പ്രവാസി മടക്കം വൈകൽ ഇന്ത്യക്കാരുടെ തൊഴിൽ സാധ്യതകളെ ബാധിക്കും
text_fieldsദോഹ: മിക്ക ഗൾഫ് രാജ്യങ്ങളും വിദേശികൾക്ക് മടങ്ങാൻ അനുമതി കൊടുത്തെങ്കിലും മറ്റു രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യൻ സർക്കാർ ആഗസ്റ്റ് 31 വരെ നീട്ടിയത് ഇന്ത്യക്കാർക്ക് പലവിധ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് ഗൾഫ് രാജ്യങ്ങൾ വിസ കാലാവധിയിലടക്കം ഇളവുകൾ നൽകിയിരുന്നു.
എന്നാൽ, തിരിച്ചുവരാനുള്ള അനുമതി തങ്ങൾ നൽകിയതോടെ ഇത്തരം ഇളവുകൾ ഇനി ഗൾഫ്രാജ്യങ്ങൾ തുടരുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇന്ത്യയിൽ നിന്ന് സാധാരണ യാത്രവിമാനങ്ങൾ അനുവദിക്കുകയാണ് ഏറ്റവും നല്ല മാർഗം. നിലവിലെ സാഹചര്യത്തിൽ ഇതിന് ശക്തമായ സമ്മർദം ചെലുത്തേണ്ടി വരും. യാത്രവിമാനങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ മറ്റ്് രാജ്യങ്ങളുമായി ഇന്ത്യ പ്രത്യേക കരാർ ഉണ്ടാക്കണം. ഇതുവഴി വന്ദേഭാരത് മിഷൻ പോലുള്ളവയിൽ ഇന്ത്യക്കാരെ ഗൾഫ് രാജ്യങ്ങളിൽ തിരിച്ചെത്തിക്കണം. അല്ലെങ്കിൽ ചാർട്ടേഡ് വിമാനങ്ങളാണ് പോംവഴി. എന്നാൽ, ചാർട്ടേഡ് വിമാനങ്ങൾ എന്നത് ഏറെ പണെച്ചലവും അധ്വാനവും ഉള്ള കാര്യമാണ്. യാത്രക്കാരൻ അമിതമായ പണം നൽകേണ്ടിയും വരും.
നിലവിൽ യു.എ.ഇ, കുൈവത്ത് എന്നീ രാജ്യങ്ങളും ഇന്ത്യയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതുവഴി നിരവധി മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഇതിനകം യു.എ.ഇയിൽ എത്തിയിട്ടുണ്ട്.
ആഗസ്റ്റ് 10 മുതൽ ഒക്ടോബർ 24 വരെ താൽക്കാലിക വിമാന സർവിസ് ആരംഭിക്കുന്നതിനായി ഇന്ത്യൻ വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കഴിഞ്ഞ ദിവസം കുവൈത്ത് ഡി.ജി.സി.എയും അംഗീകാരം നൽകിയിട്ടുണ്ട്.
ഇതനുസരിച്ച് കുവൈത്തിലെയും ഇന്ത്യയിലെയും വിമാനകമ്പനികൾക്ക് പ്രതിദിനം 500 സീറ്റുകൾ വീതമാണ് അനുവദിക്കുക. കുവൈത്തിൽ താമസാനുമതിയുള്ള ഇന്ത്യക്കാർ, ഇന്ത്യയിൽ കഴിയുന്ന കുവൈത്ത് പൗരന്മാർ എന്നിവർക്ക് കുവൈത്തിലേക്ക് മടങ്ങാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. ഇതേപോലെ മറ്റു രാജ്യങ്ങളുമായും ഇന്ത്യ കരാർ ഉണ്ടാക്കണമെന്നാണ് ആവശ്യമുയരുന്നത്.
സാധാരണ യാത്രവിമാനങ്ങൾ അനുവദിക്കുക എന്നതാണ് ശരിയായ പരിഹാരമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) ഭാരവാഹികൾ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രി, വിദേശകാര്യ സഹമന്ത്രി, നോർക്ക സി.ഇ.ഒ എന്നിവർക്ക് സംഘടന കഴിഞ്ഞ ദിവസം നിവേദനം നൽകിയിട്ടുണ്ട്. വിവിധ പ്രവാസി സംഘടനകളുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ സമ്മർദം ചെലുത്താനും ഗപാഖ് ആലോചിക്കുന്നുണ്ട്.
ഇതിനകം ഖത്തറിലേക്ക് മലയാളികളടക്കമുള്ള ആരോഗ്യപ്രവർത്തകർ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ, ഖത്തറിലേക്ക് വരുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളിലാണ് ഇവർക്ക് മടങ്ങാനായത്. വിദേശരാജ്യങ്ങളിലേക്കുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക് ഇന്ത്യൻ സർക്കാർ ആഗസ്റ്റ് 31 കഴിഞ്ഞാലും നീട്ടാനുള്ള സാധ്യതയുമുണ്ട്. കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികൾക്ക് വലിയ പ്രയാസമാണ് നിലവിലെ സാഹചര്യത്തിൽ സൃഷ്ടിക്കുന്നത്.
കോവിഡിന് തൊട്ടുമുമ്പ് നാട്ടിൽ പോയി അവിടെ കുടുങ്ങിയവരുടെ വിസ കാലാവധിയടക്കം തീർന്നിട്ടുണ്ട്. നിശ്ചിതകാലാവധിയിൽ വിസ തീർന്നവർക്കണ് പല ഗൾഫ് രാജ്യങ്ങളും ഇളവ് നൽകിയിരിക്കുന്നത്.
കോവിഡിന് മുമ്പ് പലരും എടുത്ത വിമാന ടിക്കറ്റുകൾ ഇതുവരെ വിമാനകമ്പനികൾ റീഫണ്ട് ചെയ്തിട്ടില്ല. പകരം ഒരു വർഷത്തിനകം യാത്ര ചെയ്യാനുള്ള അവസരം മാത്രമാണ് കമ്പനികൾ നൽകിയത്.
ഈ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളിലോ, വന്ദേഭാരത് മിഷൻ പ്രകാരമോ യാത്ര ചെയ്യുന്നവർക്ക് വീണ്ടും ടിക്കറ്റെടുക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ഇതിനാൽ, സാധാരണ യാത്രവിമാനങ്ങൾ എന്ന ആവശ്യമാണ് ഉയരുന്നത്.
മടങ്ങിവരാനുള്ള അനുമതി ഗൾഫ്രാജ്യങ്ങൾ നൽകിയതോടെ പ്രവാസികൾ തിരിച്ചെത്തിയില്ലെങ്കിൽ മലയാളികളടക്കമുള്ളവരുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതുവരെ കോവിഡ് പ്രതിസന്ധിയിൽ വിവിധ കമ്പനികളും ഇളവ് നൽകിയിരുന്നു. ഇന്ത്യക്കാരുടെ മടക്കം ൈവകിയാൽ അവരുടെ തൊഴിൽ ഒഴിവുകളിൽ മറ്റു രാജ്യക്കാർ കയറാനും സാധ്യത ഏറെയാണ്. കോവിഡ് പ്രതിസന്ധയിൽ പല ഗൾഫ് രാജ്യങ്ങളിലും സർക്കാർ സ്വകാര്യമേഖലയിൽ പരിച്ചുവിടൽ വ്യാപകമാണ്. മടങ്ങിയെത്തൽ വൈകുന്നതോടെയുള്ള തൊഴിൽ സാധ്യത അടയുന്ന പ്രശ്നം കൂടിയാണ് വരാൻപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.