പഠിച്ചു നേടി ജോഷ്; സ്വർണ മെഡൽ സമ്മാനിച്ച് അമീർ
text_fieldsദോഹ: ഖത്തർ സർവകലാശാലയുടെ 47ാമത് ബിരുദദാന ചടങ്ങിൽ താരമായി മലയാളി വിദ്യാർഥി ജോഷ് ജോൺ ജിജി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ട് സ്വർണമെഡലുകൾ സമ്മാനിച്ചപ്പോൾ അവരിൽ ഒരാളായാണ് പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടം ഇട്ടിയംപറമ്പിൽ ജിജി ജോണിന്റെയും ഗീത ജിജിയുടയും മകൻ ജോഷും ഇടംപിടിച്ചത്.
ഖത്തർ യൂനിവേഴ്സിറ്റിയിൽ നിന്നും ബയോളജിക്കൽ എൻവയോൺമെന്റ് സയൻസിൽ മികച്ച വിജയത്തോടെയാണ് ജോഷ് ബിരുദം സ്വന്തമാക്കിയത്. സ്വദേശികളും, വിവിധ രാജ്യക്കാരും ഉൾപ്പെടെ ഉന്നതവിജയം നേടിയ ഏതാനും പേർക്ക് മാത്രമാണ് അമീർ നേരിട്ട് സ്വർണമെഡൽ സമ്മാനിക്കുന്നത്. അവരിൽ ഒരാളായതിന്റെ സന്തോഷത്തിലാണ് ജോഷ്.
റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചതിനു പിന്നാലെ ഏതാനും ദിവസം മുമ്പു തന്നെ ബിരുദദാന ചടങ്ങ് സംബന്ധിച്ച് വിവരം അറിയിച്ചിരുന്നതായി ജോഷ് പറഞ്ഞു. രണ്ടു തവണ ചടങ്ങിൽ റിഹേഴ്സലും പൂർത്തിയാക്കിയിരുന്നു. ഏറെ സ്നേഹിക്കുന്ന രാഷ്ട്രത്തലവനെ ആദ്യമായി നേരിൽ കാണാൻ കഴിഞ്ഞതിന്റെയും, മെഡൽ ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് കുടുംബം. നിലവിൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റായ ജോഷ്, ഉന്നത പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഡോ. ജോയൽ മേരി ജിജി സഹോദരിയാണ്.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷമാണ് ജോഷ് ഖത്തർ യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്. അൽ വഹ ഓട്ടോസ്പെയർപാർട്സ് എന്ന സ്ഥാപനത്തിൽ പ്രവർത്തിക്കുകയാണ് പിതാവ് ജിജി ജോണും അമ്മയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.