മക്കൾ പഠിച്ചുവളരട്ടെ...
text_fieldsദോഹ: ഇടവേളക്കുശേഷം പ്രീയപ്പെട്ട കൂട്ടുകാരെയും അധ്യാപകരെയും വീണ്ടും കണ്ടതിന്റെ സന്തോഷം. കളിയും യാത്രകളും പ്രീയപ്പെട്ടവർക്കുമൊപ്പമുള്ള ആഘോഷകാലത്തിന് അവധി നൽകി, വീണ്ടും പഠനത്തിരക്കുകളിലേക്ക് തിരികെയെത്തുന്നതിന്റെ ആവേശം.
രണ്ടു മാസത്തെ വേനലവധിയും കഴിഞ്ഞ് ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ സ്കൂളുകളും ഞായറാഴ്ചയോടെ പഠനത്തിരക്കിലേക്ക് സജീവമായി. ഖത്തറിൽ സ്കൂളുകളും കിന്റർ ഗാർട്ടനുകളും ഉൾപ്പെടെ ആയിരത്തോളം കലാലയങ്ങളിലേക്കായി 3.78 ലക്ഷം വിദ്യാർഥികൾ സെപ്റ്റംബർ ഒന്നോടെ സ്കൂളുകളിലേക്ക് തിരികെയെത്തി.
സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കമായിരുന്നു ഞായറാഴ്ചയെങ്കിൽ, ഇന്ത്യൻ സ്കൂളുകളിൽ അധ്യയന വർഷത്തിനിടയിലാണ് അവധിയും കഴിഞ്ഞ് ക്ലാസുകൾ ആരംഭിച്ചത്. എങ്കിലും, ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലാതെ സ്കൂളുകൾ വിദ്യാർഥികളെ വരവേറ്റു.
കെ.ജി, ജൂനിയർ ക്ലാസുകളിലെ വിദ്യാർഥികളെ സമ്മാനങ്ങളും മധുരവും കളികളുമായി അധ്യാപകരും, സ്കൂൾ ജീവനക്കാരും സ്വാഗതം ചെയ്തു. എം.ഇ.എസ് ഇന്ത്യൻ സ്കൂളുകൾ, നോബ്ൾ ഇന്റർനാഷനൽ സ്കൂളുകൾ, പൊഡാർ പേൾ, ഭവൻസ്, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ, ഒലീവ് ഇന്റർനാഷനൽ, ബി.പി.എസ്, ഡി.പി.എസ് തുടങ്ങി ഇന്ത്യൻ സ്കൂളുകളിലെല്ലാം പ്രവേശന ദിനത്തിൽ വിവിധ സ്വാഗതപരിപാടികൾ ക്രമീകരിച്ചിരുന്നു.
നോബിൾ സ്കൂളിൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽസ്, ഹെഡ് ഓഫ് സെക്ഷൻസ്, അധ്യാപകർ എന്നിവർ വിദ്യാർഥികൾക്ക് സ്വാഗതമേകി.
കനത്ത ചൂടിന്റെ വെല്ലുവിളിയിൽ എല്ലാ സ്കൂളുകളിലും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്കൂൾ ആരോഗ്യ വിഭാഗവും ജീവനക്കാരും ജാഗ്രത പുലർത്തി.
ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പി.എച്ച്.സി.സി എന്നിവയും ഇക്കാര്യത്തിൽ മുൻകരുതൽ നിർദേശങ്ങൾ നൽകിയിരുന്നു. സെപ്റ്റംബർ പിറന്നതോടെ വരും ദിവസങ്ങളിൽ ചൂട് കുറഞ്ഞു തുടങ്ങുമെന്ന ആശ്വാസത്തിലാണ് വിദ്യാലയങ്ങൾ.
സ്കൂൾ ബസുകളും, സ്കൂളുകളിലേക്കുള്ള വിദ്യാർഥികളുമായി രക്ഷിതാക്കളും നിരത്തിലിറങ്ങിയതോടെ അതി രാവിലെ റോഡുകളിലും തിരക്കേറി. എന്നാൽ, സ്കൂൾ പരിസരങ്ങൾ, ഇന്റർസെക്ഷൻ, സിഗ്നലുകൾ തുടങ്ങി എല്ലാ ദിക്കിലും സൂക്ഷ്മ നിരീക്ഷണമൊരുക്കി ട്രാഫിക് വിഭാഗവും സജീവമായിരുന്നു.
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികൾക്ക് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിജയാശംസകൾ നേർന്നു. സർക്കാർ പ്രൈമറി സ്കൂളുകളിൽ ആദ്യ രണ്ടു ദിനങ്ങളിൽ രാവിലെ ഏഴ് മുതൽ 11വരെയാണ് ക്ലാസുകൾ. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴിന് തുടങ്ങി 12.45 വരെയും വ്യാഴാഴ്ച 12.30 വരെയുമാണ് ക്ലാസുകൾ.
303 സർക്കാർ സ്കൂളുകളിലായി 1.36 ലക്ഷം വിദ്യാർഥികളാണ് ക്ലാസുകളിൽ തിരികെയെത്തിയത്. സ്വകാര്യ സ്കൂളുകളിൽ 2.41 ലക്ഷം വിദ്യാർഥികളും എത്തി. ഇത്തവണ സ്വകാര്യ സ്കൂളുകളും കിന്റർ ഗാർട്ടനും ഉൾപ്പെടെ 13 പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
സ്കൂൾ ഗതാഗതത്തിനായും കാര്യക്ഷമമായ സംവിധാനങ്ങളാണ് ഒരുക്കിയത്. 2353 സ്കൂൾ ബസുകളാണ് ഇത്തവണ സർവിസിനുള്ളത്. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ യാത്രക്കും സംവിധാനങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.