പ്രവാചക ജീവിതം പഠിക്കാം; പ്രദർശനവുമായി ഔഖാഫ്
text_fieldsദോഹ: പ്രവാചകജീവിതം കൂടുതൽ അറിയാനും പഠിക്കാനും വിദ്യാഭ്യാസ പ്രദർശനവുമായി ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം. അൽ വഅബിലെ മതപ്രബോധന വകുപ്പിന്റെ വനിത വിഭാഗം പ്രവർത്തന കാര്യാലയത്തിലാണ് രണ്ടാഴ്ച നീളുന്ന പ്രദർശനം ആരംഭിച്ചിരിക്കുന്നത്. മന്ത്രാലയത്തിന് കീഴിലെ മതപ്രബോധന, മാർഗനിർദേശക വകുപ്പാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനിയുൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ചിത്രങ്ങൾ, പ്രവാചക ജീവചരിത്രത്തെക്കുറിച്ച ഹ്രസ്വ അവതരണങ്ങൾ, ഭൂപടങ്ങൾ, വ്യക്തികളെയും സമൂഹത്തെയും കുറിച്ച പ്രവാചകന്റെ പ്രധാന വചനങ്ങൾ എന്നിവ പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
പ്രവാചക തിരുചര്യയുടെ പ്രാധാന്യത്തെയും ഇസ്ലാമിക നിയമനിർമാണത്തിൽ അതിന്റെ പങ്കിനെയും കുറിച്ച് അവബോധം വർധിപ്പിക്കുകയും പ്രവാചക പദവിയെ പ്രകീർത്തിക്കുകയും ചര്യയെ നിലനിർത്തുകയുമാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രബോധക, മാർഗനിർദേശക വകുപ്പ് മേധാവി മലല്ലാഹ് അബ്ദുറഹ്മാൻ അൽ ജാബർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രദർശന കാലയളവിൽ പ്രവാചക വചനങ്ങളെ മനഃപാഠമാക്കാനും ജീവചരിത്രവും തിരുചര്യയും പരിചയപ്പെടുത്താനും യുവാക്കളെ പ്രേരിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങളും സെമിനാറുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളോടെ നവംബർ അഞ്ചുവരെ കാമ്പയിൻ തുടരും.
തിരുചര്യ ഉയർത്തിക്കാട്ടുക, പ്രവാചക സ്നേഹം വളർത്തുക, പ്രവാചക ചര്യയുടെ ആധികാരികതയും ഇസ്ലാമിക നിയമനിർമാണത്തിൽ അതിന്റെ സ്ഥാനവും വ്യക്തമാക്കുക തുടങ്ങിയവയാണ് പ്രദർശനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.