ലെജൻഡ്സ് ക്രിക്കറ്റ്; മഹാരാജാസ് നിലംപൊത്തി
text_fieldsദോഹ: അയൽക്കാരെല്ലാംകൂടി ചേർന്ന് വരിഞ്ഞുമുറുക്കിയപ്പോൾ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്റെ ഫൈനലിലെത്താതെ ഇന്ത്യാ മഹാരാജാസ് വീണു.
ഫൈനലിസ്റ്റുകളെ നിർണയിക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ഏഷ്യ ലയൺസ് 85 റൺസ് ജയവുമായി ഇന്ത്യയെ പിന്തള്ളി കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ആദ്യം ബാറ്റുചെയ്ത ഏഷ്യ ലയൺസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മഹാരാജാസ് 106 റൺസിന് പുറത്തായി. 16.4 ഓവറിൽ ടീം ഓൾ ഔട്ടായി മടങ്ങുകയായിരുന്നു.
തിങ്കളാഴ്ച ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാവുന്ന ഫൈനൽ മത്സരത്തിൽ ക്രിസ് ഗെയ്ലും ആരോൺ ഫിഞ്ചും ഷെയ്ൻ വാട്സനുമെല്ലാം അണിനിരക്കുന്ന വേൾഡ് ജയന്റ്സിനെ നേരിടും.
ശ്രീലങ്കക്കാരായ ഓപണർമാർ ഉപുൽ തരംഗ (50), തിലകരത്ന ദിൽഷ (27), പാകിസ്താന്റെ മുഹമ്മദ് ഹഫീസ് (38), അഫ്ഗാൻ താരം അസ്ഗർ അഫ്ഗാൻ (34 നോട്ടൗട്ട്) എന്നിവരെല്ലാം ചേർന്നാണ് ഏഷ്യ ലയൺസിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ടൂർണമെന്റിൽ ഒരു ജയം മാത്രമുള്ള ഇന്ത്യക്കെതിരെ മികച്ച ടോട്ടൽ കൂടിയായിരുന്നു ഇത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണർ റോബിൻ ഉത്തപ്പയും (15), ഗൗതം ഗംഭീറും (32) ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ, പാക്, ശ്രീലങ്ക, അഫ്ഗാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളിലെ താരങ്ങളെല്ലാം ഒരു ടീമിലൊന്നിച്ച് തന്ത്രം മെനഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റിങ് തകർന്നു തുടങ്ങി. 47 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യ പിന്നീട് വീണു തുടങ്ങി.
ശേഷിച്ച 59 റൺസിനിടെ പത്ത് വിക്കറ്റും നിലംപൊത്തി. സുഹൈൽ തൻവീർ, അബ്ദുറസാഖ്, മുഹമ്മദ് ഹഫീസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഉപുൽ തരംഗയെ ഉജ്ജ്വലമായ ഡൈവിങ് ക്യാച്ചിലൂടെ മടക്കിയ മുഹമ്മദ് കൈഫിന്റെ കളിമികവ് മങ്ങിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയ നിമിഷമായിരുന്നു മത്സരത്തിൽ ശ്രദ്ധേയമായത്.
എന്നാൽ, ബാറ്റിങ്ങിൽ ആരും തിളങ്ങിയില്ല. കൈഫ് (14), സുരേഷ് റെയ്ന (18), യൂസുഫ് പഠാൻ (9), ഇർഫാൻ പഠാൻ (3), മൻവിന്ദർ ബിസ്ല (8) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.