ഖത്തർ ലോകകപ്പിന്റെ ചരിത്ര വർത്തമാനവുമായി ലെഗസി പ്രദർശനം
text_fieldsദോഹ: ലോകം ഏറെ പ്രശംസിച്ച ഖത്തർ ലോകകപ്പ് ഫുട്ബാളിലേക്കുള്ള ചരിത്രയാത്രയും അനുഭവങ്ങളും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കായി ഇനിയെല്ലാം കൺമുന്നിലുണ്ട്. ‘ഖത്തർ 2022 ലോകകപ്പ്: യാത്രയും പൈതൃകവും’ എന്ന തലക്കെട്ടിൽ ഖത്തർ ആതിഥ്യം വഹിച്ച ലോകകപ്പിന്റെ ഓർമകളും ശേഷിപ്പുകളും അനാവരണം ചെയ്യുന്ന സ്ഥിരം പ്രദർശനത്തിന് ഖത്തർ നാഷനൽ ലൈബ്രറിയിൽ തുടക്കം കുറിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. സഹമന്ത്രിയും ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി, സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ പ്രദർശനം കാഴ്ചക്കാർക്കായി തുറന്നുനൽകി.
ലോകകപ്പ് ആതിഥേയത്വത്തിനായുള്ള ബിഡ് മുതൽ ടൂർണമെന്റ് അവസാനം വരെ മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായി ഖത്തർ ആതിഥ്യം വഹിച്ച ലോകകപ്പിന്റെ ചരിത്രം വിവരിക്കുന്നതാണ് പ്രദർശനം. വിപുലമായ ഡോക്യുമെന്റുകൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിൽനിന്ന് ലോകകപ്പിന്റെ സ്ഥിതിവിവരക്കണക്കുകൾ വേർതിരിക്കുന്നതിന് മൈക്രോസോഫ്റ്റുമായി സഹകരിച്ച് വികസിപ്പിച്ച നിർമിതബുദ്ധി സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
‘ഖത്തർ 2022’ ജനങ്ങളെ സ്വാധീനിച്ചതും എല്ലാ മേഖലകളിലും രാജ്യത്തിന്റെ വികസനത്തിൽ വഹിച്ച പങ്കുമെല്ലാം കാണുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവം ലൈബ്രറിയിൽ സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഡോ. ഹമദ് അൽ കുവാരി പറഞ്ഞു. ദേശീയ ലൈബ്രറി എന്ന നിലയിൽ രാജ്യത്തിന്റെ ചരിത്രത്തിന്റെ ആർക്കൈവിങ്, ഡോക്യുമെന്റേഷൻ എന്നിവയിൽ പ്രത്യേകം ശ്രദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഖത്തറിനും മുഴുവൻ മേഖലക്കും ഒരു നിർണായക നാഴികക്കല്ലായി എപ്പോഴും സ്മരിക്കപ്പെടും. മഹത്തായ സംഭവത്തിന്റെ സ്മരണിക പ്രദർശിപ്പിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അൽ കുവാരി കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾക്കും, വിവിധ സ്കൂളുകളിൽനിന്നും സർവകലാശാലകളിൽനിന്നും സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്കും വിവരങ്ങൾ തിരയാനുള്ള സൗകര്യം അധികൃതർ ഉറപ്പാക്കും. പ്രദർശനം ഖത്തറിന്റെ ചരിത്രത്തിലെ പ്രധാന ഏടിനെയാണ് അടയാളപ്പെടുത്തുന്നതെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. ഭാവി തലമുറകൾക്ക് ലോകകപ്പിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമായിരിക്കും ഇത് നൽകുക.
നമ്മുടെ രാജ്യത്തെ പദ്ധതികൾ വേഗത്തിലാക്കാനും ഖത്തറിന്റെയും മേഖലയുടെയും സാധ്യതകൾ പ്രകടിപ്പിക്കാനും സംസ്കാരത്തെ പ്രകടമാക്കാനും ലോകകപ്പ് അവസരം നൽകിയെന്ന് തവാദി പറഞ്ഞു. ഖത്തർ ഫൗണ്ടേഷന്റെ എജുക്കേഷൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറിയുടെ ദി ബ്രിഡ്ജിൽ ആണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.