കളിമണ്ണിലേക്ക് ഇതിഹാസങ്ങളെത്തുന്നു
text_fieldsദോഹ: ഒരുകാലത്ത് കാൽപന്ത് മൈതാനങ്ങളെ ആവേശംകൊള്ളിച്ച ബൂട്ടുകൾ വീണ്ടും ഖത്തറിന്റെ മണ്ണിൽ മാന്ത്രിക സ്പർശവുമായെത്തുന്നു. രണ്ടു വർഷം മുമ്പ് ലോകകപ്പ് ഫുട്ബാളിന്റെ ഹരം പെയ്തൊഴിഞ്ഞ മണ്ണിലാണ് ആ ഓർമകൾക്കിടെ ഇതിഹാസങ്ങളെല്ലാം വീണ്ടുമെത്തുന്നത്.
നവംബർ 28ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലെജൻഡ്സ് എൽ ക്ലാസിക്കോയിൽ റയൽ മഡ്രിഡിന്റെയും ബാഴ്സലോണയുടെയും കഴിഞ്ഞ പതിറ്റാണ്ടുകളിലെ സൂപ്പർതാരങ്ങൾ അണിനിരക്കുമ്പോൾ ആരാധകർക്കിത് ഫുട്ബാൾ ഓർമകളുടെ വസന്തകാലം.
ഒരേ സമയം ക്ലബ് കുപ്പായത്തിലും ദേശീയ ടീമുകളിലുമായി മിന്നും പ്രകടനങ്ങളും കിരീടനേട്ടങ്ങളുമായി ഫുട്ബാളിൽ വീരചരിതം രചിച്ചവരാണ് നീണ്ട ഇടവേളകൾക്കുശേഷം തങ്ങളുടെ പ്രിയപ്പെട്ട കുപ്പായത്തിൽ വീണ്ടുമൊന്നിക്കുന്നത്.
മധ്യപൂർവേഷ്യയിലെ ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അങ്കത്തിന്റെ ടിക്കറ്റ് വിൽപന തകൃതിയായി പുരോഗമിക്കുമ്പോഴും ഇതിഹാസ താരങ്ങളുടെ മുഴുവൻ പട്ടിക സംഘാടകർ പുറത്തു വിട്ടിട്ടില്ല. ആരാധകർക്ക് ആവേശം നിറഞ്ഞ സർപ്രൈസുകൾ ഒളിപ്പിച്ച് ഘട്ടംഘട്ടമായാണ് സംഘാടകർ താരപ്പട്ടിക പുറത്തുവിടുന്നത്.
കളിയഴകും, നായക മികവും, ഗോളടിയുമായി ഒരു കാലഘട്ടത്തെ തന്നെ ത്രസിപ്പിച്ച താരങ്ങളാണ് ഇരു നിരയിലുമായി അടുത്തയാഴ്ച ഖത്തറിന്റെ മണ്ണിൽ പന്തുതട്ടുന്നത്.
റയൽ മഡ്രിഡിന്റെ ഇതിഹാസങ്ങളായ ഗോൾ കീപ്പർ ഐകർ കസിയസ്, ലൂയി ഫിഗോ, ക്ലാരൻസ് സീഡോഫ് എന്നിവരും, ബാഴ്സലോണ നിരയിൽ റൊണാൾഡീന്യോ, ഡേവിഡ് വിയ്യ, പാട്രിക് ൈക്ലവർട്ട്, റിവാൾഡോ എന്നിവരുമാണ് നിലവിൽ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട ലെജൻഡ്സ് താരങ്ങൾ.
നവംബർ 28ന് രാത്രി ഏഴിനാണ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കും. വിസിറ്റ് ഖത്തർ ആതിഥ്യമൊരുക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപനയും സജീവമാണ്. 100, 200 റിയാൽ ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. 500 റിയാലിന്റെ കാറ്റഗറി ടിക്കറ്റുകൾ ലഭ്യമാണ്.
നൂറ്റാണ്ടിന്റെ റൈവൽറി
സ്പാനിഷ് ഫുട്ബാളിലും യൂറോപ്യൻ ക്ലബ് ലീഗുകളിലുമായി ഏറ്റവും വലിയ ക്ലബ് റൈവൽറിയാണ് ബാഴ്സലോണയുടെയും റയൽ മഡ്രിഡിന്റെയും പോരാട്ടമായ ‘എൽ ക്ലാസികോ’. സ്പെയിനിലെ അൽഫോൺസോ 13ാമൻ രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി 1902 മേയ് മാസത്തിൽ നടന്ന ‘കോപ ഡി ലാ കൊറോനാസിയോൻ’ എന്ന ടൂർണമെന്റോടെയായിരുന്നു ലോക ഫുട്ബാളിൽ ഇന്ന് ഏറ്റവും ഏറെ ആരാധകരുള്ള ‘എൽ ക്ലാസിക്കോ’ അരങ്ങേറ്റം.
സ്പെയിനിലെ മുൻനിര ക്ലബുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ സെമി ഫൈനലിൽ ബാഴ്സലോണയും മഡ്രിഡ് എഫ്.സിയും കൊമ്പുകോർത്തതോടെ ഒരു ഫുട്ബാൾ റൈവൽറിക്ക് തുടക്കം കുറിക്കുകയായിരുന്നു. ആദ്യ ഏറ്റുമുട്ടലിൽ 3-1ന് ബാഴ്സലോണ ജയിച്ചത് ചരിത്രമായി.
നിലവിലെ കോപ ഡെൽ റെ എന്ന സ്പാനിഷ് ക്ലബ് ടൂർണമെന്റിന്റെ പ്രഥമ ചാമ്പ്യൻഷിപ്പായാണ് ‘കോപ ഡി ലാ കൊറോനാസിയോൻ’ നടന്നത്. അടുത്ത വർഷം മുതൽ ഇത് കോപ ഡെൽ റെ ആയി സജീവ ഫുട്ബാൾ മേളയായി മാറി.
അധികം വൈകാതെ ബാഴ്സലോണ സ്പെയിനിന്റെ കാറ്റലോണിയൻ വാദക്കാരുടെ അടയാളമായി മാറിയപ്പോൾ, റയൽ മഡ്രിഡ് സ്പാനിഷ് ദേശീയതയുടെ പ്രതീകവുമായി. ഇതോടെ, എൽ ക്ലാസിക്കോയുടെ വൈരം കളിക്കുപരി രാഷ്ട്രീയവുമായി മാറിയത് ചരിത്രം.
ക്ലബ് പോരാട്ടത്തിനൊപ്പം ഇരുക്ലബുകളിലെ സൂപ്പർതാരങ്ങളുടെ റൈവൽറിയും ആരാധകർ ഏറ്റെടുത്തു ലസ്ലോ കുബാല-ആൽഫ്രഡോ ഡിസ്റ്റിഫാനോ ആയിരുന്നു ആദ്യ താരപ്പോര്. പിന്നെ അത് ക്രിസ്റ്റ്യാനോ റൊണാൾഡോ-മെസ്സി പോര് വരെ തുടർന്നു.
ക്ലബ് ഫുട്ബാളിൽ നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ റൈവൽറിയുടെ സൗഹൃദ അങ്കത്തിനാണ് വിരമിച്ച താരങ്ങളുമായി ലെജൻഡ്സ് എൽ ക്ലാസിക്കോക്ക് ദോഹ വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.