ലെജൻഡ്സ് ലീഗ്; സിക്സർ മഹാരാജാസ്...
text_fieldsദോഹ: ആദ്യ രണ്ട് കളിയിലും തലനാരിഴ അകലെ കൈവിട്ട വിജയം തകർപ്പനടികളോടെ തിരിച്ചുപിടിച്ച് ഇന്ത്യ മഹാരാജാസ്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ വിജയം അനിവാര്യമായ മത്സരത്തിൽ ഏഷ്യ ലയൺസിനെതിരെ പത്തു വിക്കറ്റ് ജയം നേടി ഗംഭീറും സംഘവും തിരിച്ചെത്തി. 39 പന്തിൽ 88 റൺസുമായി റോബിൻ ഉത്തപ്പയും 36 പന്തിൽ 61 റൺസുമായി ഗൗതം ഗംഭീറും ആഞ്ഞുവീശിയപ്പോൾ ഏഷ്യയുടെ വിജയക്കുതിപ്പിന് അവസാനമായി.
ഏഷ്യൻ ടൗൺ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഏഷ്യ ലയൺസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. ഓപണർമാരായ ഉപുൽ തരംഗയും (69), തിലകരത്ന ദിൽഷനും (32) നടത്തിയ വെടിക്കെട്ടായിരുന്നു ടീമിനെ മികച്ച നിലയിലെത്തിച്ചത്. മുഹമ്മദ് ഹഫീസ് (2), മിസ്ബാഹുൽ ഹഖ് (0) എന്നിവർ നിരാശപ്പെടുത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഉത്തപ്പയും ഗംഭീറും അനായാസ വിജയത്തിലേക്ക് നയിച്ചു. സിക്സും ബൗണ്ടറിയും പറത്തിയായിരുന്നു ഇവരുടെ കുതിപ്പ്. ഒമ്പതാം ഓവർ എറിഞ്ഞ മുഹമ്മദ് ഹഫീസിനെ മൂന്ന് സിക്സർ ഉൾപ്പെടെ പറത്തിയ ഉത്തപ്പ അഞ്ചു തവണയാണ് പന്ത് ഗാലറിയിലെത്തിച്ചത്. 11 ബൗണ്ടറിയും കുറിച്ചു. ഗൗതം ഗംഭീർ 12 ബൗണ്ടറിയുമായി കളം വാണു. 12.3 ഓവറിൽ ലക്ഷ്യ നേടുമ്പോൾ 45 പന്ത് ഇനിയും ബാക്കിയുണ്ടായിരുന്നു. ബുധനാഴ്ച ഇന്ത്യ മഹാരാജാസും വേൾഡ് ജയന്റ്സും തമ്മിലാണ് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.