വേനൽ വിനോദകാലമാക്കാം; കുട്ടികളെ വരവേറ്റ് ഖത്തർ മ്യൂസിയം
text_fieldsദോഹ: വേനലവധിക്കാലത്ത് ഒഴിവുസമയങ്ങൾ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കാൻ കുട്ടികൾക്ക് വൈവിധ്യമാർന്ന പരിപാടികളുമായി ഖത്തർ മ്യൂസിയം. കുട്ടികൾക്ക് അവധിക്കാലത്ത് മികച്ച അനുഭവങ്ങൾ നൽകി സർഗാത്മകതയും അറിവും വളർത്താനും, വിനോദത്തിനുള്ള അവസരം നൽകിയും ഖത്തർ മ്യൂസിയത്തിനു കീഴിലെ അഞ്ചു മ്യൂസിയങ്ങളും ഈയിടെ തുറന്ന എ.ഐ ഡിജിറ്റൽ സെന്ററും പരിപാടികളുടെ ഭാഗമാകും. അനൗപചാരിക വിദ്യാഭ്യാസത്തെ പിന്തുണക്കുന്നതിനുള്ള ഖത്തർ മ്യൂസിയത്തിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം വേനൽക്കാല പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇസ്ലാമിക് ആർട്ട് മ്യൂസിയം
പ്രധാന മ്യൂസിയങ്ങളിലൊന്നായ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ ജലത്തിന്റെ സ്വാധീനം അടുത്തറിയുകയെന്ന തലക്കെട്ടിൽ എട്ടു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക പരിപാടി സംഘടിപ്പിക്കും.വൈവിധ്യമാർന്ന ശിൽപശാലകളും ലൈബ്രറി സെഷനുകളും ഉൾപ്പെടുന്ന പരിപാടികൾ കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ നിർണായക പങ്കുവഹിക്കും. കുട്ടികളുടെ ആരോഗ്യ ക്ഷേമത്തിൽ ജലത്തിന്റെ പങ്ക് വ്യക്തമാക്കുന്നതോടൊപ്പം ആരോഗ്യത്തെയും ക്ഷേമത്തെയുംകുറിച്ച് വ്യക്തമായ ധാരണ വിദ്യാർഥികളിലേക്ക് പകർന്നുനൽകാനും പരിപാടിക്ക് സാധിക്കും.
ഖത്തർ നാഷനൽ മ്യൂസിയം
‘ചിന്തകൾക്ക് നിറം പകരുക’ എന്ന തലക്കെട്ടിൽ എട്ടു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് കലയിലൂടെയും സർഗാത്മക പ്രവർത്തനങ്ങളിലൂടെയും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഖത്തർ നാഷനൽ മ്യൂസിയം ഒരുക്കുന്നത്.ആശയവിനിമയത്തിനുള്ള മാർഗമെന്ന നിലയിൽ കലയുടെ സ്വാധീനം അനുഭവിച്ചറിയാൻ അനുവദിക്കുന്ന പരിപാടിക്ക് മ്യൂസിയത്തിന്റെ താൽക്കാലിക പ്രദർശനങ്ങളിലൂടെയുള്ള പര്യടനത്തോടെ തുടക്കംകുറിക്കും. അറബി പദങ്ങളുടെ വ്യത്യസ്ത അർഥങ്ങളെക്കുറിച്ച ഗ്രൂപ് ചർച്ചകളും കല മാധ്യമമാക്കി കുട്ടികളെയും ചുറ്റുപാടുകളെയും പ്രതിനിധാനംചെയ്യുന്ന വ്യത്യസ്ത പരിപാടികളും നടക്കും. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് പരിപാടി നടക്കുക.
മത്ഹഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്
എട്ടു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി ബുക്ക് മേക്കിങ് ആൻഡ് മിക്സഡ് മീഡിയ വർക്ക്ഷോപ്പാണ് മത്ഹഫ് ഒരുക്കുന്നത്.വിവിധ പ്രദർശനങ്ങളിൽനിന്ന് വ്യത്യസ്ത കലാമാധ്യമങ്ങളെ അറിയാനുള്ള അവസരമാണ് മ്യൂസിയം വാഗ്ദാനം ചെയ്യുന്നത്. ഹ്യൂഗെറ്റ് കലണ്ടറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു മിക്സഡ് മീഡിയ ശിൽപശാലയും എറ്റെൽ അദ്നാന്റെ പുസ്തകനിർമാണ ശിൽപശാലയും പരിപാടിയിൽ ഉൾപ്പെടുന്നു. മത്ഹഫിന്റെ സ്ഥിരവും താൽക്കാലികവുമായ ശേഖരങ്ങളിലെ കലാസൃഷ്ടികളുമായി ബന്ധപ്പെട്ടാണ് രണ്ടു പരിപാടികളും.
ദാദൂ ചിൽഡ്രൻസ് മ്യൂസിയം
ആരോഗ്യം, ക്ഷേമം, പരിസ്ഥിതി എന്നിവ കേന്ദ്രീകരിച്ച് ഖത്തർ ഒളിമ്പിക് സ്പോർട്സ് മ്യൂസിയത്തിൽ ഒരാഴ്ച നീളുന്ന വേനൽക്കാല പരിപാടികളാണ് ദാദൂ ചിൽഡ്രൻസ് മ്യൂസിയം കുട്ടികൾക്കായി സംഘടിപ്പിക്കുന്നത്.എട്ടിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി എല്ലാ ദിവസവും വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളും പരിസ്ഥിതിയുടെ പ്രാധാന്യവും മൂല്യവും കുട്ടികളിൽ പഠിപ്പിക്കുന്നതിനായി ‘മിനി ചലഞ്ചുകളും’ അവതരിപ്പിക്കും.
ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം (ക്യു.ഒ.എസ്.എം)
‘ഒളിമ്പിക്സും മാനസികാരോഗ്യവും’ വിഷയത്തിൽ ശ്രദ്ധയൂന്നി കുട്ടികൾക്ക് അവരുടെ വ്യക്തിഗത കഴിവുകൾ കണ്ടെത്താനും ആവശ്യമായ കഴിവുകൾ വികസിപ്പിക്കാനും അനുവദിക്കുന്ന വൈവിധ്യമാർന്ന ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അവസരമാണ് ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം വാഗ്ദാനം ചെയ്യുന്നത്.
ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ, വൈകാരിക അവബോധം വർധിപ്പിക്കുക, സ്പോർട്സ്, ഒളിമ്പിക് ഗെയിംസ്, ലോക പ്രശസ്ത കായികതാരങ്ങൾ എന്നിവയുടെ ചരിത്രം, ഗോൾഡൻ മെഡൽ ഹണ്ട്, വിനോദം, ശാരീരിക ക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട് പഠിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരം നൽകുന്ന പരിപാടിയാണിത്. കൂടാതെ, ഖത്തർ ഹോക്കി ഫെഡറേഷനുമായി സഹകരിച്ച് ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകളും ഇതോടൊപ്പമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.