ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്; വീണ്ടും തോറ്റ് ഇന്ത്യ മഹാരാജാസ്
text_fieldsദോഹ: ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ രണ്ടാം അങ്കത്തിലും ഇന്ത്യ മഹാരാജാസിന് തോൽവി. വേൾഡ് ജയന്റ്സിനെതിരായ മത്സരത്തിൽ രണ്ടു റൺസിനായിരുന്നു തോറ്റത്. ആദ്യം ബാറ്റുചെയ്ത വേൾഡ് ജയന്റ്സ് നായകൻ ആരോൺ ഫിഞ്ചിന്റെയും (53), ഷെയ്ൻ വാട്സണിന്റെയും (55) അർധ സെഞ്ച്വറി മികവിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164ൽ ഒതുങ്ങി.
നായകൻ ഗൗതം ഗംഭീർ തുടർച്ചയായി രണ്ടാം അർധസെഞ്ച്വറിയുമായി (42 പന്തിൽ 68 റൺസ്) ടീമിനെ മുന്നിൽനിന്ന് നയിച്ചപ്പോൾ കളി ഇന്ത്യയുടെ വഴിയിലായിരുന്നു. എന്നാൽ, അവസാന ഓവറുകളിൽ റൺസ് വിട്ടുനൽകാതെ പന്തെറിഞ്ഞ വേൾഡ് ജയന്റ്സ് കളി തങ്ങളുടെ വരുതിയിലാക്കി. യൂസുഫ് പഠാനും (7), സ്റ്റുവർട്ട് ബിന്നിയും (2) വിജയം പടിവാതിൽക്കൽ നിൽക്കെ കളി കൈവിട്ടു.
തുടർച്ചയായി രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയതോടെ ഇന്ത്യ മഹാരാജാസിന്റെ ഫൈനൽ പ്രവേശനം കടുത്തതായി.
റോബിൻ ഉത്തപ്പ (29), മുരളി വിജയ് (11 റിട്ട. ഹർട്), മുഹമ്മദ് കൈഫ് (21 നോട്ടൗട്ട്), സുരേഷ് റെയ്ന (19) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം ദിനവും ഗാലറി സമ്പന്നമായിരുന്നു. ക്രിസ് ഗെയ്ൽ, ജാക് കാലിസ് ഉൾപ്പെടെ ഇതിഹാസ താരങ്ങൾക്കും ഇന്ത്യൻ താരങ്ങൾക്കും പിന്തുണയുമായി ഗാലറിയും സജീവമായിരുന്നു. ഗെയ്ൽ (4), കാലിസ് (8), റോസ് ടെയ്ലർ (1) എന്നിങ്ങനെയായിരുന്നു വേൾഡ് ജയന്റ്സ് ബാറ്റിങ് നിരയുടെ സംഭാവന. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഞായറാഴ്ച വിശ്രമദിനമാണ്. തിങ്കളാഴ്ചയാണ് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.