ഇന്ന് ലെജൻഡ്സ് എൽ ക്ലാസികോ
text_fieldsദോഹ: കാൽപന്തിലെ വലിയ പെരുന്നാളുകൾക്ക് സാക്ഷിയായ ഖത്തറിന്റെ മണ്ണിൽ ഇന്ന് ഇതിഹാസങ്ങളുടെ കളിയഴക് പ്രദർശിപ്പിക്കുന്ന ദിനം. ലയണൽ മെസ്സിയും ക്രിസ്റ്റ്യോനാ റൊണാൾഡോയും നെയ്മറും എംബാപ്പെയും ഉൾപ്പെടെ സമകാലിക ഫുട്ബാളിലെ സൂപ്പർതാരങ്ങൾ മാറ്റുരച്ച മണ്ണിൽ പതിറ്റാണ്ടുകൾക്കുമുമ്പ് കളിമൈതാനങ്ങളെ ത്രസിപ്പിച്ച സൂപ്പർ താരങ്ങളാണ് ബൂട്ടുകെട്ടുന്നത്.
വിസിറ്റ് ഖത്തർ നേതൃത്വത്തിൽ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് ലെജൻഡ്സ് എൽ ക്ലാസികോയിൽ വമ്പൻ താരങ്ങൾ ബൂട്ടുകെട്ടുന്നത്. കരിയില പൊഴിയും അഴകോടെ പന്തിനെ വലയിലേക്ക് പറത്തിയ ബാഴ്സലോണയുടെ ബ്രസീലിയൻ ഇതിഹാസം റൊണാൾഡീന്യോ മുതൽ മരണ വക്കിൽ നിന്നും തിരികെയെത്തി മൈതാനത്ത് അത്ഭുതങ്ങൾ കുറിച്ച ബാഴ്സയുടെ ഫ്രഞ്ച് താരം എറിക് അബിദാൽ വരെ ഇതിഹാസങ്ങൾ പന്തുമായി കളത്തിലിറങ്ങും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ബാഴ്സക്കും റയലിനുമായി കളിച്ച ശേഷം പ്രഫഷനൽ ഫുട്ബാളിനോട് വിടപറഞ്ഞ താരങ്ങളാണ് ലെജൻഡ്സ് എൽ ക്ലാസികോയിൽ ബൂട്ടുകെട്ടുന്നത്.
ഇരു ടീമുകളിലുമായി കളിക്കുന്ന താരങ്ങളുടെ പേരു വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സംഘാടകർ വെളിപ്പെടുത്തിയിരുന്നു. റയൽ മഡ്രിഡിന്റെ ഇതിഹാസങ്ങളായ ഗോൾ കീപ്പർ ഐകർ കസിയസ്, ലൂയി ഫിഗോ, ക്ലാരനസ് സീഡോഫ്, ബാഴ്സലോണ നിരയിൽ റൊണാൾഡീന്യോ, ഡേവിഡ് വിയ്യ, പാട്രിക് ക്ലുവർട്, റിവാൾഡോ എന്നിവർ ബൂട്ടുകെട്ടും. രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിന് ടിക്കറ്റുള്ള ആരാധകർക്ക് ദോഹ മെട്രോ ഉപയോഗിച്ച് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എത്താവുന്നതാണ്.
ചുവടുവെക്കാൻ ഗെറ്റോ കിഡ്സും
ദോഹ: ലോകകപ്പ് ഫുട്ബാൾ മുതൽ ഖത്തറിലെ വേദികളിൽ പരിചിതമായ ഉഗാണ്ടയിൽ നിന്നുള്ള കുട്ടികളുടെ നൃത്തസംഘം ‘ഗെറ്റോ കിഡ്സ്’ ലെജൻഡ്സ് എൽ ക്ലാസികോ വേദിയിലുമെത്തുന്നു. വിസിറ്റ് ഖത്തറിന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ ദിവസം തന്നെ ദോഹയിലെത്തിയ സംഘത്തിന്റെ പ്രകടനങ്ങൾ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു.
നേരത്തെ ലോകകപ്പ് ഫുട്ബാളിന്റെ പ്രചാരണ പരിപാടികളിലും ലോകകപ്പ് വേളയിലുമെല്ലാം ഗെറ്റോ കിഡ്സ് ഖത്തറിലെ പ്രത്യേക അതിഥികളായെത്തിയിരുന്നു. നിരവധി ആൽബങ്ങളിലൂടെയും സമൂഹ മാധ്യമ റീലുകളിലെ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയരായ കുട്ടിപ്പട, ലോകകപ്പിന്റെ ‘ഹയ്യാ.. ഹയ്യാ..’ ഗാനത്തിന് ചുവടുവെച്ചാണ് വീണ്ടും ആഗോള ശ്രദ്ധ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.