കവിഞ്ഞപ്പോൾ ജീവനക്കാരുടെ ആകെ എണ്ണം 7949 ആയി. ഇവരിൽ 65 ശതമാനവും (5130 പേർ) മെഡിക്കൽ സ്റ്റാഫ് ആണ്. ബാക്കി 35 ശതമാനം (2819) അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരാണ്.
ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി 2022ൽ പി.എച്ച്.സി.സി കാര്യമായ പുരോഗതി കൈവരിച്ചതായി അധികൃതർ പറഞ്ഞു. ഉയർന്ന നിലവാരമുള്ളതും രോഗീ കേന്ദ്രീകൃതവുമായ പ്രാഥമികാരോഗ്യ സേവനം ലഭ്യമാക്കി ഖത്തറിലെ ആരോഗ്യ പരിപാലന സംവിധാനത്തിൽ ഗുണപരമായ മാറ്റം ഉദ്ദേശിച്ചുള്ള പുതിയ സേവനങ്ങളും സൗകര്യങ്ങളും ഇക്കാലയളവിൽ അവതരിപ്പിച്ചതായി പി.എച്ച്.സി.സി അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റുകളുടെ പരമ്പരയിലൂടെ അറിയിച്ചു.
2022ൽ പി.എച്ച്.സി.സി അതിന്റെ ഹെൽത്ത് കെയർ സെന്ററുകളുടെ ശൃംഖല വിജയകരമായി വിപുലീകരിച്ചു, ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിക്കുകയും രോഗികൾക്ക് നൽകുന്ന പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള നൂതന പരിപാടികളും സംരംഭങ്ങളും നടപ്പാക്കി. മൊത്തം ജനങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലൂന്നിയായിരുന്നു പ്രവർത്തനം.2022 അവസാനത്തോടെ അൽ ഖോർ, അൽ മഷാഫ്, ഉമ്മുൽ സെനീം എന്നീ ഹെൽത്ത് സെന്ററുകൾ തുറന്നു. ഇതോടെ രാജ്യത്ത് മൊത്തം പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകളുടെ എണ്ണം 30 ആയി. 2022ൽ 8069 മെഡിക്കേഷൻ ഹോം ഡെലിവറി സേവനം പൂർത്തിയാക്കി.
അതിൽ 97 ശതമാനവും മാറാരോഗങ്ങൾ ബാധിച്ചവർക്കുള്ള മരുന്നുകളായിരുന്നു. 2020 മാർച്ചിൽ പദ്ധതി ആരംഭിച്ചത് മുതൽ 2022 മാർച്ച് വരെ ഏകദേശം 80,000 രോഗികൾ ഇതിന്റെ പ്രയോജനം നേടിയിട്ടുണ്ട്. പി.എച്ച്.സി.സി ഇലക്ട്രോണിക് ഹെൽത്ത് ഫയൽ പ്രോഗ്രാം നടപ്പാക്കലും രാജ്യത്തെ എല്ലാ പൊതുവിദ്യാലയങ്ങളെയും ഉൾപ്പെടുത്തലും പൂർത്തിയാക്കി.
2022ൽ അൽ ഖോർ, അൽ റുവൈസ്, റൗദത്ത് അൽ ഖൈൽ, ഉമ്മു സലാൽ, മുഐതർ, അൽ വൈബ, ലീബൈബ് എന്നിവിടങ്ങളിലായി പിഎച്ച്.സി.സി ഏഴു വെൽനസ് സെന്ററുകൾ തുടങ്ങി. ശാരീരിക, മാനസിക, വൈകാരിക ആരോഗ്യത്തിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും കൂടുതൽ ആരോഗ്യകരവും ഉൽപാദനക്ഷമവുമായ ജീവിതം നയിക്കാൻ അവരെ സഹായിക്കുന്നതിനുമാണ് വെൽനസ് സെന്ററുകളുടെ പ്രവർത്തനം ഊന്നുന്നത്.
ഇതിനായി പോസിറ്റിവ് ജീവിതശൈലി തിരഞ്ഞെടുപ്പുകളും പെരുമാറ്റത്തിൽ ആവശ്യമായ മാറ്റങ്ങളും വരുത്താൻ ആളുകളെ പ്രാപ്തരാക്കുന്നതിന് വെൽനസ് സെന്ററുകൾ കാര്യക്ഷമമായി ഇടപെടുന്നു. ഖത്തർ നാഷനൽ മെന്റൽ ഹെൽത്ത് സ്ട്രാറ്റജിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, 2022ൽ പിഎച്ച്.സി.സി ഉമ്മു സലാൽ ഹെൽത്ത് സെന്ററിൽ പുതിയ ഓൾഡർ അഡൽറ്റ് ഇന്റഗ്രേറ്റഡ് സൈക്യാട്രി ക്ലിനിക്കും തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.